തലശ്ശേരി: മദ്യലഹരിയിൽ റോഡിൽ പരാക്രമം കാട്ടുകയും വനിതാ എസ്‌ഐ.യെ മർദിക്കുകയും ചെയ്ത യുവതി അറസ്റ്റിലാകുന്നത് നാട്ടുകാരുടെ ഇടപെടലിൽ. കൂളി ബസാർ സ്വദേശി റസീന(30)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി എസ്‌ഐ. ദീപ്തിയെയാണ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ റസീന ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു മദ്യലഹരിയിൽ റസീനയുടെ പരാക്രമം. ഇതിനെതിരെ നാട്ടുകാർ അതിശക്തമായ പ്രതിരോധം തീർത്തു. അതിനിടെ റസീനയ്ക്ക് പിന്നിലെ മാഫിയയിലേക്ക് പൊലീസ് ഇനിയും അന്വേഷണം കൊണ്ടു പോകുന്നില്ല.

മദ്യലഹരിയിൽ റസീന ഓടിച്ച വാഹനം മറ്റുവാഹനങ്ങളിൽ തട്ടിയതിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതോടെ യുവതി നാട്ടുകാർക്ക് നേരേ തിരിഞ്ഞു. റോഡിൽ പരാക്രമംകാട്ടിയ യുവതി നാട്ടുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. പക്ഷേ യുവതിയെ രക്ഷപ്പെടാൻ നാട്ടുകാർ അനുവദിച്ചില്ല. ഇതിനിടെ പൊലീസ് എത്തി. ഇതോടെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സംഘം യുവതിയെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വനിതാ എസ്‌ഐ.യ്ക്ക് നേരേയും ആക്രമണമുണ്ടായത്. റസീനയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മദ്യലഹരിയിൽ നടുറോഡിൽ പരാക്രമം കാട്ടിയതിന് നേരത്തെയും റസീന പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മാഹി പന്തക്കലിൽവെച്ച് റസീന ഓടിച്ച കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച റസീനയെ നാട്ടുകാർ ചോദ്യംചെയ്തതോടെ യുവതി നാട്ടുകാരെ കൈയേറ്റംചെയ്യുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് നേരേയും കൈയേറ്റശ്രമമുണ്ടായി. തുടർന്ന് മാഹി പന്തക്കൽ പൊലീസ് ബലംപ്രയോഗിച്ചാണ് റസീനയെ കസ്റ്റഡിയിലെടുത്തത്. സമാന സംഭവമാണ് ഇപ്പോൾ വീണ്ടും നടന്നത്. അക്ഷരാർത്ഥത്തിൽ മദ്യപിച്ച് അഴിഞ്ഞാടുകയായിരുന്നു റസീന.

വടക്കുമ്പാട് കല്യാണം വീട്ടിൽ മുപ്പത്തെട്ട് വയസ്സ് കാരിയായ റസീനയെ തലശ്ശേരി എസ്‌ഐ. വി.വി. ദീപ്തിയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി തലശ്ശേരി കീഴന്തിമുക്കിലായിരുന്നു യുവതിയുടെ അഴിഞാട്ടം. യുവതി സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 2022 ഡിസംബറിൽ പിഞ്ചുകുഞ്ഞുങ്ങളുമായി ബൈക്കിൽ പോകുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയും ഇടപെട്ട നാട്ടുകാരെയും പൊലീസുകാരെയുമടക്കം മർദ്ദിക്കുകയും ചെയ്ത യുവതിയെ പന്തക്കൽ പൊലീസ് അറസ്റ്റുചെയ്‌തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വിവാദമായിരുന്നു.

ഈ സംഭവത്തിന് ആഴ്ചകൾക്ക മുമ്പ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ കടയിൽ കയറിയും റസീന അതിക്രമം കാട്ടിയിരുന്നു. സന്ധ്യയോടെയാണ് മദ്യപിച്ചെത്തിയ യുവതി പന്തോക്കാട്ടിൽ അഴിഞ്ഞാടിയത്. മുൻ മാഹി നഗരസഭാംഗം ചെമ്പ്രയിലെ ഉത്തമൻ തിട്ടയിലിന്റെ മകൾ അനിഷയും ഭർത്താവ് പ്രശാന്തും ഇരു കുഞ്ഞുങ്ങളുമായി പോകുന്നതിനിടയിലാണ് യുവതി ഓടിച്ച ബെലനോ കാർ ഇടിച്ചത്. ദമ്പതികൾക്കും ഏഴും മൂന്നും വയസുള്ള കുഞ്ഞുങ്ങൾക്കും പരിക്കേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ അപകടത്തിൽ നിന്ന് ഇവർ ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ നമ്പർ പ്ലേറ്റ് തെറിച്ചുപോയിരുന്നു. സംഭവം ചോദ്യം ചെയ്ത നാട്ടുകാരുടെ നേരെ കാറിൽ നിന്ന് ഇറങ്ങിയ യുവതി വെല്ലുവിളി നടത്തുകയായിരുന്നു.

ആളുകളെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാൻ യുവതി ഒരുമ്പെട്ടതോടെയാണ് പൊലീസ് എത്തിയത്. പൊലീസിനെയും യുവതി അന്നും കൈയേറ്റം ചെയ്തു. തുടർന്ന് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ ഓടിച്ച കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. വൈദ്യ പരിശോധനക്ക് വിധേയമാക്കിയതിനു ശേഷം മാതാവിനും സഹോദരനുമൊപ്പം രാത്രി വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. ഇവർക്ക് വലിയ സൗഹൃദങ്ങളുള്ളതിന് തെളിവായി ഇതോടെ വിലയിരുത്തലെത്തി. ഈ സാഹചര്യത്തിലാണ് ഇത്തവണ പൊലീസ് ശക്തമായ നടപടി എടുക്കുന്നതും.