- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കൂട്ടി വന്ന് യുവതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ചു; കേസ് പിൻവലിക്കാൻ വാഗ്ദാനം ചെയ്തത് 6 സെന്റ് സ്ഥലവും വീടും; ഫോട്ടോയും ഫോൺ നമ്പരും അശ്ലീല വെബ് സൈറ്റിലിട്ട കേസിൽ രണ്ട് യുവതികൾ ഉൾപ്പെടെ 8 പേർ പ്രതി കൂട്ടിൽ; അരി വ്യവസായി വിളിച്ച ഫോൺ സംഭാഷണത്തിൽ ഉള്ളത് അട്ടിമറി ഗൂഢാലോചന
തിരുവനന്തപുരം: യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കേസിലെ പ്രതികളെ രക്ഷിക്കാൻ കേസിൽ ഉൾപ്പെട്ട അരിവ്യവസായി തന്നെ രംഗത്ത് എത്തിയതിന്റെ തെളിവുകൾ പരാതിക്കാരി പുറത്തുവിട്ടു. കേസിലെ പ്രതിയായ ഗവാസ്ക്കർ ഫോണിൽ വിളിച്ച് കേസിൽ നിന്നും പിന്മാറാൻ സമ്മർദ്ദം ചെലുത്തുന്നതും കേസ് വേണ്ടെന്ന് വച്ചാൽ മറ്റൊരു പ്രതിയായ ഫയാസ് 6 സെന്റ് സ്ഥലവും വീടും പരാതിക്കാരിക്ക് കൈമാറാമെന്ന വാഗ്ദാനവും നൽകുന്നുണ്ട്. കേസിന്റെ ഭവിഷത്ത് കാട്ടി പരാതിക്കാരിയെ ഭയപ്പെടുത്താനും ശ്രമിക്കുന്ന ഓഡിയോ ആണ് വാട്സ് ആപ് ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നത്.
കേസിലെ പ്രതികളിലൊരാളായ ഫയാസ് ഭാര്യയേയും കൂട്ടി പരാതിക്കാരിയുടെ വീട്ടിൽ എത്തി മാപ്പ് പറഞ്ഞിരുന്നു. ഇതിനും ഇടനില നിന്നത് കേസിലെ മറ്റൊരു പ്രതിയായ ഗവാസ്കർ തന്നെയാണ്. യുവതി പരാതി നൽകിയ ശേഷം കാട്ടാക്കട സ്റ്റേഷനിലെ സി ഐ തന്നെ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചിരുന്നു. ഒരു പത്രത്തിന്റെ കാട്ടാക്കടയിലെ പ്രാദേശിക ലേഖകനും കേസ് ഒതുക്കി തീർക്കാൻ ഇടപെട്ടുവെന്നു ആക്ഷേപം ഉണ്ട്.
കേസിൽ എഫ്.ഐ. ആർ രജിസ്റ്റർ ചെയ്യുന്നതിന് തലേ ദിവസമാണ് യുവതിയെ സമ്മർദ്ദത്തിലാക്കാൻ കേസിലെ പ്രതികൾ ശ്രമിച്ചത്. യുവതിയ്ക്കൊപ്പം പഠിച്ചവർ ഫോട്ടോയും ഫോൺനമ്പറും അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ചതെന്നാണ് കേസ് . ഇതിന് പിന്നിൽ 10-ാം ക്ലാസിലെ പൂർവ്വ വിദ്യാർത്ഥി വാട്സ് ആപ് കൂട്ടായ്മയിലെ 8 പേരാണ് ഉള്ളതെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസിലായി.
പരാതിക്കാരിയെ സമൂഹ മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടെ ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾ പരാതിക്കാരിയുടെ ഫോട്ടോയും ഫോൺ നമ്പരും ലൈംഗികത കലർന്ന മെസേജുകളും അശ്ലീല വെബ് സൈറ്റിൽ ഇട്ട് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വെബ് സൈറ്റിലെ ചിത്രവും ഫോൺ നമ്പരും കണ്ട് മറ്റ് രാജ്യങ്ങളിൽ നിന്നു പോലും ഫോൺ വിളിച്ച് അപമാനിക്കുകയും ലൈംഗിക ചുവയോടെ മെസേജ് അയക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ ആറിൽ പറയുന്നത്.
സംഭവത്തിൽ ആദ്യം മുതൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് യുവതി ആരോപിച്ചിരുന്നു..പരാതി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചെന്ന് യുവതി റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. അതേ പരാതി വീണ്ടും സി ഐക്ക് റൂറൽ എസ്പി ഓഫീസിൽ നിന്നും കൈമാറിയതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അശ്ലീല വെബ്സൈറ്റിലും വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോൺനമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോഴാണ് പത്താം ക്ലാസിൽ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ഫോട്ടോ ചോർന്നതെന്ന് മനസ്സിലായത്.വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ മൊബൈൽ ഫോണിലേക്ക് പ്രവഹിക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും ഭർത്താവും അന്വേഷണം തുടങ്ങിയത്. ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റിൽ പ്രചരിച്ചത്.
ഇത് ഒരു സുഹൃത്തിന്റെ വിവാഹത്തിന് എടുത്ത ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു. സ്കൂൾ ഗ്രൂപ്പിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു ഇതാണ് പ്രതികൾ ദുരുപയോഗം ചെയ്തത്. തുടർന്ന് യുവതി സംശയം സംബന്ധിച്ച വിവരങ്ങൾ പൊലീസിന് നൽകി. എന്നിട്ടും പൊലീസ് ഒത്തുതീർപ്പിനാണ് ആദ്യം ശ്രമിച്ചത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്