- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 നോട്ടെണ്ണൽ മിഷിനുകൾ; 80 പേരടങ്ങുന്ന ഒൻപത് ടീമുകൾ; 200 ചാക്കുകളിൽ 351 കോടി! കണ്ടെടുത്ത നോട്ടുകെട്ടുകളിൽ അധികവും നടു കീറിയ നിരോധിച്ച 500 രൂപ നോട്ടുകൾ; നോട്ട് നിരോധനവും കള്ളപ്പണത്തെ തടഞ്ഞില്ല! കോൺഗ്രസ് എംപി സാഹു ഒളിവിൽ; രാഷ്ട്രീയ വിവാദം തുടരും
ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത കള്ളപ്പണം 351 കോടി കവിയുമ്പോൾ ചർച്ചയാകുന്നത് കള്ളപ്പണത്തിന്റെ ഒഴുക്ക്. നോട്ട് നിരോധനത്തിന് ശേഷവും കള്ളപ്പണം സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തൽ.
ഡിസംബർ ആറിനാണു ആദായനികുതി വകുപ്പ് ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പുമായി ബന്ധമുള്ള ഒഡീഷയിലെ കോൺഗ്രസ് നേതാവും ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗവുമായ ധീരജ് പ്രസാദ് സാഹുവിന്റെ കേന്ദ്രങ്ങളിൽ റെയ്ഡ് തുടങ്ങിയത്. ഞെട്ടിക്കുന്ന കണക്കുകളാണ് പിന്നീട് പുറത്തു വന്നത്. എംപി ഒളിവിലാണ്. 176 ബാഗുകളിലെ നോട്ടെണ്ണൽ അവസാനിച്ചു. അഞ്ചുദിവസം കൊണ്ടാണു പിടിച്ചെടുത്ത പണം എണ്ണിതീർത്തത്. രാജ്യത്ത് ഒരു സ്ഥാപനത്തിൽ നിന്ന് ഒരു ഏജൻസി പിടിച്ചെടുക്കുന്ന ഏറ്റവും കൂടിയ തുകയാണിത്.
സാഹുവിന്റെ സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 351 കോടി രൂപയാണ്. അഞ്ച് ദിവസം കൊണ്ടാണ് നോട്ടുകൾ എണ്ണിത്തീർത്തത്. ഇവ 200 ചാക്കുകളിലാക്കി ബാങ്കുകളിലേക്ക് മാറ്റി. 40 നോട്ടെണ്ണൽ മെഷീനുകളുടെ സഹായത്തോടെയാണ് നോട്ടെണ്ണൽ പൂർത്തിയാക്കിയത്. 80 പേരടങ്ങുന്ന ഒൻപത് ടീമുകളാണ് രാപ്പകലില്ലാതെ നോട്ടെണ്ണിയത്.
ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പിന്റെ ഉടമസ്ഥർ കോൺഗ്രസ് കുടുംബമാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നു കള്ളപ്പണം പിടിച്ചതിനെക്കുറിച്ചു രാഹുൽ ഗാന്ധി നിശബ്ദനായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി ചോദിച്ചു. എന്നാൽ ധീരജ് പ്രസാദ് സാഹുവിൽനിന്ന് അകലം പാലിക്കുന്ന നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടത്.
സാഹുവിന്റെ ബിസിനസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും, കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ പ്രതികരിക്കേണ്ടത് സാഹുവാണെന്നുമായിരുന്നു കോൺഗ്രസ് നിലപാട്. അതേസമയം, കോൺഗ്രസിനെ ഏജൻസികൾ വേട്ടയാടുമ്പോൾ ബിജെപി നേതാക്കളുടെ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധനയില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. കള്ളപ്പണ ഇടപാടുമായി സാഹുവിനു ബന്ധമുണ്ടോയെന്ന വിവരം വ്യക്തമായിട്ടില്ലെന്നു ജാർഖണ്ഡ് കോൺഗ്രസ് ഇൻ ചാർജ് അവിനാഷ് പാണ്ഡേ പറഞ്ഞു. ധീരജ് പ്രസാദ് സാഹുവിനെ കോൺഗ്രസ് നേതാവ് ജയറാം രമേഷ് ഉൾപ്പെടെയുള്ളവർ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഈ പണത്തിന് കോൺഗ്രസുമായി ബന്ധമില്ലെന്നാണ് ജയറാം രമേഷിന്റെ പ്രതികരണം.
കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിൽ നിന്നും ഓഫീസുകളിൽ നിന്നും കണ്ടെടുത്ത നോട്ടുകെട്ടുകളിൽ അധികവും നടു കീറിയ നിരോധിച്ച 500 രൂപ നോട്ടുകൾ. ഇത്രയ്ക്കധികം പഴയ 500 രൂപ നോട്ടുകൾ എങ്ങിനെ എത്തി എന്നതാണ് അത്ഭുതമാകുന്നത്. ചില നോട്ടുകളിൽ പൂപ്പലും പിടിച്ചിട്ടുണ്ട്. അത്രയ്ക്ക് പഴയ നോട്ടുകളാണ്. ''രാഹുൽ ഗാന്ധിയും സോണിയയും എപ്പോഴും നോട്ടുനിരോധനത്തിനെതിരെ സംസാരിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം ഉയർന്നിരുന്നു. ഇപ്പോൾ ധീരജ് പ്രസാദ് സാഹുവിന്റെ കയ്യിൽ നിന്നും 200 കോടിയുടെ കള്ളപ്പണമെന്ന് പിടിച്ചത്. കോൺഗ്രസ് എവിടെയുണ്ടോ അവിടെ കള്ളപ്പണമുണ്ട്''.- ഇതായിരുന്നു പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം.
കോൺഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ജാർഖണ്ഡ് ബിജെപി നേതാവ് ബാബുലാൽ മറാണ്ടി ആവശ്യപ്പെട്ടു. ഈ പണത്തിന്റെ ഉറവിടം അന്വേഷിച്ചാൽ അത് ഝാർഖണ്ഡിന്റെ ജെഎംഎം മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വീട്ടുപടിക്കൽ ചെന്ന് നിൽക്കുമെന്നും ബാബുലാൽ മറാണ്ടി ആരോപിച്ചു. ''ഏകദേശം 300 കോടിയോളം കിട്ടിക്കഴിഞ്ഞു. ഇത് ധീരജ് പ്രസാദ് സാഹുവിന്റെ മാത്രമല്ല, മറ്റ് കോൺഗ്രസ് നേതാക്കളുടെയും കോൺഗ്രസ് സഖ്യകക്ഷികളുടെയും പണമാണ്. '- ബാബുലാൽ മറാണ്ടി പറഞ്ഞു.
ആദായനികുതി വകുപ്പ് ആദ്യം റെയ്ഡ് ചെയ്തത് ഒഡിഷയിലെ ബൗദ് ഡിസ്റ്റിലറി എന്ന മദ്യനിർമ്മാണക്കമ്പനിയിലായിരുന്നു. ബൗദ് ഡിസ്റ്റിലറി നാടൻ മദ്യം നിർമ്മിച്ചിരുന്നു. ഇതിന്റെ വിൽപനയിൽ നിന്നുള്ള വരുമാനം കണക്കിൽ കാണിച്ചിരുന്നില്ല. മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ ഉണ്ടാക്കുന്ന ബൗദ് ഡിസ്റ്റലറിയുടെ മാനേജിങ് ഡയറക്ടർ കോൺഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിന്റെ മകൻ റിതേഷ് സാഹു ആണ്. കമ്പനിയുടെ ചെയർമാൻ ധീരജ് പ്രസാദ് സാഹുവിന്റെ സഹോദരൻ ഉദയ് ശങ്കർ പ്രസാദാണ്.
ബുധനാഴ്ച ഒഡിഷയിലെ ബൗദിൽ ആരംഭിച്ച റെയ്ഡ് തുടർന്നുള്ള ദിവസങ്ങളിൽ ബൗദ് ഡിസ്റ്റിലറിയുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന പശ്ചിമബംഗാളിലേക്കും ഝാർഖണ്ഡിലേക്കും നീങ്ങി. ഒടുവിൽ ധീരജ് പ്രസാദ് സാഹുവിന്റെ കമ്പനിയായ ബാൽദേവ് സാഹു ഇൻഫ്ര തുടങ്ങിയ കമ്പനികളിലേക്കും റെയ് ഡ് നീങ്ങി. കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ ഝാർഖണ്ഡിലെ ഓഫീസും വീടും വരെ റെയ്ഡ് ചെയ്തു. നിരനിരയായി ഇട്ടിരിക്കുന്ന അലമാരകളിൽ 500 രൂപ നോട്ടുകെട്ടുകൾ അടുക്കി വെച്ചിരിക്കുകയാണ്.
ബാൽദേവ് സാഹു ആൻഡ് ഗ്രൂപ്പ് കമ്പനിയുടെ പങ്കാളിത്ത ബിസിനസാണ് ബൗദ് ഡിസ്റ്റിലറി. കമ്പനിക്ക് 2019ലും 2021ലും വരുമാനം തീരെ കുറവായിരുന്നെങ്കിലും ഈ കമ്പനികൾ വൻതുക ചെലവിട്ടതാണ് ആദായനികുതിവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കിയത്. അതാണ് റെയ്ഡിലേക്ക് നയിച്ചത്. വൻതോതിൽ നോട്ടുകൾ പിടിച്ചെടുത്തതിന് പിന്നാലെ കള്ളപ്പണത്തിനെതിരെയുള്ള എംപിയുടെ പഴയ ട്വീറ്റും ബിജെപി രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്.
നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളപ്പണവും അഴിമതിയും തുടരുന്നതിൽ താൻ ഖിന്നനാണെന്നും കള്ളപ്പണം എവിടെയാണ് ആളുകൾക്ക് ഇങ്ങനെ സൂക്ഷിക്കാൻ കഴിയുന്നത് എന്നതിനെ കുറിച്ചുള്ള തന്റെ ധാരണകളെ തകിടം മറിക്കുന്നതാണ് നിലവിലെ കണക്കുകളെന്നും സാഹു 2022 ൽ ട്വീറ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ