മലപ്പുറം: തുവ്വൂർ കൊലപാതകത്തിൽ അറസ്റ്റിലാകുന്നത് കോൺഗ്രസ് കുടുംബം. പ്രാദേശിക കോൺഗ്രസ് നേതാവ് വിഷ്ണു, അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണു പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട സുജിതയുടെ ആഭരണങ്ങൾ വിഷ്ണു വിറ്റു. ആഭരണത്തിന് വേണ്ടിയായിരുന്നു കൊല. യൂത്ത് കോൺഗ്രസിലെ സജീവ പ്രവർത്തകനായിരുന്ന വിഷ്ണുവിന്റെ പണത്തോടുള്ള ആർത്തിയാണ് കൊലയിൽ കലാശിച്ചത്.

സുജിതയുടെ ഫോണിൽ അവസാനമായി വിളിച്ചത് വിഷ്ണുവിനെയായിരുന്നു. ഇതിൽനിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. എന്നാൽ, ചോദ്യംചെയ്തപ്പോൾ 10,000 രൂപ ആവശ്യപ്പെട്ട് സുജിത വിളിച്ചിരുന്നുവെന്നും ഇതിനു വേണ്ടിയായിരുന്നു കോളെന്നുമാണ് ആദ്യം പറഞ്ഞത്. തുടർന്ന് ഇരുവരുടെയും അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ സുജിതയുടെ അക്കൗണ്ടിൽ 40,000 രൂപ കണ്ടെത്തി. വിഷ്ണുവിന്റെ അക്കൗണ്ടിൽ കാര്യമായ പണവുമുണ്ടായിരുന്നില്ല. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇയാളുടെ സഹോദരനെ ചോദ്യംചെയ്തതിൽനിന്നാണു കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇതോടെ കൊലയിൽ വ്യക്തത വന്നു.

ഓഗസ്റ്റ് 11നാണ് തുവ്വൂർ കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായ സുജിതയെ(35) കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. പ്രതി വിഷ്ണു നേരത്തെ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്. വിഷ്ണുവും സുജിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു. സുജിത വിഷ്ണുവിനു പണം നൽകിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവർ തമ്മിൽ തർക്കവുമുണ്ടായിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ വിറ്റു.

കാണാതായ ദിവസം തന്നെ സുജിതയെ കൊലപ്പെടുത്തിയെന്നാണു പ്രതികൾ പൊലീസിനു നൽകിയ മൊഴി. കൊലയ്ക്കുശേഷം വിഷ്ണുവിന്റെ വീട്ടിലെ മാലിന്യക്കുഴിയിൽ മൃതദേഹം തള്ളി. ഇതിനുമുകളിൽ മണ്ണും മെറ്റലും എംസാൻഡും ഉപേക്ഷിക്കുകയും ചെയ്തു. ഇത് അലക്കുകല്ല് നിർമ്മിക്കാൻ കൊണ്ടുവന്നതാണെന്നാണ് നേരത്തെ ചോദ്യംചെയ്തപ്പോൾ പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസ് വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്തു. വിഷ്ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേർന്നായിരുന്നു കൃഷി ഭവന്റെ ഓഫീസും. ഇവിടെയായിരുന്നു സുജിത ജോലി ചെയ്തിരുന്നത്.

ഇതിനിടെ സംശയം തോന്നി പൊലീസ് എംസാൻഡും മെറ്റലും നീക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു മൃതദേഹം കാണുന്നത്. ഇതിൽനിന്നു ദുർഗന്ധം വമിച്ചതോടെ നീക്കം നിർത്തിവച്ചു. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കേസിൽ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു. കാണാതായ സുജിതയുടെ ഫോൺ ലൊക്കേഷൻ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്.

ഈ മാസം 11 നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനിൽ നിന്ന് ഇറങ്ങിയത്. ഇവിടെ താത്കാലിക ജീവനക്കാരിയായിരുന്നു ഇവർ. അന്ന് വൈകിട്ട് ഫോൺ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല.