കോഴിക്കോട്: വ്യാജസിദ്ധന്മാർ വിലസുന്ന നാട്ടിൽ വീണ്ടുമൊരു പീഡനം. വയറു വേദനക്കുള്ള ചികിത്സയുടെ മറവിൽ യുവതിയെ മയക്കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാജ വൈദ്യനും കൂട്ടാളിയും അറസ്റ്റിലായി. മലപ്പുറം സ്വദേശികൾ കോഴിക്കോട്ടാണ് അറസ്റ്റിലായത്. അബ്ദുൾ റഹ്മാനും ടി.കസഫൂറയുമാണ് പിടിയിലായത്.

കലശലായ വയറുവേദനയുള്ള്ള യുവതിയെയാണ് ഇവർ കരുവാക്കിയത്. വയറുവേദനയ്ക്ക് ചികിത്സ നൽകാമെന്ന് പറഞ്ഞാണ് മടവൂർ മഖാമിന് സമീപത്തെ മുറിയിൽ യുവതിയെ എത്തിച്ചത്. തുടർന്ന് ചികിത്സയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ചു ദ്രാവകം നൽകിയാണ് യുവതിയെ മയക്കിയിത്. ഇവർ നൽകി ദ്രാവകം കുടിച്ച ശേഷം യുവതി മയങ്ങിപ്പോകുകയായിരുന്നു.

ഈ മയക്കത്തിലാണ് യുവതിയെ പ്രതികൾ പീഡിപ്പിച്ചത്. മയങ്ങിപ്പോയ യുവതിയെ പ്രതി അബ്ദുൾ റഹ്മാൻ മണിക്കൂറുകളോളം പീഡിപ്പിക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായി മുറിയിൽ മന്ത്രവാദത്തിന് സമാനമായ സാഹചര്യങ്ങൾ ഒരുക്കിയിരുന്നു. മയക്കത്തിൽ നിന്ന് ഉണർന്നപ്പോഴാണ് യുവതി താൻ പീഡിപ്പിക്കപ്പെട്ടെന്ന് ബോധ്യമായത്.

ഈ മാസം ഒമ്പതിനാണ് സംഭവം. അബ്ദുൾ റഹ്മാനെ സഹായിച്ച ആളാണ് പിടിയിലായ സഫൂറ. ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നമംഗലം പൊലീസ് കേസ് എടുത്തത്. അബ്ദുറഹ്മാനെ അരീക്കോട് നിന്നും സഫൂറയെ കാവന്നൂരിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തൽ ഉൾപ്പടെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കുന്നമംഗലം സിഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.