മലപ്പുറം: എടവണ്ണ ചെമ്പകുത്തിൽ എം.ഡി.എം.എ കേസിൽ പ്രതിയായ യുവാവിനെ സുഹൃത്ത് വെടിവെച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്കു കൊലപ്പെടുത്താൻ തോക്കു നൽകിയ യു.പി. സ്വദേശി അറസ്റ്റിൽ. റിദാൻ ബാസിൽ വധ കേസ്സിൽ പ്രതി ഷാന് തോക്ക് നൽകിയ യു.പിയിലെ ഹാപ്പൂർ ജില്ലയിലെ ഖുറാന സ്വദേശി കുർഷിദ് ആലത്തെ(44)യാണു ഹാപ്പൂർ ജില്ലയിലെ ഖുറാനയിൽ വെച്ച് അറസ്റ്റ് ചെയ്തത്. കുർഷിദും ഷാനും രണ്ടു വർഷം മുമ്പ് ഒരുമിച്ച് സൗദിയിൽ ജോലി ചെയ്തിരുന്നു. ബഹ്റിനിൽ നിന്നും സൗദിയിലേക്ക് ഷാനു വേണ്ടി മദ്യം കടത്തിയതിന് 2021 ൽ കുർഷിദ് ആലം പിടിക്കപ്പെട്ടിരുന്നു. ഈ കേസ്സിൽ കുർഷിദും ഷാനും ആറുമാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു.

ശിക്ഷാ കാലാവധി കഴിഞ്ഞ് രണ്ടു പേരേയും സൗദിയിൽ നിന്നും നാടുകടത്തി. നാട്ടിലെത്തി റിദാനെ കൊല്ലാൻ പദ്ധതിയിട്ട ഷാൻ കഴിഞ്ഞ മാർച്ചിൽ വീണ്ടും കുർഷിദുമായി ബന്ധപ്പെടുകയും, താൻ നാട്ടിൽ സ്വർണ്ണത്തിന്റെ ബിസിനസ്സ് നടത്തുന്നുണ്ടെന്നും അതിന്റെ സുരക്ഷക്കായി ഒരു തോക്കു വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് മാർച്ച് മാസം അവസാനം ഹാപ്പൂരിലെത്തിയ ഷാന്, ഒരു ലക്ഷത്തി പതിനായിരം രൂപക്ക് കുർഷീദ് എട്ടു റൗണ്ട് നിറക്കാൻ കഴിയുന്ന പിസ്റ്റളും 20 റൗണ്ടും സംഘടിപ്പിച്ചു നൽകുകയായിരുന്നു. തോക്കുമായി നാട്ടിലെത്തിയ ഷാൻ യൂടൂബിൽ നോക്കി തോക്കിന്റെ പ്രവർത്തനങ്ങൾ പഠിക്കുകയും, ഷാന്റെ നിർമ്മാണത്തിലുള്ള വീട്ടിൽ വെച്ച് തോക്കുപയോഗിക്കാൻ പരിശീലനം നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ 28 ന് വിമാന മാർഗ്ഗം ഹാപ്പൂരിലേക്ക് പോയ അന്വേഷണ സംഘം യു.പിപൊലീസിന്റെ സഹായത്തോടുകൂടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് സാമ്പത്തിക സഹായം നൽകുകയും തോക്ക് വാങ്ങാൻ സഹായിക്കുകയും ചെയ്ത പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എടവണ്ണ സ്റ്റേഷനിലെ ഷിനോജ് മാത്യൂ, സബീറലി, ഡാൻസാഫ് അംഗങ്ങളായ കെ.ടി ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

യുവാവ് കൊലപ്പെടുത്താൻ ഉപയോഗിച്ച പിസ്റ്റൾ വാങ്ങിയത് ഡൽഹിയിൽ നിന്നാണെന്നും ഇറ്റാലിയൻ നിർമ്മിത പിസ്റ്റളാണ് കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നും നേരത്തെ തന്നെ പൊലീസിനു വ്യക്തമായിരുന്നു. മുഖ്യപ്രതിക്കു പുറമെ അറസ്റ്റ് രേഖപ്പെടുത്തിയ മൂന്നുപേരും സഹായങ്ങൾ നൽകിയവരാണ്. ഷാനോടൊപ്പം പിസ്റ്റൾ വാങ്ങാൻ പോയതിനാണ് കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ബൈത്തുൾ അജ്‌ന ഹൗസിൽ അഫ്‌നാസ് (29), സാമ്പത്തിക സഹായം നൽകിയ എടവണ്ണ മുണ്ടേങ്ങര മഞ്ഞളാംപറമ്പൻ റഹ്‌മാൻ ഇബ്‌നു ഹൗഫ് (29), തിരുവാലി സ്വദേശി പുളിയക്കോടൻ അനസ് (31) എന്നിവരെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.. കൊല്ലപ്പെട്ട റിദാൻ ബാസിലിനോടൊപ്പം നേരത്തെ എം.ഡി.എം.എ കടത്ത് കേസിൽ അറസ്റ്റിലായിരുന്ന സുഹൃത്ത് ഷമീമിനെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.

ഷമീമിന്റെ ഭാര്യ ആത്മഹത്യചെയ്ത കേസിൽ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ ഷമീം ജാമ്യത്തിലിറങ്ങിയിരുന്നത് അടുത്തിടെയാണ്. ഷമീമാണു തന്നെ എം.ഡി.എം.എ കേസിൽ കുടുക്കിയതെന്നു റിദാൻ തന്നെ അടുപ്പക്കാരോടു പറഞ്ഞിരുന്നു. തന്റെയും സഹോദരന്റെയും ചില മദ്യ, മയക്കുമരുന്ന് ഇടപ്പാടുകൾ റിദാൻ ബാസിൽ ഒറ്റികൊടുത്തുവെന്ന മുഹമ്മദ് ഷാന്റെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.

നിലവിൽ അറസ്റ്റിലായ കൂട്ടുപ്രതികളായ മൂന്നു പേർക്കും കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും മുഖ്യ പ്രതി കൊലപാതക ആസൂത്രണത്തിന്റെ ഭാഗമായി നടത്തിയ ശ്രമങ്ങളിൽ ഇവരുടെ പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ഒന്നര വർഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസ് പറയുന്നത്. മുഹമ്മദ് ഷാനും അഫ്‌നാസും ചേർന്നാണ് ഡൽഹിയിൽ നിന്ന് പിസ്റ്റൾ വാങ്ങിയതെന്നാണ് കരുതുന്നത്. ഹൗഫും അനസും ഇവർക്ക് സാഹായം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

ഏഴ് റൗണ്ട് വെടിയുതിർത്തെങ്കിലും മൂന്ന് തവണ മാത്രമാണ് ശരീരത്തിൽ തറച്ചത്. റിദാൻ നിലത്ത് വീണു മരിച്ചുവെന്ന് ഉറപ്പിച്ച ശേഷം പ്രതി റിദാന്റെ ഫോണുമായി മടങ്ങി സീതിഹാജി പാലത്തിന് മുകളിൽ നിന്ന് ഫോൺ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഇതിനിടെ റിദാന്റെ ഭാര്യയെ വിളിച്ച് താൻ അവിടെ നിന്ന് പോയിട്ടുണ്ടെന്നും റിദാൻ അവിടെ ഉണ്ടെന്നും പറഞ്ഞു. ഭാര്യ റിദാനെ ഫോണിൽ പലതവണ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. മുഹമ്മദ് ഷാനോട് അന്വേഷിച്ചപ്പോൾ തനിക്കറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. റിദാൻ മരിച്ച സ്ഥലത്ത് സംശയം തോന്നാതിരിക്കാൻ പ്രതികളും എത്തിയിരുന്നു. തന്റെയും സഹോദരന്റെയും ചില ഇടപ്പാടുകൾ റിദാൻ ബാസിൽ ഒറ്റികൊടുത്തുവെന്ന മുഹമ്മദ് ഷാന്റെ സംശയമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്. ഉള്ളിലെ പക പുറത്ത് കാണിക്കാതെ പുറമെ സ്‌നേഹം നടിച്ചാണ് റിദാൻ ബാസിലിനെ മുഹമ്മദ് ഷാൻ വകവരുത്തിയത്.