മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിൽ 68കാരനെ ഹണിട്രാപ്പിൽപെടുത്തി 23ലക്ഷം തട്ടിയ വ്‌ലോഗർ ദമ്പതികൾക്കെതിരെ വേറേയും കേസുകൾ. ആലുവയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസും ജനറേറ്ററും തീവെച്ച് നശിപ്പിച്ചകേസിൽ റാഷിദ(30)യുടെ ഭർത്താവ് നിഷാദ് (36)പ്രതി. ഇതിന് പുറമെ റിഷാദിന്റെ പേരിൽ വേറേയും അടിപിടി കേസുകൾ.

യു ട്യൂബ് വ്‌ലോഗർമാരായ റാഷിദയും നിഷാദും ചേർന്നാണ് ഹണിട്രാപ്പ് നടത്തി പണം തട്ടിയത്. ആലുവയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസും ജനറേറ്ററും തീവെച്ച് നശിപ്പിച്ച കേസിലേയും പ്രതിയാണ് അറസ്റ്റിലായ നിഷാദ്. ആ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇത് കൂടാതെ മറ്റ് ചില അടിപിടി കേസുകളിലും നിഷാദ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടയിലാണ് തിരൂർ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നിഷാദിനെ ഇന്നു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയത്. പ്രതി ജയിലിൽ വലിയ രീതിയിൽ ബഹളംവെക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതോടെയാണ് മാനസികനില തകരാറിലായതാണോയെന്ന് സംശയിച്ച് സബ്ജയിൽ അധികൃതർ മാനസികാരോഗ്യകേന്ദ്രത്തിലേക്കുകൊണ്ടുപോയത്.

റാഷിദക്കു ആറുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാൽ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമാനമായാണ് ഭർത്താവും ജയിലിൽനിന്നും രക്ഷനേടാൻ ശ്രമിക്കുന്നതെന്ന സംശയവും പൊലീസിനുണ്ട്. എന്നാൽ സബ്ജയിലിൽ ബഹളംവെച്ചതിനാൽതന്നെ ഇതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്നതിനാലാണ് സബ്ജയിൽ അവധികൃതർ പ്രതിയെ കുതിരവട്ടത്തേക്കുകൊണ്ടുപോയത്. ഇതുസംബന്ധിച്ചു മുമ്പു നടത്തിയ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മലപ്പുറം കൽപകഞ്ചേരിയിലെ അറുപത്തിയെട്ടുകാരനായ മുൻ ജനപ്രതിനിധിയെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ കൈക്കലാക്കിയ വ്ളോഗറും ഭർത്താവും പണം ആവശ്യപ്പെട്ടത് ഹോട്ടൽ ബിസിനസ്സ് തുടങ്ങാനാണെന്നും പറഞ്ഞായിരുന്നു. എന്നാൽ 23ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിന്നീട് നയിച്ചത് ആഡംബര ജീവിതമായിരുന്നു. പുത്തൻകാറും വാങ്ങി യാത്രകൾപോയി വീഡിയോകൾ ചെയ്തതും 68കാരൻ നൽകി പണംകൊണ്ടാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ചു ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണെന്നു അന്വേഷണോദ്യോഗസ്ഥനായ കൽപകഞ്ചേരി എസ്‌ഐ പറഞ്ഞു. പല തവണകളായി യുവതിയും ഭർത്താവും ചേർന്ന് 23 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. മലായ് മല്ലു എന്ന യു ട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്യുന്നവരാണ് പ്രതികൾ.

മലയ് മല്ലൂസ് എന്നാണ് റാഷിദയുടെ വ്‌ലോഗിന്റെ പേര്. 68കാരനെ ഹണിട്രാപ്പിൽപെടുത്തി പണം തട്ടിയതു ഇവർ താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ചുതന്നെയായിരുന്നു. ഇവിടെയായിരുന്ന ദമ്പതികളുടെ താമസം. പിന്നീട് അറസ്റ്റിലാവുന്നതിന്റെ ഒരാഴ്‌ച്ചമുമ്പാണ് ആലുവയിലെ ഫ്‌ളാറ്റ് ഒഴിവാക്കി തൃശൂരിൽ വാടക വീട് എടുത്തത്. എണ്ണായിരം രൂപയാണ് തൃശൂരിൽ ഇവർ താമസിക്കുന്ന വീടിന്റെ വാടക. പേരിന് വ്‌ലോഗുണ്ടെങ്കിലും ഇതിൽനിന്നും കാര്യമായ വരുമാനമൊന്നും ഇല്ലെന്നും ഏതെങ്കിലും വിധത്തിൽ പണം സമ്പാദിച്ച് നല്ല രീതിയിൽ ജീവിക്കണമെന്ന് ദമ്പതികൾ തീരുമാനിച്ചിരുന്നതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇതിനാണ് 68കാരനെതന്നെ കരുവാക്കിയത്. സാമ്പത്തികമായി ഉന്നതയിലുള്ള ഇദ്ദേഹത്തെ അങ്ങോട്ടുചെന്ന് പ്രലോഭിപ്പിച്ചാണ് റാഷിദ വശത്താക്കിയത്. തങ്ങൾക്ക് ജീവിക്കാൻ പ്രയാസകരമായ അവസ്ഥയാണെന്നും ഭർത്താവ് ഹാട്ടൽ ബിസിനസ്സ് ആരംഭിക്കാനാണെന്നും പറഞ്ഞാണ് പണം തട്ടിയെടുത്തത്. ആദ്യം കഴിയുന്ന രീതിയിൽ ഇയാൾ സഹായം നൽകിയെങ്കിലും പിന്നീടാണിത് ചതിയാണെന്നും എത്ര നൽകിയാലും അവസാനിക്കാത്ത ചതിക്കുഴിയിലാണ് താൻ എത്തിയതെന്നും 68കാരനും മനസ്സിലായത്. പിന്നീട് ആലുവയിലെ ഫ്‌ളാറ്റിൽ വെച്ച് തന്നോടൊപ്പം പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിത്തുടങ്ങി. ഒരു വർഷത്തോളമാണ് തവണകളായി 23ലക്ഷം രൂപ തട്ടിയെടുത്തത്.