തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന്റെ പേരിൽ വായ്പാ തട്ടിപ്പ് നടത്തിയത് വൻ സംഘം. പ്രതികളിൽ ഒരാൾ അറസ്റ്റിലായത് നിർണ്ണായകമാകും. കേസിലെ മൂന്നാം പ്രതി മുരുക്കുംപുഴ സ്വദേശി പൂജപ്പുര വിജയമോഹിനി മില്ലിനു സമീപം താമസിക്കുന്ന രാജില രാജൻ (അനു 33) ആണ് അറസ്റ്റിലായത്. കോർപറേഷൻ ജീവനക്കാരിയെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ അനുവിനെ ഫോർട്ട് സിഐ വി.ഷിബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളുടെ സ്വയം തൊഴിൽ സംഘങ്ങൾക്കായി കോർപറേഷൻ നൽകുന്ന വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിലൂടെ നേടിയ 35 ലക്ഷത്തിൽ 18 ലക്ഷം രൂപ അനുവിന്റെ അക്കൗണ്ടിലെത്തി. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 5 ലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 3.75 ലക്ഷം രൂപ കോർപറേഷൻ സബ്സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകർ തിരിച്ചടയ്ക്കണം. നാലുപേർ ചേർന്ന് രൂപവൽക്കരിക്കുന്ന ഗ്രൂപ്പിനാണ് തുക നൽകുന്നത്.

ഇത്തരത്തിൽ ഏഴു ഗ്രൂപ്പാണുണ്ടായിരുന്നത്. നേരത്തെ ഒപ്പിട്ടു വാങ്ങിയ മുദ്ര പത്രത്തിൽ സമ്മതപത്രം എഴുതിച്ചേർത്ത് വായ്പാ തുക മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയെടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചതോടെയാണ് വീട്ടമ്മമാർ തട്ടിപ്പ് മനസ്സിലാക്കിയത്. നേരത്തെ പിന്നോക്കക്കാർക്കുള്ള ഫണ്ടും ഇത്തരത്തിൽ തട്ടിപ്പ് നടന്നിരുന്നു. എന്നാൽ അന്വേഷണം ശരിയായ രീതിയിൽ മുമ്പോട്ടും പോയില്ല. ഇതിനിടെയാണ് മറ്റൊരു തട്ടിപ്പും കോർപ്പറേഷന്റെ പേരിൽ നടക്കുന്നത്.

തിരുവനന്തപുരം കോർപറേഷൻ ചെറിയതുറയിലെ സ്ത്രീകളുടെ അഞ്ച് സംഘങ്ങൾക്ക് നൽകിയ വായ്പയ്ക്ക് പുറമെ ബീമാപള്ളിയിലെ രണ്ട് സംഘങ്ങൾക്ക് നൽകിയ പണവും തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. ഇതോടെയാണ് 35 ലക്ഷത്തിലേക്ക് തട്ടിപ്പ് എത്തിയത്. തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ ഇന്ത്യൻ ബാങ്ക് ഈഞ്ചക്കൽ ബ്രാഞ്ച് മാനേജരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

വസ്ത്ര യൂണിറ്റിലേക്ക് സാധനങ്ങൾ കൈമാറുന്ന കരാറുകാരനെന്ന വ്യാജേനെയെത്തി പണം കൈവശപ്പെടുത്തിയ പൂവച്ചലിലെ ഫാൻസി സ്റ്റാർ ഉടമ അനീഷ് ഒളിവിലാണ്. ചെറിയതുറ സ്വദേശി ഗ്രേസി, അഖില എന്നിവരാണ് മറ്റ് പ്രതികൾ. ചെറിയതുറ സ്വദേശികളായ 28 പേരെ കബളിപ്പിച്ചാണ് പണം തട്ടിയത്. കോർപറേഷൻ ജീവനക്കാരി ആണെന്ന വ്യാജേന തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ ഒരാളാണ് അറസ്റ്റിലായ രാജില.

തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചതോടെയാണ് വീട്ടമ്മമാർ തട്ടിപ്പ് മനസ്സിലാക്കിയത്. പണം തിരിച്ചടച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നു ബാങ്ക് നിലപാടെടുത്തതോടെ ആത്മഹത്യയുടെ വക്കിലാണെന്നു വീട്ടമ്മമാർ പറയുന്നു.