മലപ്പുറം: മലപ്പുറം എടവണ്ണ പുലിക്കുന്ന് മലയിൽ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ എൻ.ഡി.എം.എ കേസിലെ പ്രതിയായ 28കാരനെ വെടിവെച്ച് കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് സമ്മതിച്ച് കസ്റ്റഡിയിലുള്ള സുഹൃത്ത്. സുഹൃത്തിനെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് താൻ പുഴയിൽ ഉപേക്ഷിച്ചതായും പ്രതി പൊലീസിന് മൊഴി നൽകി. തെളിവുകൾ ശേഖരിച്ച് ശേഷം അറസ്റ്റ് രേഖപ്പെടുത്താൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം.

സ്വർണക്കടത്ത്, ലഹരിക്കടത്ത് മാഫിയകൾക്കു പങ്കുള്ളതായി സംശയിക്കുന്ന കൊലപാതകക്കേസ് മലപ്പുറം എസ്‌പി. നേരിട്ടാണ് കേസന്വേഷിക്കുന്നത്. എടവണ്ണ മുണ്ടേങ്ങര സ്വദേശിയായ യുവാവാണു കുറ്റം സമ്മതിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ടു രണ്ടു പേരെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പൊലീസ് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തു വരുന്നുണ്ട്. ഇതിലൊരാളാണ് പ്രതി. മറ്റെയാളെ വിട്ടയച്ചിട്ടുണ്ട്, ഏതു സമയത്ത് വിളിച്ചാലും ഹാജരാകണമെന്ന ഉപാധിയോടെയാണ് വിട്ടയച്ചതെന്നാണ് സൂചന.

കൊല്ലാനുപയോഗിച്ച് തോക്ക് പുഴയിൽ ഉപേക്ഷിച്ചതായി പ്രതിയുടെ മൊഴിപ്രകാരം ഞായറാഴ്ച രാത്രി പൊലീസ് പുഴയിൽ പരിശോധന നടത്തിയിരുന്നു. കസ്റ്റഡിയിലുള്ളയാൾ കുറ്റം ചെയ്തത് സംബന്ധിച്ച് തെളിയിക്കാനാവുന്ന വിവരങ്ങൾ ലഭ്യമായാലേ അറസ്റ്റു പോലെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് എത്തുകയുള്ളു. എം.ഡി.എം.എ കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതാനും നാൾ മുൻപാണ് മരിച്ച റിദാൻ ജയിലിൽ നിന്നിറങ്ങിയിരുന്നത്.

കൊലക്കുപിന്നിലെ രഹസ്യങ്ങൾ ഞെട്ടിക്കുന്നതാണ്. റിദാൻ ബാസിൽ കൊല്ലപ്പെടുന്നത് ലഹരിക്കടത്തിലെ വമ്പന്മാരുടെ പേരുവെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണെന്നു അടുപ്പക്കാർ പറയുന്നത്. നേരത്തെ കരിപ്പൂരിൽവച്ചാണ് റിദാൻ ബാസിലിനെ എം.ഡി.എം.എ കേസിൽ അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണെന്നും തന്നെ ചില സുഹൃത്തുക്കൾ കുടിക്കിയാതാണെന്നുമായിരുന്നു റിദാൻ വെളിപ്പെടുത്തിയിരുന്നത്.

നാട്ടിലെ ലഹരിക്കടത്ത്, സ്വർണക്കടത്തുകൾക്കു പിന്നിൽ നാട്ടിലെ മാന്യന്മാരായ ചില വമ്പന്മാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ പൊയ്മുഖങ്ങൾ താൻ തുറന്നു പറയുമെന്നും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കരിപ്പൂരിൽവെച്ച് റിദാൻ ബാസിലിനെ എം.ഡി.എം.എയുമായി പിടിച്ചപ്പോൾ എടവണ്ണയിലെ തന്നെ മറ്റൊരു സുഹൃത്തായ ഷമീമും കൂടെയുണ്ടായിരുന്നു. ഷമീമിന്റെ ഭാര്യ അടുത്തിടെ തൂങ്ങിമരിച്ചിരുന്നു. ഈ മരണത്തിലും ചില ദുരൂഹതകളുണ്ടായിരുന്നു. തുടർന്നു പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

നിലവിൽ കൊലപാതകക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള റിദാൻ ബാസിലിന്റെ സുഹൃത്തും മയക്കുമരുന്നു ലോബിയുമായി ബന്ധമുള്ള വ്യക്തിതന്നെയാണ്. ഇരുവരും ദിവസങ്ങൾക്കു മുമ്പു ഇൻസ്റ്റഗ്രാമിൽ റീൽസ്വരെ തെയ്യാറാക്കിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. കരിപ്പൂരിൽവെച്ചു എം.ഡി.എം.എ കേസിൽ ഷമീം ഉൾപ്പെടെയുള്ളവരാണ് തന്നെ കുടുക്കിയതെന്നാണ് റിദാൻ ബാസിൽ പറഞ്ഞിരുന്നത്. ഇതിന് പുറമെ എടവണ്ണയിലെ പ്രവാസികളിൽനിന്നും ഒന്നരക്കോടിയലിധകം രൂപ വിവിധ ബിസിനസ്സുകളിലേക്കെന്ന് പറഞ്ഞ് ഷമീമിന്റെ അടുത്ത സുഹൃത്ത് പിരിച്ചിരുന്നുവെന്നും ഈ പണം ഉൾപ്പെടെ മയക്കുമരുന്ന്, സ്വർണക്കടത്ത് ബിസിനസ്സിൽ ഇറക്കിയതായി സംശയിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്.

എന്നാൽ ഷമീമും, റിദാൻ ബാസിലും എം.ഡി.എം.എ കേസിൽ അറസ്റ്റിലായതോടെ പ്രവാസകളിൽനിന്നും പണം പിരിച്ച സുഹൃത്ത് മുങ്ങിയതായും ഇവർ ആരോപിക്കുന്നു. വൻ ലഹരിക്കടത്ത് മാഫിയാ സംഘംതന്നെയാണു എടവണ്ണ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതെന്നും റിദാൻ ബാസിൽ പറഞ്ഞിരുന്നു.റിദാന്റെ നെഞ്ചിൽ വെടിയേറ്റതിന്റെ മൂന്ന് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി വീട്ടിൽനിന്ന് പോയ റിദാൻ രാവിലെ ആയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി സുഹൃത്തിനോടൊപ്പം പുലിക്കുന്ന് മലയിൽ എത്തിയതായിരുന്നു റിദാൻ. താൻ മടങ്ങിയശേഷവും റിദാൻ ഇവിടെത്തന്നെ തങ്ങിയെന്നും ഇക്കാര്യം റിദാന്റെ വീട്ടുകാരെ അറിയിച്ചിരുന്നു എന്നുമാണ് സുഹൃത്ത് പറയുന്നത്. ഇതോടെയാണ് വീട്ടുകാരുടെ തിരിച്ചിൽ ഇങ്ങോട്ടും വ്യാപിപ്പിച്ചത്.