തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത കേസിലെ പ്രതി റുവൈസിന്റെ പിതാവ് ഒളിവിൽ പോയെങ്കിലും ഇയാളെ കണ്ടെത്താൻ പൊലീസ് മതിയായ ഇടപെടൽ നടത്തുന്നില്ലെന്ന് സൂചന. പൊലീസിന്റെ ജാഗ്രത കുറവാണ് കുടുംബം ഒളിവിൽ പോകാൻ കാരണം. റുവൈസും കുടുംബവും വൻ സ്ത്രീധനം ആവശ്യപ്പെട്ടതിൽ മനംനൊന്താണ് താൻ ജീവനൊടുക്കുന്നതെന്ന് ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കുടുംബവും കേസിൽ പ്രതിയാകുമെന്ന് ഉറപ്പായിരുന്നു. റുവൈസിനെ അറസ്റ്റ് ചെയ്ത പൊലീസ് അതിന് ശേഷം കുടുംബത്തെ നിരീക്ഷിച്ചില്ല. ഇവർക്ക് രക്ഷപ്പെടാൻ അത് കാരണമായി.

ഡോ. റുവൈസിനെ കൂടാതെ ഇയാളുടെ പിതാവ് കരുനാഗപ്പള്ളി മീന്മുക്ക് മദ്രസയ്ക്ക് സമീപം ഇടയില വീട്ടിൽ അബ്ദുൾ റഷീദിനും നിർണായക പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെയും പ്രതിചേർത്തു. സ്ത്രീധന നിരോധനം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്. കരുനാഗപ്പള്ളിയിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും പൂട്ടിയ നിലയിലാണ്. ഇയാൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.നവംബർ 18ന് ബന്ധുക്കൾ കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട്ടിലെത്തിയപ്പോൾ പിതാവാണ് സ്ത്രീധനത്തിന് വേണ്ടിയുള്ള വിലപേശൽ നടത്തിയതെന്ന് ഷഹ്നയുടെ സഹോദരൻ ജാസിം നാസ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെയും പ്രതിചേർത്തത്.

ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം വീട്ടിലെത്തിയപ്പോഴാണ് റുവൈസിന്റെ പിതാവ് ഒളിവിൽ പോയ വിവരം അറിയുന്നത്. ഇയാളെ വൈകാതെ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. റുവൈസിനെ അറസ്റ്റു ചെയ്യുമ്പോൾ ഇവരെല്ലാം വീട്ടിലുണ്ടായിരുന്നു. അറസ്റ്റിന് ശേഷം കൂടുതൽ തെളിവുകൾ പുറത്തു വന്നു. ഇതോടെ റുവൈസിന്റെ അച്ഛനും അമ്മയും മുങ്ങി. പൊലീസ് ഇവരെ നിരീക്ഷിച്ചിരുന്നുവെങ്കിൽ അതുണ്ടാകുമായിരുന്നില്ല. പ്രാഥമികമായി ചെയ്യേണ്ടത് പൊലീസ് ചെയ്തില്ല.

സ്ത്രീധനമോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നതെന്നും വിവാഹ വാഗ്ദാനം നൽകി ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യമെന്നും ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. ഒന്നരക്കിലോ സ്വർണവും ഏക്കർ കണക്കിന് വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലെന്നും ഷഹ്ന കുറിപ്പിൽ പരാമർശിച്ചിരുന്നു. സുഹൃത്ത് വിവാഹ വാഗ്ദാനം നൽകി ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഷഹ്ന മെഡിക്കൽ കോളജ് സർജറി വിഭാഗം പി ജി വിദ്യാർത്ഥിനിയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതി റുവൈസിനെ കോടതി ഡിസംബർ 21 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സുഹൃത്ത് ഡോക്ടർ ഇ എ റുവൈസ് കോടികളുടെ സാമ്പത്തിക ഭദ്രതയുള്ള കുടുംബാംഗമാണ്. കരുനാഗപ്പള്ളിക്ക് അടുത്ത് കോഴിക്കോട് എന്നൊരു സ്ഥലമുണ്ട്. ഇതിന് അടുത്താണ് റുവൈസിന്റെ വീട്. ഷഹനയുടെയും റുവൈസിന്റെയും സുഹൃത്തുകളുടെ മൊഴിയും മെഡിക്കൽ കോളജ് പൊലീസ് രേഖപ്പെടുത്തും. അച്ഛനാണ് സ്ത്രീധനം ചോദിച്ചതെന്ന് റുവൈസും സമ്മതിച്ചിട്ടുണ്ട്.

റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദ് പ്രവാസിയായിരുന്നു. നിലവിൽ കരാർ പണികൾ ഏറ്റെടുത്ത് നടത്തുകയാണ്. ഏറെയും സർക്കാരിന്റെ നിർമ്മാണപ്രവൃത്തികളാണ്. റഷീദിന്റെ പേരിൽ ധാരാളം സ്വത്തുണ്ട്. അബ്ദുൾ റഷീദും സഹോദരനുമായി സ്വത്ത് തർക്കങ്ങളുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതേത്തുടർന്ന് തൊട്ടടുത്തു താമസിക്കുന്ന സഹോദരന്റെ വീട് മറയ്ക്കാൻ ഉയരത്തിലുള്ള മതിൽ കെട്ടി. ആ വിവാദവും നാട്ടുകാർക്ക് അറിയാം.

ഇത്രയേറെ സ്വത്തുണ്ടായിട്ടും സ്ത്രീധനത്തിനുള്ള ആർത്തിയുണ്ടായത് എങ്ങനെയെന്ന് നാട്ടുകാർ ചോദിക്കുന്നു. റുവൈസിന്റെ സഹോദരി രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. അബ്ദുൽ റഷീദും ഭാര്യ ആരിഫയും ആണ് ഇപ്പോൾ വീട്ടിൽ താമസം. റുവൈസും കുടുംബവും 20 കോടിയോളം രൂപയുടെ സ്ത്രീധനം ചോദിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. 150 പവനും 15 ഏക്കറും ബിഎംഡബ്ലു കാറുമാണ് റുവൈസ് ഷഹ്നയോടും കുടുംബത്തോടും ആവശ്യപ്പെട്ടത്. എന്നാൽ, ഇത്രയും സ്ത്രീധനം നൽകാനില്ലാത്തതിനാൽ വിവാഹം മുടങ്ങുകയും ഷഹ്ന ആത്മഹത്യ ചെയ്യുകയുമായിരുന്നു.

കോടികളുടെ സ്ത്രീധനം ആവശ്യപ്പെട്ടത് റുവൈസിന്റെ പിതാവാണെന്ന് ഷഹ്നയുടെ സഹോദരൻ ആരോപിച്ചിരുന്നു. പിതാവിനെ ധിക്കരിച്ച് വിവാഹം കഴിക്കാനില്ലെന്നും പണമാണ് വലുതെന്നും റുവൈസ് ഷഹ്നയോട് പറഞ്ഞു. രണ്ടു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു ഇരുവരും. പഠനത്തിൽ മിടുക്കനായിരുന്ന റുവൈസ് എൻട്രൻസ് പരീക്ഷയിൽ 76-ാം റാങ്കോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയത്. പിജി എൻട്രൻസിൽ 2250-ാം റാങ്കും.

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കുത്തേറ്റുമരിച്ച ഡോ. വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കു മുന്നിൽ റുവൈസ് ഉണ്ടായിരുന്നു. എസ് എഫ് ഐയോട് ചേർന്ന് നിന്ന പ്രവർത്തിച്ച റുവൈസ് പിജി ഡോക്ടർമാരുടെ സംഘടനയുടെ പ്രസിഡന്റുമായിരുന്നു.