- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുമായുള്ള ഡിവോഴ്സ് ഉടൻ എന്ന് പറഞ്ഞ് ആദ്യ പീഡനം; പിന്നീട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലയിടത്തായി കൊണ്ടു പോയി ദുരുപയോഗം; നഗ്നദൃശ്യങ്ങൾ കാണിച്ചും ചൂക്ഷണം തുടർന്നു; വീട്ടമ്മയുടെ പരാതിയിൽ അകത്തായത് വിജിലൻസിലെ സിവിൽ പൊലീസ് ഓഫീസർ; സാബു പണിക്കരെ കുടുക്കിയത് വാട്സാപ്പിലെ അതിബുദ്ധി
തിരുവനന്തപുരം. ഭർത്താവുമായി 20 വർഷം മുൻപ് പിരിഞ്ഞ 40 വയസുകാരിയായ വീട്ടമ്മയെയാണ് വിജിലൻസ് വിഭാഗത്തിലെ പൊലീസുകാരൻ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്കി പീഡിപ്പിച്ചത്. കുഞ്ചാലും മൂട്ടിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സ്പെഷ്യൽ യൂണിറ്റ് രണ്ടിലെ സിവിൽ പൊലീസ് ഓഫീസറും കാച്ചാണി സ്നേഹ വീട്ടിൽ താമസക്കാരനുമായ സാബു പണിക്കരാണ് (48) തിരുവനന്തപുരം നഗരത്തിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെ അരുവിക്കര പൊലീസിന്റെ പിടിയിലായത്. നാലു ദിവസം മുൻപ് ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ പോകുകയായിരുന്നു.
പാരാമെഡിക്കൽ സ്റ്റാഫ് കൂടിയായ യുവതി നല്കിയ പരാതിയിൽ കഴിഞ്ഞ ദിവസം അരുവിക്കര പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11മണിക്കാണ് യുവതി നിറ കണ്ണുകളോടെ അരുവിക്കര പൊലീസ് സ്റ്റേഷനിൽ എത്തിയത്. രാത്രി തന്നെ പൊലീസ് പരാതി സ്വീകരിച്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്തങ്കിലും അന്വേഷണത്തിൽ പ്രതി ഒളിവിലാണെന്ന് മനസിലായി. വിവരം പ്രതി ജോലി ചെയ്തിരുന്ന വിജിലൻസ് വിഭാഗത്തെയും അറിയിച്ചു.
കേസിലെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.
ഭാർത്താവുമായി ബന്ധം വേർപെടുത്തിയ യുവതി പ്രതിയുടെ വീടിന് സമീപത്താണ് താമസം. പാരമെഡിക്കൽ സ്റ്റാഫായി ഒരു സ്വകാര്യ ഫാർമസിയിൽ ജോലി ചെയ്തു വന്ന ഇവരെ ആദ്യം മുതൽ തന്നെ സ്ഥിരമായി സാബു ശല്യം ചെയ്തിരുന്നു. താൻ വിവാഹ മോചിതനാവാൻ പോകുകയാണെന്നും യുവതിയെ വിവാഹം കഴിച്ചു കൊള്ളാമെന്നും വാഗ്ദാനം ഉണ്ടായി. പ്രണയമാണന്ന് കൂടി പറഞ്ഞതോടെ യുവതിയും സാബു പണിക്കരെ ഇഷ്ടപ്പെട്ടു തുടങ്ങി. വിവാഹ ബന്ധം വേർപെടുത്തി നിന്ന യുവതിയെ സംബന്ധിച്ച് സാബു ഒരു സഹായി കൂടിയായിരുന്നു.
സാബുവിന്റെ കെണിയൽ വീണ യുവതിയെ കഴിഞ്ഞ എഴു വർഷമായി പല സ്ഥലങ്ങളിൽ കൊണ്ടു പോയി പ്രതി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹം കഴിക്കുന്ന കാര്യം ഇടയ്ക്ക് തിരക്കുമ്പോൾ ഉടൻ നടക്കുമെന്നും സമാധാനപ്പെടണമെന്നും പറഞ്ഞ് സാബു തന്നെ ആശ്വാസ വാക്കുകൾ ചൊരിഞ്ഞിരുന്നു. ഇതിനിടെ വിവാഹ ആവിശ്യം വീണ്ടു വീണ്ടും യുവതി ഉന്നയിച്ചു കൊണ്ടേയിരുന്നു. എന്നിട്ടും പ്രതിക്ക് കുലുക്കമുണ്ടായില്ല. ഡിവോഴ്സ് നടന്നാൽ ഉടൻ ശരിയാക്കമെന്ന ഒഴുക്കൻ മറുപടിയിൽ കാര്യങ്ങൾ ഒതുക്കി. താൻ കബളപ്പിക്കപ്പെടുകയാണോ എന്നു യുവതി പ്രതിയോടു ചോദിക്കുകയും ചെയ്തു. അപ്പോഴാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞ് പ്രതി ഭീക്ഷണി തുടങ്ങിയത്. ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്മെയിലിങ് ചെയ്തായിരുന്നു പിന്നീട് പീഡനം. ഗത്യന്തരമില്ലാതെ യുവതി എല്ലാം സഹിക്കുകയായിരുന്നു.
വീണ്ടും വിവാഹ ആവിശ്യം യുവതി ഉയർത്തിയതോടെ പ്രതിയുടെ മട്ടുമാറി ഭീക്ഷണിയും കയ്യേറ്റവും അതിരു കടന്നു. വിവാഹം കഴിച്ചില്ലായെങ്കിൽ പരാതി നൽകുമെന്ന് കൂടെ പറഞ്ഞതോടെ പ്രതിയായ സാബുപണിക്കരുടെ മട്ടുമാറി. ഈ പ്രകോപനത്തിൽ യുവതി അറിയാതെ ചിത്രീകരിച്ച സ്വകാര്യ വീഡിയോകൾ പ്രതി നാട്ടിലെ തന്നെ വിവിധ വാട്സ് ആപ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചു. ഇതറിഞ്ഞതിനെ തുടർന്ന് യുവതി മാനസികമായി തകർന്നു. വീട്ടുകാരോടും കാര്യം പറഞ്ഞു. അതിന് ശേഷമാണ് സകല കാര്യങ്ങളും വിവരിച്ച് തിങ്കളാഴ്ച രാത്രി തന്നെ യുവതി അരുവിക്കര പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കിയത്. പരാതി നല്കി മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയ പിടിക്കാൻ പൊലീസ് ഉണർന്ന് പ്രവർത്തിക്കുന്നില്ലന്ന ആക്ഷേപം ഉയർന്നിരുന്നു. .
പരാതി കിട്ടിയ ശേഷം ആ രാത്രി തന്നെ പ്രതിയെ പിടിക്കാമെന്നിരിക്കെ സാബു പണിക്കർ പൊലീസുകാരനായതിനാൽ രക്ഷപ്പെടാൻ അവസരം നല്കിയെന്ന വിമർശനവും ഉയർന്നിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി പ്രതി വ്യാഴാഴ്ച രാത്രി പിടിയിലായത്. സാബു പണിക്കരെ ഇന്ന് (വെള്ളി) കോടതിയിൽ ഹാജരാക്കും. അതേസമയം പൊലീസ് എഫ്. ഐ ആർ രജിസ്റ്റർ ചെയ്തപ്പോൾ തന്നെ സാബു പണിക്കരെ വിജിലൻസിൽ നിന്നും പാരന്റ് യൂണിറ്റായ തിരുവനന്തപുരം കമ്മീഷണർ ഓഫീസിലേക്ക് മടക്കിയെന്നും സിറ്റി പൊലീസ് കമ്മീഷണർ ആണ് അച്ചടക്ക നടപടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതെന്നും വിജിലൻസ് ആസ്ഥാനത്ത് നിന്നും അറിയിച്ചു. ഇതിനിടെ സാബുപണിക്കർ കൈമാറിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് യുവാക്കളെയും അരുവിക്കര പൊലീസ് അറസ്റ്റു ചെയ്തു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്