- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം
തിരുവനന്തപുരം: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഇൻസ്‌പെക്ടറുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കരകുളം പുരവൂർക്കോണം ഇ.ആർ.ഡബ്ല്യു.എ. ഹൗസ് നമ്പർ 10-ൽ എ.വി. സൈജുവിനെയാണ്(47) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനു സമീപമുള്ള അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കേസിനെ തുടർന്ന് സൈജു സസ്‌പെൻഷനിലായിരുന്നു. സ്‌റ്റേഡിയത്തെ തൂങ്ങി മരണം ദുരൂഹമായിരുന്നു. എന്നാൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇത് ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തുകയാണ് പൊലീസ്. വിശദമായ അന്വേഷണം നടത്തും. പ്രദേശത്തെ സിസിടിവി അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം റൂറൽ പൊലീസ് അസോസിയേഷൻ മുൻ പ്രസിഡന്റ് കൂടിയാണ് സൈജു.
പീഡനക്കേസിൽ ജാമ്യം ലഭിക്കാൻ വ്യാജരേഖ ചമച്ചെന്ന കേസിൽ ചൊവ്വാഴ്ച സൈജുവിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അറസ്റ്റ് ചെയ്യാനും നിർദേശിച്ചിരുന്നു. കേസിന്റെ വിധിയെക്കുറിച്ച് അറിയാനാണ് ചൊവ്വാഴ്ച സൈജു കൊച്ചിയിലെത്തിയത്. ചില സുഹൃത്തുക്കളെ കാണുകയും ചെയ്തിരുന്നു. അറസ്റ്റ് ഭയന്നാണ് സൈജു ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സൈജുവിന് ഉണ്ടായിരുന്നു. ഇത് അടുത്ത സുഹൃത്തുക്കളുമായി സൈജു പങ്കുെവച്ചിരുന്നു. എറണാകുളം കൺട്രോൾ റൂം ഇൻസ്‌പെക്ടറായും സൈജു നേരത്തേ ജോലി ചെയ്തിരുന്നു.
മലയിൻകീഴ് സ്റ്റേഷനിൽ എസ്.എച്ച്.ഒ. ആയിരിക്കുമ്പോഴാണ് സൈജു ലൈംഗിക പീഡനക്കേസിൽ പ്രതിയായത്. വിദേശത്തായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തി തന്റെ ഒരു കടമുറി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകി. സൈജു ഇടപെട്ട് കടമുറി ഒഴിപ്പിച്ചു നൽകി. തുടർന്ന് താനുമായി അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് ഡോക്ടറുടെ പരാതി. ഈ കേസിൽ 2022 നവംബറിൽ സൈജുവിനെ സസ്‌പെൻഡ് ചെയ്തു. ഇതിനുശേഷം കുടുംബസുഹൃത്തായ സ്ത്രീയെ പീഡിപ്പിച്ചു എന്ന പരാതിയിൽ സൈജുവിനെതിരേ നെടുമങ്ങാട് പൊലീസും കേസെടുത്തിരുന്നു. ഈ കേസ് 11 മാസം മുൻപ് കോടതി റദ്ദ് ചെയ്തു. എന്നാൽ വനിതാ ഡോക്ടർ കേസുമായി മുമ്പോട്ട് പോയി.
മലയിൻകീഴ് സ്റ്റേഷനിലെ കേസിന്റെ ജാമ്യത്തിനായി ഹൈക്കോടതിയിൽ നൽകാൻ സ്റ്റേഷനിലെ ഫയലുകളിൽ ക്രമക്കേട് വരുത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം റദ്ദാക്കിയത്. സൈജു ഇൻസ്‌പെക്ടറായിരുന്ന സ്റ്റേഷനിലെ റൈറ്ററുടെ റിപ്പോർട്ട് എന്ന പേരിലാണ് വ്യാജരേഖ ഹാജരാക്കിയതെന്നായിരുന്നു ആരോപണം.
ഇത് വ്യാജമായി തയ്യാറാക്കിയ രേഖയാണെന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു. കുറച്ചു നാളായി ഒളിവിൽ കഴിഞ്ഞിരുന്ന സൈജുവിന് ജാമ്യം റദ്ദാക്കൽ വലിയ തിരിച്ചടിയായി. ഇതോടെയാണ് ആത്മഹത്യയിലേക്ക് വീണതെന്നാണ് പൊലീസ് നിഗമനം.