- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിൽ തുടങ്ങിയ പ്രണയം; നാലുമാസത്തെ വിവാഹ ജീവിതത്തിൽ പട്ടം എസ് യു റ്റി ആശുപത്രിയിലെ നേഴ്സ് നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; ഷാളിൽ തുങ്ങി ഭാര്യ പിടയുന്നതു കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാൻ വൈകി? സംജിതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഉറപ്പിച്ച് ബന്ധുക്കൾ; സംജിതയെ ഇല്ലാതാക്കിയത് ടൈറ്റസിന്റെ അക്രമം
തിരുവനന്തപുരം: നെടുമങ്ങാട് നവവധുവിനെ തൂങ്ങിമരിച്ച സംഭവത്തിൽ റിമാന്റിലായ ഭർത്താവ് ബിജു ടൈറ്റസിൽ നിന്നും ഭാര്യ സംജിത നേരിട്ടത് സമാനതകൾ ഇല്ലാത്ത പീഡനം. എന്നിട്ടും പിടിച്ചു നിൽക്കാനാണ് നേഴ്സ് കൂടിയായ സംജിത ശ്രമിച്ചത്. സ്ക്കൂൾ ക്ലാസിലെ തുടങ്ങിയ പ്രണയത്തിനൊടുവിൽ നാലുമാസം മുൻപാണ് ഇരുവരും വിവാഹിതരായത്. പ്രണയ കാലത്തെ സ്വഭാവത്തിൽ നിന്നും നേരെ വിഭിന്നമായിരുന്നു ബിജുവിന്റെ വിവാഹ ശേഷമുള്ള പെരുമാറ്റം.
എന്തിനും ഒറ്റപ്പെടുത്തലും മർദ്ദനവും കൂടാതെ ബിജുവിന്റെ അമ്മയുടെ അമ്മായിയമ്മ പോര് കൂടി കടുത്തതോടെ ഭർതൃവീട്ടിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലായി സംജിത. എന്നുമുള്ള മർദ്ദനവും അമ്മായിയമ്മയുടെ പീഡനവും കൂടിയതോടെ നിൽക്കകള്ളിയില്ലാത്ത അവസ്ഥയിലായിരുന്നു സംജിത. ഉത്രാടത്തിന്റെ തലേ ദിവസവും ബിജു ടൈറ്റസ് സംജിതയെ മർദ്ദിച്ചു. പട്ടം എസ് യു റ്റി ആശുപത്രിയിൽ നേഴ്സ് ആയിരുന്ന സംജിത ജോലിക്ക് പോകാനിറങ്ങിയപ്പോഴാണ് മർദ്ദിച്ച് അവശയാക്കിയത്. സംജിതയുടെ ടൂവീലറും ചവിട്ടി തറയിൽ തള്ളി.
അമ്മ പറഞ്ഞതനുസരിച്ചായിരുന്നു ബിജുവിന്റെ പരാക്രമം. അന്ന് സംജിതയും അമ്മായിയമ്മയും തമ്മിൽ പിണങ്ങിയിരുന്നു. മർദ്ദനത്തിൽ സഹികെട്ട സംജിത പേരൂർക്കട യിലേയ്ക്ക് തന്റെ വീട്ടിലേക്ക് പോയി. എന്നാൽ സംജിതയുടെ വീട്ടിലെത്തി കുറ്റ സമ്മതം നടത്തി. അടുത്ത ദിവസം തന്നെ സംജിതയെ നെടുമങ്ങാട് ഹൗസിങ് ബോർഡ് ജംഗ്ഷനിലെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുവന്നു.
അടുത്ത ദിവസം ബിജുവിന്റെ അമ്മ സംജിതയുമായി പിണങ്ങി വീടുവിട്ടിറങ്ങിയെന്ന് ആരോപിച്ച് വീണ്ടും മർദ്ദന മുറകൾ അരങ്ങേറി. സഹികെട്ട സംജിത വീട്ടിലെ മുറിയിൽ കയറി കതകടച്ചുവെന്നാണ് ബിജു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പിന്നീട് വീടിന്റെ രണ്ടാം നിലയിലെ മുറിക്കുള്ളിൽ കെട്ടി തൂക്കിയ ചുരു ദാറിന്റെ ഷാളിൽ കിടന്ന് പിടയുന്ന ഭാര്യയെയാണ് കണ്ടതെന്നും ഉടൻ തന്നെ കതക് ചവിട്ടിപൊളിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചുവെന്നും പ്രതി പറയുന്നു.
ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്ന ബിജുവിന്റെ മൊഴി പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. സംജിതയെ നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ബിജു ടൈറ്റസ് നൽകിയ മൊഴിയിൽ പറയുന്നു. സംജിത ആത്മഹത്യ ചെയ്ത സമയം ബിജു മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഇതും സംശയത്തിന് ഇടവെച്ചിട്ടുണ്ട്.
സംജിതയുടെ ദുരൂഹ മരണം സംബന്ധിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് ബിജു ടൈറ്റസിനെ നെടുമങ്ങാട് സി ഐ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്വകാര്യ കോൺട്രാക്ടറുടെ സൂപ്പർവൈസറായ പ്രതിക്കെതിരെ ഗാർഹിക പീഡനം ,ആത്മഹത്യ പ്രേരണ ,അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബിജുവിന്റെ അമ്മയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
സ്കൂൾ ക്ലാസിൽ വെച്ച് തന്നെ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ മേയിലാണ് വിവാഹിതരായത്. പാലോട് സ്വദേശിയായ ബിജു വിവാഹത്തോടെയാണ് നെടുമങ്ങാട് വീട് വാടകയ്ക്ക് എടുത്തത്. ഇതിനിടെ നവവധുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ബിജു ടൈറ്റസിന്റെ നെടുമങ്ങാട്ടെ വീടാക്രമിച്ച് വാഹനം അഗ്നിക്കിരയാക്കി.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്