തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പൊലീസ് മേധാവിക്ക് പരാതി. ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് പരാതി നൽകിയത്. കലാപത്തിന് മന്ത്രി ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം.

ഗവർണറെ ആക്രമിക്കാൻ ശ്രമിച്ച എസ്.എഫ്.ഐക്കാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കണം എന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണ്. കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് റിയാസ് ചെയ്തത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായിൽ നിന്ന് വീഴാൻ പാടില്ലാത്തതാണ്. നാലാം കിട ഡിവൈഎഫ്‌ഐ നേതാവിന്റെ സ്വരത്തിൽ ഒരു മന്ത്രി സംസാരിക്കാൻ പാടില്ല-സന്ദീപ് വാചസ്പതി അറിയിച്ചു.

മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും ഗവർണറെ ആക്രമിക്കാൻ പ്രേരണ നൽകിയതിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുകയും ചെയ്യുമെന്നും സന്ദീപ് വാചസ്പതി മറുനാടനോട് പ്രതികരിച്ചു. ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ.യെ പിന്തുണച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത് വന്നിരുന്നു. ഈ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് കൊടുത്തത്.

കലാലയങ്ങളിലെ കാവിവത്കരണത്തെ ചെറുക്കുന്ന എസ്.എഫ്.ഐ.ക്ക് പ്രതിപക്ഷം ഷേക്ക് ഹാൻഡ് കൊടുക്കുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞിരുന്നു. ബിജെപി.യുടെ പ്രതിപക്ഷനേതാവ് എങ്ങനെയാണോ പ്രവർത്തിക്കുക അതിലും ഭംഗിയായാണ് വി.ഡി. സതീശൻ ബിജെപി.യുടെ രാഷ്ട്രീയം പയറ്റുന്നതെന്നും മുഹമ്മദ് റിയാസ് വിമർശിച്ചിരുന്നു.

റിയാസിന്റെ പ്രതികരണം ചുവടെ

നമ്മുടെ രാജ്യത്ത് സർവകലാശാലകളെ വർഗീയവത്കരിക്കുക, കാവിവത്കരിക്കുക എന്നത് എങ്ങനെയാണെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ബിജെപി.- ആർഎസ്എസ്. നേതൃത്വം അവരുടെ പ്രതിനിധികളെ സർവകലാശാലകളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ കുത്തിക്കയറ്റാറുണ്ട്. അതിനു സമാനമായി കേരളത്തിലെ സർവകലാശാലകളിലും നീക്കങ്ങൾ നടത്തുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ഉത്തരവാദിത്വമുള്ള കോൺഗ്രസ് നേതാവായ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു.വും അതിനെതിരെ പ്രതികരിക്കുന്നില്ല എന്നുമാത്രമല്ല ഉയർന്നുവരുന്ന പ്രതികരണങ്ങളെ അതിശക്തമായി അപലപിക്കാനും അക്രമിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്, മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തിലെ നിയമസഭയിൽ ബിജെപി.യുടെ അക്കൗണ്ട് പൂട്ടിക്കാൻ ഞങ്ങൾക്ക് സാധിച്ചു. പക്ഷേ, കേരളത്തിലെ നിയമസഭയിൽ ബിജെപി.യുടെ രാഷ്ട്രീയ അക്കൗണ്ട് പൂട്ടിക്കാൻ പറ്റിയിട്ടില്ല. പ്രതിപക്ഷനേതാവിനെ പോലെയുള്ളവർ കേരളത്തിലെ നിയമസഭയിൽ നിന്നുകൊണ്ട് ബിജെപി. രാഷ്ട്രീയം പയറ്റുകയാണ്. നിയമസഭയ്ക്കകത്തും നിയമസഭയ്ക്കു പുറത്തും അതാണ് കാണുന്നത്. എ.ബി.വി.പി. എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് കേരളത്തിലെ കലാലയങ്ങളിൽ വലിയ നിലയിൽ തിരിച്ചടിയേൽക്കാറുണ്ട്. അത് വിദ്യാർത്ഥികളുടെ മതനിരപേക്ഷ മനസ്സാണ്.

എന്നാൽ, എ.ബി.വി.പി. ആഗ്രഹിക്കുന്ന രാഷ്ട്രീയം കെ.എസ്.യു പോലെയുള്ള വിദ്യാർത്ഥി സംഘടനകളേക്കൊണ്ട് ഏറ്റെടുത്ത് പ്രവർത്തിക്കാനാണ് പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുക്കുന്നത്. കാവിവത്കരണ-വർഗീയവത്കരണ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുന്ന എസ്.എഫ്.ഐ. പോലെയുള്ള വിദ്യാർത്ഥിസംഘടനകൾക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുക്കാൻ യഥാർഥത്തിൽ ഉത്തരവാദിത്വമുള്ള മതനിരപേക്ഷത നിലനിൽക്കുന്നു എന്ന് പറയുന്ന കോൺഗ്രസ് പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവാണ് ഇത്തരം സമീപനം സ്വീകരിക്കുന്നത്, മന്ത്രി കൂട്ടിച്ചേർത്തു.