- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തംപുരണ്ടതും കോൺക്രീറ്റിംഗിന് ഉപയോഗിക്കുന്ന 12 എംഎം വലിപ്പമുള്ള കമ്പിയും കൈയിൽപ്പിടിച്ച് സുരേഷ് വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങി; സംശയം തോന്നി എത്തിയ അയൽക്കാരൻ തിരിച്ചറിഞ്ഞത് തല അടിച്ചു പൊട്ടിച്ച ശേഷം വായിൽ കൂടി കമ്പി കുത്തിയിറക്കിയുള്ള രമേശിന്റെ കൊലപാതകം; മറയൂരിനെ നടുക്കി മദ്യപാന ക്രൂരത
മൂന്നാർ: മറയൂരിൽ അരുംകൊല. കമ്പിക്ക് തല അടിച്ചുപൊട്ടിച്ചു. വായിൽക്കൂടി കമ്പി കുത്തിയിറക്കി മരണം ഉറപ്പാക്കി. മറയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന പെരിയകുടിയിൽ ഇന്നലെ രാത്രി 12 മണിയയോടടുത്താണ് സംഭവം.ഇവിടെ താമസിച്ചുവന്നിരുന്ന കാന്തല്ലൂർ തീർത്ഥമല സ്വദേശി രമേശ്(25)ആണ് അതിക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധു സുരേഷി(24)നെ പൊലീസ് തിരയുന്നു.അയൽവാസിയുടെ മൊഴിപ്രകാരം സംഭവത്തിൽ കേസെടുത്തതായും നടപടികൾ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു. രമേശും സുരേഷും ഒരു വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. സുരേഷിന്റെ പിതാവിന്റെ സഹോദരി പുത്രനാണ് കൊല്ലപ്പെട്ട രമേശ്. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതും ചെറിയ രീതിയിലുള്ള തമ്മിൽത്തല്ലുമൊക്കെ പതിവായിരുന്നു.
കോൺക്രീറ്റിംഗിന് ഉപയോഗിക്കുന്നതും 12 എംഎം വലിപ്പം തോന്നിക്കുന്നതുമായ കമ്പിയും കൈയിൽപ്പിടിച്ച് സുരേഷ് വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങിയിരുന്നു. ഇന്നലെ ഇവർ തമ്മിൽ രാത്രി വാക്കേറ്റത്തിൽ ഏർപ്പെട്ടതായും വിവരം പുറത്തുവന്നിട്ടുണ്ട്.പതിവ് ബഹളമെന്നതിൽ കവിഞ്ഞ് അയൽവാസികൾ ഇതിന് പ്രാധാന്യം കൊടുത്തിരുന്നില്ല.
ഒച്ചപ്പാടിന് ശേഷം രക്തംപുരണ്ടതും കോൺക്രീറ്റിംഗിന് ഉപയോഗിക്കുന്ന തരത്തിലുള്ളതുമായ 12 എംഎം വലിപ്പം തോന്നിക്കുന്ന കമ്പിയും കൈയിൽപ്പിടിച്ച് സുരേഷ് വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് അയൽവാസികളിൽ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞ് സംശയം തോന്നി ഇയാൾ സുരേഷിന്റെ വീട്ടിലെത്തുമ്പോഴാണ് ഇതെ കമ്പി വായിൽകുത്തിയിറക്കിയ നിലയിൽ രമേശിന്റെ ജഡം കാണുന്നത്.
തല അടിച്ചുതകർത്ത ശേഷം മരണം ഉറപ്പിക്കുന്നതിനായിരിക്കാം കമ്പി വായിൽകുത്തിയിറക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും കൂലിപ്പണിക്കും മറ്റും ഒപ്പം പോയിരുന്നവരാണെന്നാണ് അയൽവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. വിശദമായ അന്വേഷണത്തിന് ശേഷമേ കൊലയ്ക്കുള്ള കാരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കു എന്നാണ് പൊലീസ് നിലപാട്.
മറുനാടന് മലയാളി ലേഖകന്.