കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിലെറിഞ്ഞ കേസിൽ നിർണായക തെളിവായത് പ്രതിയുടെ ഫോൺവിളി. പട്ടാപ്പകൽ ഓട്ടത്തിനിടെ കാറിൽവച്ചാണ് സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് എന്നതും ഞെട്ടിക്കുന്നതാണ്. സൈനബയുടെ പോസ്റ്റുമോർട്ടത്തിനുശേഷമാവും മരണകാരണം അടക്കമുള്ളവയിൽ പൊലീസിന് കൂടുതൽ വ്യക്തത ലഭിക്കുക. കാണാതാവുമ്പോൾ 15 പവന്റെ സ്വർണാഭരണവും മൂന്നുലക്ഷത്തോളം രൂപയും സൈനബയുടെ കൈയിലുണ്ടെന്ന് ഭർത്താവ് മുഹമ്മദാണ് പൊലീസിനെ അറിയിച്ചത്. ഇക്കാര്യങ്ങളിൽ എല്ലാം പൊലീസ് വിശദമായ അന്വേഷണം നടത്തും.

സ്വർണവും പണവും തട്ടിയെടുക്കാൻ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളുകയായിരുന്നു. വെള്ളിപറമ്പ് വടക്കേ വീരപ്പൊയിൽ മുഹമ്മദലിയുടെ ഭാര്യ സൈനബയെ (57) കൊലപ്പെടുത്തിയ മലപ്പുറം താനൂർ കുന്നുംപുറം പള്ളി വീട് സമദിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. സമദിന്റെ സഹായി ഗൂഡല്ലൂർ സ്വദേശി സുലൈമാനുവേണ്ടി തിരച്ചിൽ തുടരുന്നു.

രാത്രി വൈകിയും ഭാര്യ എത്താതായതോടെയാണ് അടുത്ത ദിവസം ഭർത്താവ് ജെയിംസ് എന്ന മുഹമ്മദ് അലി കസബ പൊലീസിൽ പരാതി നൽകിയത്. പലതവണ ഇവരെ മൊബൈലിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ എടുത്തപ്പോഴാണ്, ഭർത്താവൊഴിച്ച് അവസാനമായി വിളിച്ചത് താനൂർ സ്വദേശി സമദാണെന്ന് വ്യക്തമായത്. ഇതോടെ സമദ് കസ്റ്റഡിയിലായി. സമദ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയതാണെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ അങ്ങനെ അല്ല കാര്യങ്ങളെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊലപാതകത്തിലേക്ക് നയിച്ചത് സ്വർണാഭരണം തട്ടിയെടുക്കുകയെന്ന ലക്ഷ്യമാണെന്ന് സമദ് പൊലീസിനോട് വെളിപ്പെടുത്തി.

മൊബൈൽ ടവർ പരിശോധനയിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകൽ, കൊല, കവർച്ച, മൃതദേഹം കൊക്കയിൽ തള്ളിയത്, സഹായിച്ചത് സുലൈമാൻ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമായത്. മാത്രമല്ല ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ചപ്പോൾ സംഘം സഞ്ചരിച്ച റൂട്ടും തെളിഞ്ഞു. അങ്ങനെയാണ് നാടുകാണി ചുരത്തിൽ മൃതദേഹം ഉപേക്ഷിച്ചുവെന്ന് കണ്ടെത്തിയത്. കൊലക്കുശേഷം ആഭരണങ്ങളും പണവുമായി മുങ്ങിയ സുലൈമാനെ പൊലീസ് തമിഴ്‌നാട്ടിലും കർണാടകയിലുമടക്കം അന്വേഷിച്ചുവരുകയാണ്.

തിരൂർ സ്വദേശിയായ വ്യാപാരിയെ സ്വകാര്യ ലോഡ്ജിൽ വെച്ച് കൊലപ്പെടുത്തിയശേഷം അട്ടപ്പാടി ചുരത്തിൽ തള്ളിയ സംഭവവുമായി സൈനബയുടെ കൊലയ്ക്കും ഏറെ സമാനതകളുണ്ട്. സൈനബയുടെ കൊലപാതക കേസുപോലെ സിദ്ദിഖിനെയും ആദ്യം കാണാനില്ലായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ വെറുമൊരു 'മിസ്സിങ്' കേസായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്. ഈ കേസ് മനസ്സിൽ വച്ചാണ് സൈനബയുടെ കേസിലും പൊലീസ് അന്വേഷണം കൊണ്ടു പോയത്. അത് കേസിൽ തുമ്പുണ്ടാക്കുകയും ചെയ്തു.

സൈനബയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാനായി സമദ് സുലൈമാനുമായി ചേർന്നു കൊലപാതകം നടത്തുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി കൊക്കയിൽ തള്ളിയെന്ന സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് നാടുകാണി ചുരത്തിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

കഴിഞ്ഞ ഏഴിനാണു സൈനബയെ കാണാനില്ലെന്നു ഭർത്താവ് കസബ സ്റ്റേഷനിൽ പരാതി നൽകിയത്. കാണാതാകുമ്പോൾ പതിനേഴര പവൻ സ്വർണാഭരണങ്ങൾ ധരിച്ചിരുന്നതായും ബാഗിൽ 3.50 ലക്ഷം രൂപയും ബാങ്കിൽ 4 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖയും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ കോഴിക്കോട് പുതിയ സ്റ്റാൻഡിൽനിന്ന് സൈനബ സമദിനൊപ്പം കാറിൽ കയറി പോയതായി പൊലീസ് കണ്ടെത്തിയിരുന്നു. സമദും സൈനബയും അടുത്ത പരിചയക്കാരാണ്.