- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സാലോജിക് - സിഎംആർഎൽ ഇടപാടിൽ വീണയ്ക്ക് സമൻസ്; എസ്എഫ്ഐഒ നോട്ടീസ് നൽകിയത് വിവാദ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ തേടി; കമ്പനി നൽകിയ സേവനം എന്തെന്നും ചോദ്യം; ഹൈക്കോടതി കനിഞ്ഞില്ലെങ്കിൽ കേന്ദ്ര ഏജൻസി വീണയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്കു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) സമൻസ് അയച്ചു. കരിമണൽ കമ്പനിയായ സിഎംആർഎലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ടു സമൻസ് നൽകിയിരിക്കുന്നത്.
നേരത്തേ സിഎംആർഎലിലും കെഎസ്ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നൽകിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നൽകിയിരിക്കുന്നത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളാണ് നൽകേണ്ടതെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.
എസ്എഫ്ഐഒ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ വീണ നൽകിയ റിട്ട് ഹർജിക്കൊപ്പം ഈ സമൻസ് രേഖയും ഹാജരാക്കിയിട്ടുണ്ട്. ജനുവരി 31ലെ അന്വേഷണ ഉത്തരവു തന്നെ റദ്ദാക്കണമെന്നും വീണയുടെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിക്കാൻ ആധാരമായ എല്ലാ രേഖകളും കോടതി വിളിച്ചുവരുത്തി തങ്ങൾക്കു കൈമാറണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
സാങ്കേതികപ്പിഴവുകൾ തിരുത്തി ഇന്നലെ വീണ്ടും സമർപ്പിച്ച ഹർജി തിങ്കളാഴ്ച രാവിലെ 10.30ന് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ച് പരിഗണിക്കും. അതേസമയം മാസപ്പടി കേസിൽ എസ് എഫ് ഐ ഒ അന്വേഷണത്തിന് എതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ വിശദാംശങ്ങൾ പുറത്തുവന്നിരുന്ു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട കേസിൽ, എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് എക്സാലോജിക്ക് ഹർജി നൽകിയത്.
എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ് തന്നെ റദ്ദാകണമെന്നാണ് എക്സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെടുന്നു. അന്വേഷണം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നുമാണ് ഹർജിയിൽ പറയുന്നത്. കർണാടക ഹൈക്കോടതി അഭിഭാഷകൻ മനു പ്രഭാകർ കുൽക്കർണിയാണ് റിട്ട് ഹർജി ഫയൽ ചെയ്തത്.കെ എസ് ഐ ഡി സിയിലെ പരിശോധനയിൽ എസ് എഫ് ഐ ഒ 10 വർഷത്തെ ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് രേഖകളും ആവശ്യമായ ഡിജിറ്റൽ രേഖകളുടെ പകർപ്പും ശേഖരിച്ചു.
വേണ്ട രേഖകളുടെ വിശദാംശങ്ങൾ നേരത്തെ തന്നെ കെ എസ് ഐ ഡി സിയെ അറിയിച്ചിരുന്നു. എസ് എഫ് ഐ ഒ ആവശ്യപെട്ട എല്ലാ രേഖകളും നൽകിയെന്ന് കെ എസ് ഐ ഡി സി അറിയിച്ചു. ബുധനാഴ്ചയാണ് എസ് എഫ് ഐ ഒ സംഘം കെ എസ് ഐ ഡി സിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്. മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന് എട്ട് മാസത്തെ സമയമാണ് എസ് എഫ് ഐ.ഒക്ക് നൽകിയിട്ടുള്ളത്.
വീണ വിജയനെ ചോദ്യം ചെയ്യാനും അന്വേഷണം പിടിമുറുക്കാനും എസ് എഫ് ഐ ഒ തയ്യാറെടുക്കുന്നതിനിടെയാണ് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാറിനെയും എസ് എഫ ്ഐ ഒ ഡയറക്ടറെയും എതിർ കക്ഷികളാക്കിയാണ് എക്സാലോജിക്കിന്റെ ഹർജി. വീണാ വിജയന് ചോദ്യം ചെയ്യാൻ ഏത് സമയവും എസ് എഫ് ഐ ഒ നോട്ടീസ് നൽകുമെന്ന സൂചനയുണ്ടായിരുന്നു. ആദായ നികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവും ആർഒസിയുടെ ഗുരുതര കണ്ടെത്തലുകളും വന്നപ്പൊഴൊക്കെ എക്സാലോജിക്ക് മൗനത്തിലായിരുന്നു. 2022 നവംബറിൽ കമ്പനി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കമ്പനിയെ കുറിച്ചുള്ള ദുരൂഹതകളും
സംശയങ്ങളും ഒരുപാട് നിലനിൽക്കെയാണ് എക്സാലോജികിന്റെ ഹർജി.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ അരുൺ പ്രസാദ് നിലവിൽ ശേഖരിച്ച തെളിവുകൾ വിലയിരുത്തുകയാണ്. കെ എസ് ഐ ഡി സിയിലും സിഎംആർഎല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തുന്നത്. ഇതിൽ കെ എസ് ഐ ഡി സിയിൽ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ സിഎംആർഎല്ലിൽ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇത് വീണാ വിജയന്റെ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ദുരൂഹത കൂട്ടുന്നു. ഈ സാഹചര്യത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ട്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് സാധ്യത. ഈ നോട്ടീസ് നൽകാനാണ് വീണാ വിജയൻ എവിടെയാണുള്ളതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിച്ചത്.
കർണ്ണാടക കോടതിയിൽ ഹർജിയിൽ മാസപ്പടി വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് രംഗത്തു വരുമെന്നാണ് വിലയിരുത്തൽ. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്എഫ്ഐഒ ക്ക് ലഭിച്ചതായാണ് വിവരം. രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മാസപ്പടി കേസിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിച്ചത്. വിവിധ വ്യക്തികളുമായും സംഘടനകളുമായും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്.
രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും സംഘം ചോദിച്ചറിഞ്ഞു. ചട്ടവിരുദ്ധമായാണ് പല സാമ്പത്തിക ഇടപാടുകളും നടന്നതെന്നും സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായി. കമ്പനിയുടെ സാമ്പത്തികസഹായം സ്വീകരിച്ചവരിൽ നിന്നും വരും ദിവസങ്ങളിൽ അന്വേഷണസംഘം വിവരശേഖരണം നടത്തും. ഇതുവരെ ലഭിച്ച വിവരങ്ങളും രേഖകളും വിശകലനം ചെയ്ത ശേഷമായിരിക്കും തുടർനടപടി. ഈ ഘട്ടത്തിൽ ആദ്യം വീണാ വിജയനെ ചോദ്യം ചെയ്യാനാണ് പദ്ധതി.
സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷന്റെ അന്വേഷണത്തിൽ വീണാ വിജയന് കുടുങ്ങുന്നില്ലെന്ന് ഉറപ്പിക്കാൻ ഒരുക്കിയിരിക്കുന്നത് വിപുലമായ സംവിധാനമാണ്. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് സ്ഥിതികൾ നിരീക്ഷിക്കാൻ ക്രൈസിസ് മാനേജ്മെന്റ് സംവിധാനമുണ്ട്. ഇതിനൊപ്പം കൊച്ചിയിൽ ക്വിക്ക് റെസ്പോൺസ് ടീം. ഡൽഹിയിലും കരുതൽ സംഘമുണ്ട്. എകെജി സെന്ററിൽ റെയ്ഡ് നടക്കുമെന്ന അഭ്യൂഹം ശക്തമാണ്. പാർട്ടി ആസ്ഥാനത്ത് കേന്ദ്ര ഏജൻസി എത്തുന്നതിനെ തടയാൻ അവിടേയും പ്രത്യേക സംവിധാനമുണ്ട്. റെഡ് വാളണ്ടിയർമാർ എന്തിനും ഏതിനും തയ്യാറാണ്. എന്നാൽ കേന്ദ്ര ഏജൻസി എത്തിയാൽ സ്ഥിതി വഷളാകും. ഈ സാഹചര്യത്തിലാണ് എകെജി സെന്ററിലെ വിലാസം മറയ്ക്കാനുള്ള ഹർജി നീക്കം.
കെ എസ് ഐ ഡി സിയിൽ സീരിയസ് ഫ്രോഡ് ഇൻവേസറ്റിഗേഷൻ ടീം എത്തിയതിന് പിന്നാലെ തന്നെ അതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. ആ നീക്കത്തിന് അനുകൂലമായ സ്റ്റേ ഹൈക്കോടതി അനുവദിച്ചില്ല. ഇത് തിരിച്ചടിയായി. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തിൽ വീണ ഹർജി നൽകാത്തത്.
മറുനാടന് മലയാളി ബ്യൂറോ