കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കാർ കണ്ടെത്തി. കസ്റ്റഡിയിലുള്ള മുഖ്യപ്രതി താനൂർ കുന്നുംപുറം സമദ് നൽകിയ വിവരമനുസരിച്ച് താനൂരിലെ വർക്ക് ഷോപ്പിൽനിന്നാണ് കാർ കണ്ടെത്തെിയത്. ഈ കാറിൽ വച്ചായിരുന്നു സൈനബയെ പ്രതികൾ കൊലപ്പെടുത്തിയത്. മറ്റൊരു പ്രതി ഗൂഡല്ലൂർ എല്ലാമല സ്വദേശി സുലൈമാനെന്ന സൈനുൽ ആബിദീനെ (54) കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് പിടികൂടിയിരുന്നു.

സൈനബയെ കാണാനില്ലെന്ന് ഭർത്താവ് ജെയിംസ് എന്ന മുഹമ്മദലിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സൈനബയുടെ ഫോണിലേക്ക് അവസാനമായി വിളിച്ച സമദ് അറസ്റ്റിലായതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. സമദും സുലൈമാനും ചേർന്ന് സൈനബയെ ഷാളുപയോഗിച്ചാണ് കൊന്നത്. ശേഷം മൃതദേഹം മലപ്പുറം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളുകയായിരുന്നു.

സൈനബയും സമദും നേരത്തേ പരിചയമുള്ളവരാണ്. നവംബർ ആറിന് സുലൈമാനെ സമദ് തിരൂരിലേക്ക് വിളിച്ചുവരുത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിപ്പിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഏഴിന് രാവിലെ ഇരുവരും സമദിന്റെ പരിചയക്കാരന്റെ കാർ വാടകക്കെടുത്ത് കോഴിക്കോട്ടെത്തി. ഉച്ചക്ക് ഒന്നരയോടെ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനടുത്തുനിന്ന് സൈനബയെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഈ സമയം സൈനബ 15 പവന്റെ സ്വർണാഭരണങ്ങൾ ധരിക്കുകയും കൈയിലുള്ള ബാഗിൽ മൂന്നു ലക്ഷത്തോളം രൂപ സൂക്ഷിക്കുകയും ചെയ്തിരുന്നു.

വൈകുന്നേരം അഞ്ചരയോടെ കാർ മുക്കത്തിനടുത്തെത്തിയപ്പോൾ സൈനബ ധരിച്ച ഷാൾ സമദ് അവരുടെ കഴുത്തിൽ മുറുക്കി. ഷാളിന്റെ ഒരുതല കാറോടിച്ചിരുന്ന സുലൈമാൻ വലിച്ചുപിടിക്കുകയും ചെയ്തു. മിനിറ്റുകൾക്കകം സൈനബ ശ്വാസംമുട്ടി മരിച്ചു. ഇതോടെ കാർ വഴിക്കടവ് ഭാഗത്തേക്ക് തിരിച്ചുവിട്ടു. യാത്രക്കിടെ സൈനബയുടെ മൊബൈൽ ഫോൺ സ്വിച്ച്ഓഫാക്കുകയും ശരീരത്തിലെ ആഭരണവും ബാഗിലെ പണവും കൈക്കലാക്കുകയും ചെയ്തു.

രാത്രി എട്ടോടെ കാർ നാടുകാണി ചുരത്തിലെത്തിക്കുകയും ഇരുവരും ചേർന്ന് സൈനബയുടെ മൃതദേഹം താഴ്ചയിലേക്ക് എടുത്തെറിയുകയുമായിരുന്നു. തുടർന്ന് സംഘം സുലൈമാന്റെ ഗൂഡല്ലൂരിലെ താമസസ്ഥലത്തെത്തി. വസ്ത്രത്തിലെ രക്തം കഴുകി വൃത്തിയാക്കുകയും പുതിയ വസ്ത്രം വാങ്ങി ധരിച്ച് അവിടെ താമസിച്ചു. അടുത്ത ദിവസം സൈനബയുടെ പണം ഇരുവരും വീതംവെക്കുകയും ആഭരണം മുഴുവൻ സമദ് സൂക്ഷിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായി സൈനബയുടെ മൊബൈൽ ഫോണും ബാഗും രക്തംപുരണ്ട സമദിന്റെ വസ്ത്രവും കത്തിക്കാൻ സുലൈമാൻ പുറത്തുപോയി. പിന്നീട് സുലൈമാനും കൂട്ടാളികളും തിരിച്ചുവന്ന് പണവും സ്വർണാഭരണവും കൈക്കലാക്കി കടന്നുകളഞ്ഞെന്നാണ് അറസ്റ്റിലായ സമദ് മൊഴി നൽകിയത്.