തിരുവനന്തപുരം: കൊടു ഭീകരനെന്ന് എൻഐഎ ആരോപിക്കുന്ന സാദ്ദിഖ് അലി വട്ടിയൂർക്കാവിലെത്തി രണ്ടാം വിവാഹം നടത്തിയത് തീവ്രവാദ പ്രവർത്തനങ്ങളുടെ തിരുവനന്തപുരത്തെ ഏകോപനത്തിന് വേണ്ടിയാണെന്നാണ് സംശയം. സാദ്ദിഖ് അലി പലതവണ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിയെന്നും റിപ്പോർട്ടുകളെത്തി. സാദിഖ് അലിയുടെ വട്ടിയൂർക്കാവിലെ അടുത്ത ബന്ധുവിനെ കാണാനില്ലെന്നതും വാർത്തയായി. ഇതെല്ലാം തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതായിരുന്നു. ഇതിന് പിന്നാലെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ബാർബർ ഷോപ്പിലെ വിവാദം.

റോയൽ ഹെയർ ക്രാഫ്റ്റ് എന്ന ബാർബർ ഷോപ്പിനെതിരെയാണ് വിവാദം. പരാതിക്കാരൻ മുടി വെട്ടാൻ ഈ കടയിൽ എത്തി. വാട്‌സാപ്പില്ലാത്ത സാധാരണ മൊബൈലായിരുന്നു ഉണ്ടായിരുന്നത്. ഈ ഫോൺ തന്ത്രത്തിൽ കൈക്കലാക്കി ഫോൺ നമ്പർ മറ്റൊരാൾക്ക് അയച്ചു കൊടുത്തു. അതിന് ശേഷം മറ്റൊരു ഫോണിൽ മുടി വെട്ടാനെത്തിയ ആളുടെ നമ്പരിൽ വാട്‌സാപ്പുണ്ടാക്കി. ഒടിപി നമ്പർ മെസേജ് കൈക്കലാക്കിയായിരുന്നു ചതി. അതിന് ശേഷം ഈ വാട്‌സാപ്പ് നമ്പർ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ ശ്രമിച്ചു. ഉണ്ടാക്കിയ വാട്‌സാപ്പിൽ പ്രൊഫൈലായി ഇട്ടത് തോക്ക് ചൂണ്ടി നിൽക്കുന്ന ആളുകളുടെ ഫോട്ടോയും ഉറുദുവിലുള്ള വാചകങ്ങളുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഐടി ആക്ടും ഐപിസിയിലെ വിവിധ വകുപ്പുകളും അനുസരിച്ച് കേസെടുത്തത്. ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു.

രണ്ടു പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ ഒരാൾ ഹെയർ ക്രാഫ്റ്റ് ബാർബർ ഷോപ്പിലെ ഉടമസ്ഥനാണ്. ഇയാൾ ദീർഘകാലമായി തിരുവനന്തപുരത്തുണ്ട്. ഇയാൾക്ക് ഈ വിവാദത്തിൽ പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെ ഇയാളെ വിട്ടയച്ചു. എന്നാൽ ഈ കടയിലെ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയുടെ കൈയിലെ ഫോണിൽ പാക് ആർമിയുടെ ചിത്രം പ്രൊഫലാക്കിയ വാട്‌സാപ്പും കണ്ടെത്തി. പാക്കിസ്ഥാനോട് അനുഭാവം കാട്ടുന്ന പോസ്റ്റുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തത്.

ഐബിയും റോയും അടക്കമുള്ള ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷിക്കുന്നുണ്ട്. ഉത്തർ പ്രദേശിൽ അടക്കം അന്വേഷണം നടത്തും. അതിന് ശേഷം തെളിവ് കിട്ടിയാൽ ഇയാൾക്കെതിരെ ഭീകര വിരുദ്ധ ചാർജ്ജുകളും ചുമത്തും. കേസ് അന്വേഷണം എൻഐയ്ക്ക് കൈമാറേണ്ടിയും വരും. എന്നാൽ നിലവിൽ കേന്ദ്ര ഏജൻസികൾ പ്രത്യക്ഷത്തിൽ അന്വേഷണം തുടങ്ങിയിട്ടില്ല. മിലിറ്ററി ഇന്റലിജൻസും വിവരങ്ങൾ എടുത്തിട്ടുണ്ട്. അറസ്റ്റിലായ ആളുടെ പശ്ചാത്തലം മനസ്സിലാക്കാനാണ് ഈ സമയത്ത് ശ്രമിക്കുന്നത്.

മുടിവെട്ടി വ്യക്തി വീട്ടിലെത്തിയ ശേഷം മകൻ ഫോണിലൂടെ കടന്നു പോയപ്പോൾ മെസേജ് ശ്രദ്ധയിൽപെട്ടു. അത് വാട്‌സാപ്പിന്റെ ഒടിപിയായിരുന്നു. അച്ഛനോട് വാട്‌സാപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. പിന്നീടാണ് മുടി വെട്ടുന്ന കടയിലെ യുവാവ് ഫോൺ വാങ്ങിയത് പറഞ്ഞത്. തുടർന്ന് നടന്ന അന്വേഷണമാണ് തീവ്രവാദ പ്രൊഫൈലിൽ അന്വേഷണം എത്തിയത്. തുടർന്ന് അവർ ഫോർട്ട് പൊലീസിൽ പരാതിയും നൽകി. ഗൗരവം മനസ്സിലാക്കി എഫ് ഐ ആർ ഇടുകയും കടയിലെ ജീവനക്കാരനെ റിമാൻഡ് ചെയ്യുകയുമായിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിനു പടിഞ്ഞാറേ നടയിൽ നിന്നും 100 മീറ്റർ മാറി റോയൽ ഹെയർ ക്രാഫ്റ്റ് എന്ന് പറയുന്ന ഒരു ജെൻസ് ബ്യൂട്ടിപാർലർ പ്രവർത്തിക്കുന്നുണ്ട്. പാവപ്പെട്ട വയോധികന്മാരുടെയും ടെക്നിക്കലി സൗണ്ട് അല്ലാത്തവരുമായവരുടെ ഫോൺ വാങ്ങിച്ച് ആ നമ്പർ വെച്ച് വാട്‌സ്ആപ്പ് തുടങ്ങി അതിനകത്ത് തീവ്രവാദ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ആട് മെയ്‌ക്കാൻ ക്യാൻവാസ് ചെയ്യുകയുമൊക്കെ ചെയ്യുന്നത് കേരളത്തിൽ ട്രെൻഡ് ആണല്ലോ ഇപ്പോൾ.. ഇതെല്ലാം കണ്ട് നിസ്സഹാരായി നമ്മുടെ പൊലീസുകാർ നിൽക്കുന്നത് പോട്ടെ,  അവരുടെ അവസ്ഥയാണത്-ഇതാണ് ഈ വിവാദവുമായി ബന്ധപ്പെട്ട് മുൻ യുവമോർച്ചാ നേതാവ് ഹരികൃഷ്ണൻ ഇട്ട പോസ്റ്റിലുള്ളത്.



അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്ന ഈ കടയിൽ ഇന്ന് വേറെ സ്റ്റാഫിനെ കൊണ്ടുവന്നു കട തുറപ്പിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ ആകർഷണം. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഇടപെട്ട് കട വീണ്ടും അടപ്പിച്ചു. ഇതിന്റെയൊക്കെ പുറകിൽ ആരാണ് എന്ന് ആർക്കും ഒരു ഐഡിയയും ഇല്ല. നാടാകെ ഫോട്ടോയും ഫ്‌ളക്‌സും വെച്ച് നേതാവായി ഇരിക്കാനല്ല, ഇതുപോലുള്ള സാഹചര്യങ്ങളിൽ നാട്ടുകാരെ കൂട്ടി ഇതുപോലുള്ള നീക്കകങ്ങൾക്ക് നേരെ നീങ്ങുവാനും അതിനെതിരെ പരാതിയും മറ്റു കാര്യങ്ങളും കൊടുക്കുവാനും അന്വേഷണം നടത്തി നാട്ടുകാരുടെ ഭീതി മാറ്റുവാനുമൊക്കെയാണ്  നേതാക്കന്മാർ എന്നാണ് എന്റെ ഒരിത്.. ഇതേ പേരിലുള്ള പാർലർ ഇതേ നമ്പർ വെച്ച് ഇഞ്ചക്കലും മറ്റു സ്വാധീന സ്ഥലങ്ങളിലും അല്ലാത്ത സ്ഥലങ്ങളിലുമായി തുടങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്-ഇങ്ങനെയാണ് പോസ്റ്റ് വിശേഷിപ്പിക്കുന്നത്.

കേരളത്തിൽ അതിഥി തൊഴിലാളികൾ എന്ന പിണറായി വിജയൻ ഓമനപ്പേരിട്ട് വിളിക്കുന്ന ഇവർ വന്ന് ഇത്രയും ഇൻവെസ്റ്റ്‌മെന്റ് നടത്തി  ചെറുതും വലുതുമായ പല പാർലറുകളും, ജ്യൂസ് കടകളും, സ്ത്രീകൾക്കും പുരുഷന്മാർക്കുമെല്ലാമുള്ള തുണിക്കടകളുമൊക്കെ തുടങ്ങാൻ ഇവർക്കൊക്കെ എങ്ങനെയാണ് ഗ്രൗണ്ട് ബേസ് കിട്ടുന്നത് എന്ന് അന്വേഷിക്കണം. മറ്റൊരുദാഹരണം തിരുവനന്തപുരം ഏറ്റവും പ്രീമിയം സ്ഥലമായ കവടിയാർ അവസാനമായി പ്രവർത്തിക്കുന്ന ഒരു ഹിന്ദികാരന്റെ പേരിലുള്ള സ്ഥാപനമാണ്.  പനവിളയുള്ള ഒരു പ്രമുഖ ബ്യൂട്ടിപാർലറിൽ വർക്ക് ചെയ്തുകൊണ്ടിരുന്ന ഇയാൾ ഒരു സുപ്രഭാതത്തിൽ മലയാളിയെ കൂട്ടുപിടിച്ച് ഒരു സ്ഥാപനം കവടിയാർ ഗോൾഫ് ലിങ്ക്‌സിൽ തുടങ്ങുകയും ഉടമസ്ഥനുമായി തെറ്റി തൊട്ടടുത്ത് തന്നെ ഹിന്ദിക്കാർ മാത്രം ചേർന്ന് ബ്യൂട്ടിപാർലർ തുടങ്ങുകയും ചെയ്തു-പോസ്റ്റ് ആരോപിക്കുന്നു.

- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.