ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാർത്തകൾ ചിരിച്ചുതള്ളി അടുത്ത അനുയായിയായ ഛോട്ടാ ഷക്കീൽ. സിഎൻഎൻ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് ഷക്കീൽ ഇക്കാര്യം പറഞ്ഞത്. 'ദാവൂദ് ജീവനോടെയുണ്ട്. അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു. ഈ വ്യാജ വാർത്ത കണ്ട് ഞാൻ പോലും ഞെട്ടി പോയി. ഞാൻ ഇന്നലെ പലവട്ടം ദാവൂദിനെ കണ്ടിരുന്നു', ഷക്കീൽ പറഞ്ഞു.

വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ദാവൂദിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണു ദാവൂദെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണെന്നും ആശുപത്രിയിലെ ഉന്നത അധികൃതരെയും അടുത്ത കുടുംബാംഗങ്ങളെയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നതെന്നും പറയുന്നു.

ഇതിനു പിന്നാലെ ദാവൂദ് മരിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായി. പാക്കിസ്ഥാന്റെ കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കറിന്റേതെന്ന പേരിൽ പ്രചരിക്കുന്ന എക്‌സ് അക്കൗണ്ടിലെ കുറിപ്പിന്റെ സ്‌ക്രീൻഷോട്ടാണ് ഇതിൽ പ്രധാനം. ''പാക്കിസ്ഥാനിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായ ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽ ചെന്ന് മരിച്ചു. കറാച്ചിയിലെ ആശുപത്രിയിലാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.'' എന്നാണ് ഇതിൽ പറയുന്നത്. എന്നാൽ ഈ 'വൈറൽ' സ്‌ക്രീൻഷോട്ട് വ്യാജമാണെന്ന വ്യക്തമായി.

മിക്കവർഷവും ഒന്നോ, രണ്ടോ തവണ ഇതുപോലെ ദാവൂദിന്റെ മരണവാർത്ത സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കാറുണ്ട്. ദാവൂദ് പാക്കിസ്ഥാനിൽ ഉണ്ടെന്ന കാര്യം എല്ലാവർക്കും അറിയാമെങ്കിലും, ആ രാജ്യം അധോലോക കുറ്റവാളിയുടെ സാന്നിധ്യം ശക്തമായി നിഷേധിച്ചുപോരുന്നു.

ദാവൂദിനെ കൊന്നത് പലവട്ടം

2016 ൽ ദാവൂദിന്റെ കാലുകൾ കടുത്ത ഗാൻഗ്രീനെ തുടർന്ന് മുറിച്ചുമാറ്റാൻ പോവുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. 2017 ൽ ദാവൂദിന് ഹൃദയാഘാതം ഉണ്ടായെന്ന് ഒരുകൂട്ടർ പ്രചരിപ്പിച്ചപ്പോൾ, മറ്റൊരു കൂട്ടർ ബ്രെയിൻ ട്യൂമർ കാരണം മരണാസന്നനെന്നാണ് പരത്തിയത്. അന്നും ഛോട്ടാ ഷക്കീൽ തന്നെയാണ് വാർത്തകൾ തള്ളിയത്. 2020 ൽ ദാവൂദിനുംം ഭാര്യയ്ക്കും കോവിഡ് ബാധിച്ചുവെന്നും ദാവൂദ് മരിച്ചുവെന്നും വരെ വാർത്ത വന്നു. ദാവൂദിന് കുഴപ്പമൊന്നും സംഭവിച്ചില്ലെങ്കിലും, അനന്തരവൻ സിറാജ് കസ്‌കർ കോവിഡ് മൂലം മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വാർത്ത പരന്നത്. ഇതിനെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്ന ഒരു പ്രചരണം ഇങ്ങനെ: അടുത്ത കാലത്തായി, അതായത് ഏകദേശം കഴിഞ്ഞ രണ്ട് വർഷമായി, പാക്കിസ്ഥാനിൽ ഒളിച്ചിരുന്ന നിരവധി ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഈ ഭീകരരെല്ലാം ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ' പട്ടികയിൽ പെട്ടവരാണെന്നും പറയുന്നു. ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിലുള്ള ഭീകരർ അജ്ഞാതരാൽ വിദേശങ്ങളിൽ കൊല്ലപ്പെടുന്നുവെന്ന വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപിൽ 2018 ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതു പോലെയുള്ള നിരവധി സംഭവങ്ങൾ. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതോടെ എക്സ്(ട്വിറ്റർ) പോലെയുള്ള മാധ്യമങ്ങളിൽ 'അജ്ഞാതർക്കു' നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകളുടെ കുത്തൊഴുക്കാണ്.

ഇന്ത്യയിൽ ആക്രമണം നടത്തിയതിനും കള്ളപ്പണ ഇടപാട് നടത്തിയതിനും വിവിധ ഏജൻസികൾ ദാവൂദിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധിയും ദാവൂദിന്റേതായിരുന്നു. ഇന്ത്യ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രധാനികളിൽ ഒരാളാണ് ദാവൂദ്.

65കാരനായ ദാവൂദ് ഇബ്രാഹിം, ഇന്ത്യൻ ഏജൻസികൾ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ്. വർഷങ്ങളായി പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ദാവൂദ് കഴിയുന്നത്. ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജൻസികൾ ഏറെക്കാലമായി നിഷേധിച്ചിരുന്നു. എന്നാൽ, ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ഈയടുത്ത് ബന്ധു വെളിപ്പെടുത്തിയിരുന്നു. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗസ്സി ബാബ ദർഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം.

ആദ്യഭാര്യ മെഹ്ജബീൻ ശൈഖുമായുള്ള ബന്ധം നിലനിൽക്കെ പാക്കിസ്ഥാനിൽനിന്നും പഠാൻ സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ വർഷം ദാവൂദ് ഇബ്രാഹിമിന്റെ തലക്ക് എൻ.ഐ.എ 25 ലക്ഷം വിലയിട്ടിരുന്നു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എൻ.ഐ.എ വിശദീകരിക്കുന്നത്.

അധോലോക നായകനായി വളർന്ന ദാവൂദ് ഇബ്രാഹിം 1993ലെ മുംബൈ സ്‌ഫോടനത്തോടെയാണ് കൊടുംകുറ്റവാളി പട്ടികയിലായത്. മുംബൈ സ്‌ഫോടന പരമ്പരയിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 700ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, കൊള്ളയടിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ദാവൂദിന് പങ്കുണ്ട്. അൽഖ്വയ്ദ, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ ഭീകരസംഘടനകൾക്ക് ദാവൂദ് സാമ്പത്തിക സഹായം നൽകുന്നതായി ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നു.