- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിദാനെ കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്യിച്ചു; ഏഴുറൗണ്ട് വെടിവച്ച ശേഷം റിദാന്റെ ഭാര്യയെ വിളിച്ച് ഭർത്താവ് കുന്നിൻ മുകളിൽ ഉണ്ടെന്നും വിളിച്ചുപറഞ്ഞു; എടവണ്ണ കൊലപാതകം കരുതിക്കൂട്ടി; പിസ്റ്റൾ സംസ്ഥാനത്തിന് പുറത്തുനിന്നും; സുഹൃത്ത് അറസ്റ്റിൽ
മലപ്പുറം: എടവണ്ണ ചെമ്പക്കുത്ത് പുലിക്കുന്ന് എന്ന സ്ഥലത്ത് യുവാവ് വെടിയേറ്റു മരണപ്പെട്ട സംഭവത്തിൽ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചെമ്പകുത്ത് സ്വദേശി അറയിലകത്ത് റിദാൻ ബാസിൽ(27) കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് ഷാനെ(30)യാണ് ഇന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22 ന് പെരുന്നാൾ ദിവസം രാവിലെ 08.00 മണിയോടെയാണ് റിദാൻ ബാസിലിനെ വീടിനു സമീപമുള്ള കുന്നിൻ മുകളിൽ വെടിയേറ്റു മരിച്ച നിലയിൽ സഹോദരൻ റാസിൻ ഷാൻ കണ്ടത്. ഒരു വർഷത്തോളമായി റിദാനോട് പ്രതിക്കുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. റിദാനെ കൊലപ്പെടുത്താനായി തീരുമാനിച്ച പ്രതി ഇതിനായി കേരളത്തിനു പുറത്തു നിന്നും പിസ്റ്റൾ സംഘടിപ്പിച്ചിരുന്നു. റിദാനും പ്രതിയും ചേർന്ന് വാടകക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് 21 ന് രാത്രി 9.00 മണിയോടെ പ്രതി റിദാനെ വീട്ടിലെത്തി സ്കൂട്ടറിൽ കയറ്റി റിദാന്റെ വീടിനു സമീപമുള്ള കുന്നിൻ മുകളിലെ വിജനമായ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി.
റിദാനെ കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിച്ച് വീട്ടിലേക്ക് 10.30 ക്ക് എത്തുമെന്ന് അറിയിച്ച ശേഷം പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് റിദാനെ വെടിവെച്ചു കൊല്ലുകയായിരുന്നു. 7 റൗണ്ട് വെടിവെച്ചെങ്കിലും 3 എണ്ണമാണ് ശരീരത്തിൽ തറച്ചത്. ഇതോടെ നിലത്തു വീണ റിദാൻ മരിച്ചു എന്നുറപ്പു വരുത്തിയ ശേഷം റിദാന്റെ ഫോണുമെടുത്ത് പ്രതി വീട്ടിലേക്ക് പോവുകയും പോകുന്ന വഴിയിൽ വെച്ച് മൊബൈൽ ഫോൺ സീതി ഹാജി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് എറിയുകയായിരുന്നു. ഇതിനിടയിൽ റിദാന്റെ ഭാര്യയെ വിളിച്ച് താൻ അവിടുന്നു പോന്നു എന്നും റിദാൻ കുന്നിൻ മുകളിൽ ഉണ്ടെന്നും പ്രതി വിളിച്ചു പറഞ്ഞു.
ഭാര്യ റിദാനെ ഫോണിൽ പല തവണ വിളിച്ചെങ്കിലും കിട്ടാത്തതിനാൽ പ്രതിയെ വിളിച്ച് അന്വേഷിച്ചിരുന്നു. എനിക്കറിയില്ല എന്നു പറഞ്ഞ് പ്രതി ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് രാവിലെ റിദാന്റെ സഹോദരൻ കുന്നിൻ മുകളിൽ പോയി നോക്കിയപ്പോഴാണ് റിദാൻ മരിച്ചു കിടക്കുന്നത് കണ്ടത്. മറ്റാർക്കും സംശയം തോന്നാതിരിക്കാൻ പ്രതിയും റിദാൻ മരിച്ചു കിടക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു. കേസ്സ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയേയും റിദാന്റെ മറ്റു സുഹൃത്തുക്കളേയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.
ആദ്യമൊക്കെ എതിർത്തു നിന്നെങ്കിലും ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തോക്ക് പ്രതിയുടെ വീടിന്റെ പുറകിലെ വിറകുപുരയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മറ്റാരെങ്കിലും പ്രതിയെ സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി നിലമ്പൂരിൽ ക്യാംപ് ചെയ്ത് നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത് .ഡി.വൈ.എസ്പി മാരായ സാജു.കെ.അബ്രഹാം, സന്തോഷ്കുമാർ, കെ.എം.ബിജു, സിഐ പി.വിഷ്ണു, എസ്ഐമാരായ വിജയരാജൻ, അബ്ദുൾ അസീസ്, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മോഹൻദാസ്, സൈബർ സെൽ ഉദ്യോഗസ്ഥരായ എഎസ്ഐക ബിജു, ശൈലേഷ് തുടങ്ങിയവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്