തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ ലോക്കൽ കമ്മിറ്റി അംഗത്തെ സിപിഎം. പാർട്ടിയിൽനിന്ന് പുറത്താക്കിയത് തെളിവുകൾ വിലയിരുത്തി. തിരുവല്ല ടൗൺ നോർത്ത് എൽ.സി.അംഗം സജിമോനെ ആണ് പുറത്താക്കിയത്. നോർത്ത് ലോക്കൽ കമ്മിറ്റിയുടെ മുൻസെക്രട്ടറിയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു സജിമോൻ. പാർട്ടിയുടെ സജീവ പ്രവർത്തകയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്.

2017-ലായിരുന്നു സംഭവം. മൂന്ന് കുട്ടികളുടെ മാതാവായിരുന്നു വീട്ടമ്മ. നാലാമത്തെ കുട്ടി ഉണ്ടായതോടെ ഇവരുടെ ഭർത്താവ് നാടുവിട്ടു. കുട്ടിയുടെ പിതൃത്വം സജിമോൻ തള്ളിപ്പറഞ്ഞു. സജിമോന്റെ ഡി.എൻ.എ. പരിശോധിക്കാൻ എടുത്ത സാമ്പിളിൽ തിരിമറിനടത്താൻ ശ്രമിച്ച തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സസ്പെൻഷനിലായിരുന്നു. വിവാദമായതോടെ സജിമോനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി.

പിന്നീട് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായി. കഴിഞ്ഞ സമ്മേളനത്തിൽ എൽ.സി.യിലേക്ക് തിരികെ വരുകയും ചെയ്തു. ഇതിനിടെ പരാതിക്കാരിയുടെ ബന്ധുക്കളെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തുന്നതായി സംസ്ഥാന സെക്രട്ടറിക്ക് ഡിസംബർ ആദ്യം പരാതി ലഭിച്ചു. ഇതോടെ വീണ്ടും വിവാദമായി. പാർട്ടി അന്വേഷണമെത്തി. തെളിവ് വിലയിരുത്തി പാർട്ടി തിരുമാനവും എടുത്തു. 2021-ൽ ചുമത്രയിലെ വനിതാ പ്രവർത്തകയുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്.

കട നടത്താൻ കെട്ടിടം വാടകയ്ക്ക് നൽകിയ ഉടമയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിവാദ നായകനായാണ് സജിമോന്റെ പുറത്തു പോകൽ. പൊതുപ്രവർത്തന രംഗത്തുള്ള വീട്ടമ്മയെ കാറിൽ കൊണ്ടുപോയി നഗ്നവീഡിയോ ചിത്രീകരിക്കുകയും പിന്നീട് ഇതു കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയും ഉയർന്നു. സജിമോൻ ചുമത്ര ലോക്കൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് ആദ്യത്തെ പീഡന പരാതി ഉണ്ടായത്.

പരാതിക്കാരി ഗർഭിണി ആയതോടെ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. ഇതിനായി ശേഖരിച്ച സജിമോന്റെ സാമ്പിൾ മാറ്റി വേറെ വച്ചുവെന്ന പരാതിയിൽ അന്ന് തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. പൊലീസ് അസോസിയേഷന്റെ നേതൃസ്ഥാനത്തേക്ക് വരാനിരിക്കുമ്പോഴാണ് ഹരിലാൽ സസ്‌പെൻഷനിലായത്.

സിപിഎം തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറി സജിമോൻ പ്രതിയായ പീഡന കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കുമ്പോഴാണ് ആൾമാറാട്ടം നടന്നത്. ചുമത്ര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ മജിസ്‌ട്രേറ്റ് നേരിട്ടാണ് സജിമോനെതിരേ കേസ് എടുത്തത്. അന്നു തന്നെ ഒളിവിൽ പോയ സജിമോൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഉദാര സമീപനം ഉണ്ടായതോടെ കോടതി ഉപാധികളോടെ സജിമോന് ജാമ്യം അനുവദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും ഡിഎൻഎ അടക്കമുള്ള പരിശോധനകൾ നടത്താനുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതിൻ പ്രകാരം രാത്രിയാണ് സജിമോൻ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായത്. തുടർന്നാണ് ആൾമാറാട്ടം അരങ്ങേറിയത്. പൊലീസുകാരൻ ഹരിലാലിനെയും കൂട്ടി തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് സജിമോനെ അയച്ചു. അയച്ചതാര് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. സജിമോൻ തന്നെ ഒപി ടിക്കറ്റെടുത്ത് ആദ്യം ലൈംഗിക ശേഷി പരിശോധനയ്ക്ക് ഹാജരായി. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കാൻ പോയപ്പോഴാണ് ആൾമാറാട്ടം നടന്നത്.

സജിമോന്റെ പേരിൽ എടുത്ത ഒപി ടിക്കറ്റുമായി രക്തപരിശോധനയ്ക്ക് ഹാജരായത് സുമേഷ് എന്ന ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്നു. ലാബ് ടെക്‌നിഷ്യൻ പേര് ചോദിച്ചപ്പോൾ സജിമോൻ എന്നതിന് പകരം സ്വന്തം പേരാണ് ഇയാൾ പറഞ്ഞത്. സാമ്പിൾ ബോട്ടിലിന് പുറത്ത് ഇതേ പേര് തന്നെ ടെക്‌നിഷ്യൻ എഴുതുകയും ചെയ്തു. പിന്നീട് സാമ്പിൾ എടുക്കാൻ സ്റ്റേഷനിൽ നിന്ന് ആൾ ചെന്നപ്പോഴാണ് സജിമോന്റെ പേരിൽ രക്തം എടുത്തിട്ടില്ലെന്നും പൊലീസുകാരനൊപ്പം വന്നത് സുമേഷ് ആണെന്നും ടെക്‌നിഷ്യൻ അറിയിച്ചത്.

ഇതോടെ സജിമോനെ തന്നെ വിളിച്ചു വരുത്തി സാമ്പിൾ ശേഖരിച്ചു. സംഭവം വിവാദമായതോടെയാണ് പൊലീസുകാരൻ സസ്‌പെൻഷനിലായത്. അന്ന് ഈ വിഷയത്തിന്റെ പേരിൽ ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയ സജിമോൻ പിന്നീട് സെക്രട്ടറിയായി. ഇതിനിടെയാണ് വീട്ടമ്മയെ വശീകരിച്ച് കാറിൽ കൊണ്ടു പോയി നഗ്നരംഗങ്ങൾ പകർത്തിയത്. ഇതോടെ പാർട്ടിയിൽ പുതിയ ചർച്ചകളും തുടങ്ങി. ഇതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം.