കൊച്ചി: ആലപ്പുഴയിൽ ബിജെപി നേതാവ് അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിൽ നാലുപേർ ഹൈക്കോടതിയിൽ അപ്പീൽ ഹരജി നൽകി. ശരിയായി വിചാരണ നടത്താതെയും മുൻധാരണകളോടെയുമാണ് മാവേലിക്കര അഡീ. സെഷൻസ് കോടതി ജനുവരി 30ന് വധശിക്ഷ വിധിച്ചതെന്നും ഇത് റദ്ദാക്കി വെറുതെവിടണമെന്നും ആവശ്യപ്പെട്ട് ഒന്നുമുതൽ നാലുവരെ പ്രതികളായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്‌ലം എന്നിവരാണ് ഹരജി നൽകിയത്.

അപ്പീലിൽ സർക്കാറിന് നോട്ടീസ് അയച്ച കോടതി, ഹരജി മാർച്ച് 13ലേക്ക് മാറ്റി.2021 ഡിസംബർ 19ന് വീട്ടിൽ അതിക്രമിച്ചു കയറിയ പോപുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽവെച്ച് രൺജിത്തിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത് വധം.

കേസിലെ 15 പ്രതികൾക്കും ജനുവരി 30ന് അഡീ. സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ഇത് നിയമവിരുദ്ധവും വസ്തുതാരഹിതവും സാഹചര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കുറ്റവിമുക്തരാക്കാൻ അർഹരായ പ്രതികൾക്കുനേരെ മുൻധാരണയോടെ നടത്തിയ വിധിയാണിത്. മതിയായ തെളിവുകളില്ലാതെയാണ് കുറ്റവാളികളെന്ന് കണ്ടെത്തിയത്. പ്രതികളുടെ വാദങ്ങൾ വേണ്ടവിധം പരിഗണിച്ചില്ല. അഡ്വക്കറ്റ് എന്നുവിളിച്ചാണ് കൊല്ലപ്പെട്ടയാളെ കോടതി പരാമർശിച്ചിരുന്നത്.

കേസ് കേട്ടത് വൈകാരികമായാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. വധശിക്ഷ നൽകാൻ മതിയായ തെളിവുകൾ കോടതിക്ക് മുമ്പാകെ എത്തിയിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. അതേസമയം, പ്രതികളുടെ വധശിക്ഷ ശരിവെക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നടപടി തുടങ്ങി. വധശിക്ഷക്ക് വിധിച്ച 15 പ്രതികൾക്കും കോടതി നോട്ടീസ് അയച്ചു.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു കേസിൽ 15 പേർക്ക് വധശിക്ഷ വിധിക്കുന്നത്. പ്രതികൾ ഒരുവിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് അസാധാരണ വിധി പ്രസ്താവിച്ച് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.ജി. ശ്രീദേവി പറഞ്ഞു. വധശിക്ഷക്കുപുറമെ പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു.

ബിജെപി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ 2021 ഡിസംബർ 19ന് പുലർച്ചയാണ് വീട്ടിൽ കയറി മാതാവിന്റെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന്റെ തലേദിവസം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാനിനെ മണ്ണഞ്ചേരിയിൽ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് രൺജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ഈ കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.

ഒന്നുമുതൽ എട്ടുവരെ പ്രതികൾ മാത്രമാണ് കൃത്യത്തിൽ നേരിട്ട് പങ്കാളികളാണെന്ന് കണ്ടെത്തിയത്. ഒമ്പതുമുതൽ 12 വരെ പ്രതികൾ മാരകായുധങ്ങളുമായി വീടിനുമുന്നിൽ കാവൽ നിന്നവരാണ്. ഗൂഢാലോചനയാണ് 13 മുതൽ 15 വരെ പ്രതികൾക്കെതിരായ ആരോപണം. എന്നാൽ, കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറൽ എന്നീ കുറ്റങ്ങൾ ഇവർക്കെല്ലാം ബാധകമാണെന്ന് വിലയിരുത്തിയാണ് എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചത്.