കണ്ണൂർ: തലശേരിയിലും പരിസരപ്രദേശങ്ങളിലും മദ്യലഹരിയിൽ സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുന്ന വടക്കുമ്പാട് സ്വദേശിനി റസീന വീണ്ടും ചർച്ചകളിൽ. ക്രിസ്മസ് ദിനത്തിലും അവർ ഷോ കാട്ടി. തലശേരിയിൽ മദ്യ ലഹരിയിൽ എസ്ഐയെ ആക്രമിച്ച കണ്ണൂർ കുളിബസാർ സ്വദേശിനി റസീന അറസ്റ്റിലുമായി. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് തലശേരി എസ്ഐ ദീപ്തിയെ റസീന ആക്രമിച്ചത്. ഒട്ടേറെ കേസുകളിൽ പ്രതിയാണ് റസീന. രാത്രി റോഡിൽ നാട്ടുകാർക്കു നേരേയും റസീനയുടെ പരാക്രമമുണ്ടായി.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയിൽ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്ത് തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകവേയാണ് ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവർക്ക് തലശേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് ഇനി അന്വേഷിക്കും.

യുവതിയെ കുറിച്ചു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ചിലർ നൽകിയ പരാതി നേരത്തെ ഗൗരവത്തോടെ പൊലീസ് എടുത്തിരുന്നില്ല. എന്നാൽ ഇനി തെറ്റു ചെയ്താൽ അറസ്റ്റു ചെയ്യുമെന്ന തീരുമാനം എടുത്തിരുന്നു. ഇതിനിടെയാണ് ക്രിസ്മസ് ദിന പരാക്രമം. വീഡിയോയും വൈറലാണ്. പലതവണയും റസീന രക്ഷപ്പെട്ടത് വനിതാപൊലിസ് സ്ഥലത്തില്ലാത്തതിനാലാണ്. ഇനി ഇവർ മദ്യപിച്ചു അഴിഞ്ഞാടിയാൽ വനിതാപൊലിസിനെ ഉപയോഗിച്ചു അറസ്റ്റു ചെയ്യാനും ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും തലശ്ശേരി പൊലീസ് തീരുമാനിച്ചിരുന്നു.

ആഡംബര കാറിൽ വിലസാൻ ഇവർക്ക് ആരാണ് സഹായം ചെയ്യുന്നതെന്നത് ഇന്നും അജ്ഞാതമാണ്. നേരത്തെ അമിതവേഗതയിൽ കാറോടിച്ചു റസീന പന്തക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ പന്തേക്കാവിൽ അപകടമുണ്ടാക്കുകയും സ്‌കൂട്ടർ യാത്രക്കാരായ കുടുംബത്തെ ഇടിച്ചുവീഴ്‌ത്തുകയും ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത യാത്രക്കാരായ യുവാക്കൾക്കും അന്ന് മർദ്ദനമേറ്റു. ഇതിൽ ഒരാളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞു തകർക്കുകയും ചെയ്തു.

ഇതിനു ശേഷം കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലും ഇതിനു സമാനമായ അക്രമം ഇവർ ആവർത്തിച്ചു. പിന്നീട് തലശേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ രാത്രിയിൽ തനിക്ക് നെഞ്ചുവേദനയാണെന്നു പറഞ്ഞു അത്യാഹിത വിഭാഗത്തിൽ കയറിവന്നായിരുന്നു ഇവർ വിളയാട്ടം നടത്തിയത്. ചികിത്സ തേടിയെത്തിയ യുവതി എന്നാൽ പരിശോധിക്കാൻ സന്നദ്ധയാവാതെ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത രോഗിയുടെ കൂട്ടിരിപ്പുകാരനെ പൊതിരെ തല്ലുകയും ചെയ്തു.

തലശേരിയിലും ന്യൂമാഹിയിലും മദ്യലഹരിയിൽ റസീനയുണ്ടാക്കുന്ന കലാപങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥന്മാർ ഇക്കാര്യം ശ്രദ്ധിക്കുകയും കർശന നടപടിയെടുക്കാൻ തലശേരി ടൗൺ പൊലിസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് റസീനയ്‌ക്കെതിരെ പൊലിസ് നടപടി തുടങ്ങിയത്. ഇവർ ബലമമായി പിടിച്ചുവെച്ചു എന്ന രക്ഷിതാക്കൾ പരാതിപ്പെട്ട സമ്പന്നകുടുംബത്തിലെ യുവാവിനെ പൊലിസ് റസീനയുടെ നിയന്ത്രണത്തിൽ നിന്നും വിമുക്തനാക്കിയതും ചർച്ചയായിരുന്നു.

റസീനയെക്കാൾ പ്രായകുറവുള്ള ഈ യുവാവിനെ ഇവർ സൗഹൃദം നടിച്ചു വലയിലാക്കുകയായിരുന്നു. യുവാവിനെ വിളിക്കുകയോ, കാണുകയോ ചെയ്യരുതെന്ന് പൊലിസ് റസീനയ്ക്കു താക്കീതു നൽകി കേസൊഴിവാക്കി വിട്ടയയ്ക്കുകയും ചെയ്തു. അമിത വേഗതയിൽ കാറോടിച്ച റസീനയെ ബൈക്കിൽ പിൻതുടർന്ന് ഓവർ ടേക്ക് ചെയ്തതോടെയാണ് ഇവർ തമ്മിൽ സൗഹൃദമാരംഭിക്കുന്നത്. തലശേരിയിലെ ഒരു വ്യാപാരിയുടെ മകനായ 26-വയസുകാരനുമായി റസീന സൗഹൃദം സ്ഥാപിക്കുകതും തന്റെ സഹായിയായി നിർത്തുകയുമായിരുന്നു.

ഇതിനിടെ യുവാവിനെ വീട്ടുകാർ ഗൾഫിലേക്ക് നാടുകടത്തിയെങ്കിലും റസീന ഭീഷണിപ്പെടുത്തി നാട്ടിലെത്തിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇവരിൽ നിന്നും വിമുക്തി നേടുന്നതിനായി വീട്ടുകാർ തലശേരി ടൗൺ പൊലിസിൽ പരാതി നൽകിയത്. ഈ കേസിന് ശേഷമാണ് റസീന കൂടുതൽ ചർച്ചകളിലെത്തിയത്.