മലപ്പുറം: മലപ്പുറം കൽകപകഞ്ചേരിയിലെ വയോധികനായ 68കാരനെ ഹണിട്രാപ്പിൽ കുടുക്കിയ വ്‌ലോഗർ റാഷിദയുടേയും ഭർത്താവ് നിഷാദിന്റേയും ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കാൻ പൊലീസ്. ഇരുവരുടേയും മുഴുവൻ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. സമാനമായ വേറേയും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വഷിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിനായി തിരൂർ ജയിലിലുള്ള നിഷാദിനെ കസ്റ്റഡിയിൽ വാങ്ങും.

പേരിന് വ്‌ലോഗർ ആണെങ്കിലും ഇതിലൂടെ സാമ്പത്തികമായി നേട്ടമൊന്നും ഇരുവർക്കും ലഭിച്ചിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ അടുത്തിടെയായി ഇരുവരും ആർഭാടമായി തന്നെ ജീവിച്ചു. ആദ്യം ആലുവയിലെ ഫ്ളാറ്റിലായിരുന്നു സംഘം. പിന്നീട്് 68കാരൻ പൊലീസിൽ പരാതി നൽകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഒരാഴ്‌ച്ച മുമ്പു ആലുവയിൽനിന്നും ഫ്ളാറ്റ് മാറി തൃശൂരിൽ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. ആലുവയിൽ വലിയ വാടകക്ക് താമസിച്ചിരുന്നവർ തൃശൂരിൽ എട്ടായിരം രൂപ മാസ വാടകക്കാണ് താമസിച്ചിരുന്നത്.

ഇതിനിടയിൽ ഇവർ മഹിദ്രയുടെ പുതുപുത്തൻ ഷൈലോ കാറും വാങ്ങിയിരുന്നു. 68കാരനിൽനിന്നും 23ലക്ഷം രൂപ തട്ടിയ ശേഷം ഈ പണംകൊണ്ടാണ് ഇതുവാങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ചു ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. 68കാരൻ പണം നൽകിയിരുന്നതു ബാങ്ക് അക്കൗണ്ട് വഴിയായതിനാൽ തന്നെ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനും എളുപ്പമാകും.
വ്‌ലോഗിൽ യാത്രാവിവരണങ്ങളിടാൻ മണാലിയിലും ലഡാക്കിലുംവരെ പോയത് പുതിയ കാറും കൊണ്ടായിരുന്നു.

മലയ് മല്ലൂസ് എന്ന് റാഷിദയുടെ വ്‌ലോഗിന്റെ പേരും കാറിന്റെ പുറത്തു സ്റ്റിക്കറിൽ പതിച്ചിരുന്നു. കാര്യമായ കാഴ്‌ച്ചക്കാരൊന്നും മിക്ക വീഡിയോകൾക്കുമില്ലെങ്കിലും ചിലതിന് 26,000, 22000 എന്നിങ്ങനെയാണ് വ്യൂസ് യൂട്യൂബിലുള്ള്ത്. ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും ആക്ടീവായിരുന്നു. ഭക്ഷണഐറ്റങ്ങളുടെ കഥ പറഞ്ഞാണ് ആദ്യം വ്‌ലോഗ് തുങ്ങിയതെങ്കിലും പിന്നീട് വ്യത്യസ്തമായ വീഡിയോകളും ചെയ്തു. യാത്രാവിവരണങ്ങൾക്കാണ് പിന്നെകാഴ്‌ച്ചക്കാരുള്ളത്. മണാലിയിലേയും ലഡാക്കിലേയും യാത്രാവിവരങ്ങൾ കുറച്ചു കാഴ്‌ച്ചക്കാരെയുണ്ടാക്കി.

ആറുമസം പ്രായമുള്ള മക്കളുണ്ടായ ശേഷം പിന്നീട് വീഡിയോകളൊന്നും ചെയ്തിട്ടില്ല. 68കാരനെ ഹണിട്രാപ്പിൽപെടുത്തി പണം തട്ടിയതു ഇവർ താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ചുതന്നെയായിരുന്നു. കാര്യമായ വരുമാനമൊന്നും വരാതിരുന്നതോടെയാണ് ഏതെങ്കിലും വിധത്തിൽ പണം സമ്പാദിച്ച് നല്ല രീതിയിൽ ജീവിക്കണമെന്ന് ദമ്പതികൾ തീരുമാനിക്കുന്നത്. ഇതിനാണ് 68കാരനെതന്നെ കരുവാക്കിയത്. സാമ്പത്തികമായി ഉന്നതയിലുള്ള ഇദ്ദേഹത്തെ അങ്ങോട്ടുചെന്ന് പ്രലോഭിപ്പിച്ചാണ് റാഷിദ വശത്താക്കിയത്.

തങ്ങൾക്ക് ജീവിക്കാൻ പ്രയാസകരമായ അവസ്ഥയാണെന്നും ഹോട്ടൽ ബിസിനസ്സ് ആരംഭിക്കാനാണെന്നും പറഞ്ഞാണ് പണം തട്ടിയെടുത്തത്. ആദ്യം കഴിയുന്ന രീതിയിൽ ഇയാൾ സഹായം നൽകിയെങ്കിലും പിന്നീടാണിത് ചതിയാണെന്നും എത്ര നൽകിയാലും അവസാനിക്കാത്ത ചതിക്കുഴിയിലാണ് താൻ എത്തിയതെന്നും 68കാരനും മനസ്സിലായത്. പിന്നീട് ആലുവയിലെ ഫ്‌ളാറ്റിൽ വെച്ച് തന്നോടൊപ്പം പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിത്തുടങ്ങി. ഒരു വർഷത്തോളമാണ് തവണകളായി 23ലക്ഷം രൂപ തട്ടിയെടുത്തത്. ഫേസ്‌ബുക്കിലൂടെ താൻ ട്രാവൽ വ്‌ലോഗറാണെന്നാണ് സ്വയം പരിചയപ്പെടുത്തിയാണ് വയോധികനുമായി റാഷിദ അടുത്തത്.

മലപ്പുറം താനൂർ സ്വദേശിയായ റാഷിദയെയുടെ ഭർത്താവും കേസിലെ പ്രതിയും നിലവിൽ റിമാൻഡിൽ കഴിയുന്ന നിഷാദ് തൃശൂർ കുന്നംകുളം സ്വദേശിയാണ്. തൃശൂരിലാണ് റാഷിദ താമസമെങ്കിലും ഇരയെ കുറിച്ചു വ്യക്തമായ ബോധ്യത്തോടെയാണ് പരിചയപ്പെട്ടത്. താനൂരിൽനിന്നും കിലോമീറ്ററുകൾ വ്യത്യസമുള്ള മലപ്പുറം കൽപകഞ്ചേരി സ്വദേശിയായ 68കാരനാണ് ഹണിട്രാപ്പിന് ഇരയായത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രമുഖ വ്യാപാരിയായ 68കാരനാണ് റാഷിദ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. ഫേസ്‌ബുക്ക് വഴി സൗഹൃദ്യം സ്ഥാപിച്ച് ഇരുവരും തമ്മിൽ ചാറ്റിംഗും പതിവായി.ഫേസ്‌ബുക്ക് വഴി 68കാരനുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ റാഷിദയ്ക്ക് കഴിഞ്ഞു. ഇതിനിടയിൽ ചെറിയ സാമ്പത്തിക സഹായങ്ങൾ റാഷിദയ്ക്ക് ചെയ്തുകൊടുത്തിട്ടുമുണ്ടെന്നാണ് വിവരം. സൗഹൃദം വളർന്നതോടെ നേരിട്ട് കാണണമെന്ന് റാഷിദ ആവശ്യപ്പെടുകയായിരുന്നു. റാഷിദയുടെ ക്ഷണപ്രകാരമാണ് 68കാരൻ ആലുവയിലെ ഫ്ലാറ്റിൽ എത്തുന്നത്.

തന്റെ ഭർത്താവ് പ്രശ്‌നക്കാരനൊന്നുമല്ലെന്നും പേടിക്കേണ്ടതില്ലെന്നുമാണ് റാഷിദ 68കാരനെ വിശ്വസിപ്പിച്ചത്. ഭർത്താവ് ഇതിനെല്ലാം സമ്മതം നൽകുന്നയാളാണെന്നാണ് റാഷിദ പറഞ്ഞിരുന്നത്. റാഷിദയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് ഫ്ലാറ്റിലെത്തിയ 68കാരനെ ദമ്പതികൾ രഹസ്യമായി കുടുക്കുകയായിരുന്നു. ഫ്ലാറ്റിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ച് റാഷിദയും നിഷാദും ചേർന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ചാണ് പിന്നീട് ഭീഷണി തുടർന്നത്. 68കാരനെ ഹണിട്രാപ്പിൽ കുടുക്കിയ റാഷിദക്കു ഇടക്കാല ജാമ്യം ലഭിച്ചത് ആറുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ പരിഗണിച്ചാണ്. മാതാവ് ജയിലിലായാൽ പിഞ്ചുകുഞ്ഞുങ്ങൾ കഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരപ്പനങ്ങാടി കോടതി പ്രതിയായ റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.