- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയം പൊട്ടിമരിച്ചതു കൊണ്ടാണ് മൂക്കിലൂടെയും വായിലൂടെയും ചോര വന്നതെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചു; നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിൽ എത്തിക്കാതെ ഉരുണ്ടു കളിച്ചു; നീലേശ്വരം സി ഐ പ്രേമസദന്റെ സമർത്ഥമായ ചോദ്യം ചെയ്യലിൽ കള്ളം പൊളിച്ച് അതിവേഗ കുറ്റസമ്മതം; കോട്ടപ്പുറം മാട്ടുമ്മൽ പാലം പണിക്കെത്തിയ രമേശനെ കൊന്നത് കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ
കാസർഗോഡ്. നീലേശ്വരം കോട്ടപ്പുറം മാട്ടുമ്മൽ പാലം പണിക്കെത്തിയ തമിഴ്നാട് മധുര സ്വദേശി രമേശൻ(42) കൊല്ലപ്പെട്ട സംഭവത്തിൽ 3 പേർ അറസ്റ്റിലായതോടെ ചുരുളഴിഞ്ഞതു പ്രതികൾ സമർഥമായി മറച്ചു വയ്ക്കാൻ ശ്രമിച്ച കൊലപാതകം. കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ്ബിനു സമീപം മാട്ടുമ്മൽ പാലം പണിക്കെത്തിയ തൊഴിലാളികൾ താമസിക്കുന്ന കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ്ബിനു സമീപത്തെ വാടക വീട്ടിൽ ശനിയാഴ്ച രാത്രി വൈകി രമേശൻ ഹൃദയസ്തംഭനം മൂലം മരിച്ചു കിടക്കുന്നതായി പ്രതികൾ തന്നെയാണു നാട്ടുകാരെ വിവരമറിയിച്ചത്.
നാട്ടുകാർ ഈ വിവരം നീലേശ്വരം പൊലീസിനു കൈമാറി.നീലേശ്വരം സി ഐ പ്രേമസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ സ്ഥലത്തു കുതിച്ചെത്തി.
പൊലീസ് എത്തുമ്പോൾ വാടക വീടിന്റെ താഴത്തെ നിലയിൽ വാഷ്ബേസിന് താഴെ രമേശന്റെ മൃതദേഹം കിടപ്പുണ്ട്. മൃതദേഹത്തിൽ മൂക്കിൽ നിന്നും വായിൽ നിന്നും ചോര വന്നിട്ടുണ്ട്. ഹൃദയം പൊട്ടി മരിച്ചതു കൊ്ണ്ടാണ് ഇങ്ങനെ ചോര വന്നതെന്ന് പ്രതികളിൽ ചിലർതന്നെ പ്രചരിപ്പിച്ചു. എന്നാൽ ഹൃദയാഘാതം മൂലം മരിക്കുന്ന ഒരാളിൽ ഇങ്ങനെ ചോര വരാൻ ഒരു സാധ്യതയും ഇല്ലന്ന് അപ്പോൾ തന്നെ സി ഐ വിലയിരുത്തി. കൂടാതെ രമേശിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ നാട്ടുകാരിൽ ചിലർ ആവിശ്യപ്പെട്ടിട്ടും കൂടെയുള്ളവർ അതിന് തയ്യാറായില്ല എന്ന വിവരവും പൊലീസിന് കിട്ടി.
മൃതദേഹം സംഭവ സ്ഥലത്ത് നിന്നു മാറ്റിയ ശേഷം പൊലീസ് കാവൽ ഏർപ്പെടുത്തി. കൂടെ ഉണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിനു മുൻപു തന്നെ ഫൊറൻസിക് വിദഗ്ധനെ എത്തിച്ചു വിശദമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.രമേശന്റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നതു കണ്ടപ്പോൾ തന്നെ മരണത്തിൽ പൊലീസ് സംശയം പുലർത്തിയിരുന്നു.
പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ തലക്കടിയേറ്റ ക്ഷതമാണു മരണകാരണമെന്ന സൂചന ലഭിച്ചപ്പോൾ മുതൽ നീലേശ്വരം സിഐ കെ.പ്രേംസദൻ, എസ്ഐമാരായ കെ.സജേഷ്, ടി.വിശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രമേശന്റെ കൂടെ താമസിക്കുന്ന എല്ലാവരെയും വിശദമായി ചോദ്യം ചെയ്തു തുടങ്ങി. 12 പേരാണ് വാടക കെട്ടിടത്തിൽ താമസിച്ചിരുന്നത്. അവരിൽ നിന്നും പ്രതിയിലേക്ക് എത്തുക എന്നത് റിസ്ക്ക് തന്നെയായിരുന്നു. ഒരാഴ്ച മുൻപാണ് സി ഐ പ്രേസദൻ ചാർജ്ജെടുക്കുന്നത്. രമേശന്റെ സഹ പ്രവർത്തകരെ ഒറ്റക്കും കൂട്ടായും ചോദ്യം ചെയ്തപ്പോൾ തന്നെ പലരും പലതും മറയ്ക്കുന്നതായി പൊലീസിന് മനസിലായി.
അങ്ങനെയാണ് എറണാകുളം സ്വദേശികളായ ബൈജു, ഡെന്നീസ്, ഫൈസൽ എന്നിവരിലേക്ക് എത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കൈയിൽ കിട്ടുന്നതിന് മുൻപ് അതായതുകൊലപാതകം നടന്നു മണിക്കൂറുകൾക്കകം നീലേശ്വരം പൊലീസ് പ്രതികളെ കണ്ടെത്തിയിരുന്നു. സംഭവം നടന്ന ദിവസം മൂന്ന് പ്രതികളും രമേശനും ഒന്നിച്ചിരുന്ന് മദ്യപിച്ചു. പാലത്തിന്റെ പൈലിങ് പണിക്ക് എത്തിയ പ്രതികൾക്ക് കരാറുകാരൻ ശമ്പളം നല്കിയിരുന്നത്. രമേശൻ വഴിയായിരുന്നു. ശമ്പളം പലപ്പോഴും കുറഞ്ഞു പോകുന്നുവെന്ന തരത്തിൽ പ്രതികൾ കലഹിച്ചിച്ചിരുന്നു. ശനിയാഴ്ചയും പ്രതികൾ കലഹിച്ചപ്പോൾ ഒന്നാംപ്രതി ബൈജു നേരത്തെ കരുതിയിരുന്ന കമ്പിയെടുത്ത് സോഫയിൽ ഇരിക്കുകയായിരുന്ന രമേശന്റെ തലയിൽ അടിച്ചു.
അടിയോടെ തറയിൽ വീണ രമേശനെ അവിടെ വെച്ച വീണ്ടും അടിച്ചു. പിന്നീട് വാഷ്ബേസിനടുത്ത് വലിച്ചിഴച്ച് ഇട്ടശേഷവും അടിച്ചു. എന്നിട്ടാണ് പ്രതികൾ ഹൃദയാഘാത നാടകം കളിച്ചത്.പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും തലക്ക് ക്ഷതമേൽക്കുകയും തലയോട്ടി പൊട്ടുകയും ചെയ്തിട്ടുണ്ട്.തലയിൽ നിന്നും ആന്തരിക രക്ത സ്രാവം ഉണ്ടാകുകയും രക്തം ശ്വാസകോശത്തിൽ നിറയുകയും ശ്വാസം മുട്ടി രമേശൻ മരിക്കുകയും ചെയ്തുവെന്നാണ് ഫോറിൻസിക് സർജന്റെ കണ്ടെത്തൽ.
കേസിലെ ഒന്നാം പ്രതി എറണാകുളം വാത്തുരുത്തി കാളക്കഞ്ചേരി ഹൗസിൽ കെ.പി.ബൈജു (54) കൊടുംക്രിമിനലാണ്.. എറണാകുളം ജില്ലയിൽ മാത്രം 14 ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. തോപ്പുംപടി, ഐലൻഡ് ഹാർബർ, വൈപ്പിൻ, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലാണ് എറണാകുളം ജില്ലയിലെ കേസുകൾ. സംസ്ഥാനത്തെ മറ്റു പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ ശേഖരിച്ചു വരുന്നതായും നീലേശ്വരം സിഐ കെ.പ്രേംസദൻ പറഞ്ഞു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്