മാന്നാർ: പുലിയൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ചെമ്പൊലീൽ കിഴക്കേതിൽ ഗോപിനാഥന്റെ മകൻ രഞ്ജിത് ജി.നായർ (39) ആണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാരും സമീപവാസികളും ചേർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്. ചെങ്ങന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

പിതാവ് ഗോപിനാഥനും രഞ്ജിത്തും മാത്രമായിരുന്നു ഈ വീട്ടിൽ താമസം. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന രഞ്ജിത്ത് വിവാഹിതനായിരുന്നെങ്കിലും ഭാര്യയുമായി അകന്നു കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മകൻ മരിച്ച വിവരം അച്ഛൻ പുറത്തുപറഞ്ഞില്ലെന്നാണ് ആരോപണം. എറണാകുളത്തെ ഓൺലൈൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു രഞ്ജിത്ത്. വിവാഹിതനായിരുന്നെങ്കിലും മാസങ്ങൾക്ക് മുൻപ് ബന്ധം വേർപെടുത്തിയെന്ന് നാട്ടുകാർ പറയുന്നു.

എപ്പോഴാണ് രഞ്ജിത്ത് മരിച്ചതെന്ന് വ്യക്തമല്ല. ഇന്നലെ വൈകിട്ട് നാല് മണിയോടെ വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. ഇതോടെയാണ് അയൽവാസികളും ബന്ധുക്കളും പരിശോധിക്കാനെത്തിയത്. ഈ സമയത്താണ് രഞ്ജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ് രഞ്ജിത്തിന്റെ അച്ഛൻ ഗോപിനാഥൻ. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

രഞ്ജിത്തിന്റെ അമ്മ നേരത്തെ മരിച്ചിരുന്നു. ഏക സഹോദരി വിവാഹിതയുമാണ്. അതുകൊണ്ട് അച്ഛനും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രഞ്ജിത്തിന്റെ മരണ കാരണവും വ്യക്തമല്ല. അതുകൊണ്ട് തന്നെ പോസ്റ്റ് മോർട്ടം നിർണ്ണായകമാണ്. പൊലീസ് നിരീക്ഷണത്തിലാണ് അച്ഛൻ.