തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് സമാനമായി സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവവും തെളിഞ്ഞു. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് വെളിപ്പെടുത്തൽ. പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ ആത്മഹത്യയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആശ്രമം കത്തിക്കലിൽ പ്രകാശിനെതിരെ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ. ഒരാഴ്ച മുൻപ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതോടെ നിർണ്ണായക നീക്കങ്ങളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുകയാണ്. പ്രകാശൻ സ്വയം വെളിപ്പെടുത്തൽ നടത്തിയെന്നാണ് സൂചന. തന്റെ ആശ്രമം കത്തിച്ചത് അടുത്തുള്ളവരാണെന്ന് ഉറപ്പായിരുന്നുവെന്ന് സന്ദീപാനന്ദഗിരിയും പ്രതികരിച്ചു.

പ്രശാന്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ-എന്റെ അനിയൻ പ്രകാശൻ മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. അവൻ ആർഎസ്എസ് പ്രവർത്തകനായിരുന്നു. തിരുവനന്തപുരം ജഗതിയിൽ നിന്നും ഇവന്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതോടെയാണ് അനിയൻ ആകെ അസ്വസ്ഥനാവുന്നത്. ആശ്രമം കത്തിച്ച സംഭവത്തിലാണ് ആ പയ്യനെ പിടികൂടിയത്. ഇതോടെ ആകെ ഭയത്തിലായിരുന്നു ഇവൻ. കൂട്ടുകാരനെ പൊലീസ് പൊക്കി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഇവൻ എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്.

ഞാനും കുണ്ടമണ്ക്കടവിലെ ചേട്ടന്മാരും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് എന്ന് എന്നോട് ഇവൻ പറഞ്ഞു. അന്ന് അവനെ ഞാൻ കുറേ ശകാരിച്ചു. പക്ഷേ അവൻ ആകെ ആശങ്കയിലായിരുന്നു. കുറച്ചു ദിവസത്തിന് ശേഷമായിരുന്നു ആത്മഹത്യ. മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ അവൻ വീട്ടിൽ ഇല്ലായിരുന്നു. ഇടയ്ക്ക് വന്നാലും ഈ കുണ്ടമണ്കടവിലെ കൂട്ടുകാർ വന്ന് വിളിച്ചു കൊണ്ടു പോകും. പ്രകാശന്റെ മരണശേഷം എനിക്ക് മേലെ വലിയ സമ്മർദ്ദവുമായിരുന്നു. കൂട്ടുപ്രതികളുടെ ജീവിതം തുലയ്ക്കരുത് സംഭവം പുറത്തറിഞ്ഞാൽ അവരുടെ വീട്ടിലെ സ്ത്രീകൾ വല്ല കടുംകൈയും ചെയ്യും എന്നായിരുന്നു ഭീഷണി.

എന്നാൽ അനിയൻ മരിച്ച ശേഷവും കൂട്ടുപ്രതികളൊക്കെവളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അവന്റെ മരണശേഷം ഈ കൂട്ടുകാർ എന്നു പറയുന്ന ആരേയും ഇങ്ങോട്ട് കണ്ടിട്ടില്ല. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളിൽ അനിയനെ ഒപ്പമുള്ളവർ മർദ്ദിച്ചിരുന്നു. കൊച്ചുകുമാർ, വലിയ കുമാർ, രാജേഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകൾ. ഇവർ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് എന്റെ സംശയം-ഇതാണ് പ്രശാന്തിന്റെ വെളിപ്പെടുത്തൽ. ഇതോടെ ആശ്രമം കത്തിച്ചത് പ്രകാശാണെന്ന് ഉറപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്.

2018 ഒക്ടോബർ 27 ന് ആണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് എത്തുകയും , അന്വേഷണം പ്രഖ്യാപിക്കുകയും , പ്രതികളെ ഉടൻ പിടികൂടുമെന്ന് പറയുകയും ഒക്കെ ചെയ്തു. വലിയ രാഷ്ട്രീയ വിവാദമായ സംഭവം. ആദ്യം സിറ്റി പൊലീസിന്റെ പ്രത്യേകസംഘവും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ പക്ഷേ പിന്നീട് ഒന്നും സംഭവിച്ചില്ല.

ഏതാണ്ട് കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലും ആയിരുന്നു. അങ്ങനെ ഇരിക്കെയാണ് സംഭവം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം നിർണായക വഴിത്തിരിവുണ്ടായത്. ശബരിമല സ്ത്രീപ്രവേശന വിഷയം കത്തി നിൽക്കുമ്പോൾ ആണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കപ്പെട്ടത്. ക്രൈംബ്രാഞ്ചിന്റെ തന്നെ നാലാമത്തെ സംഘമാണ് ഈ കേസ് നിലവിൽ അന്വേഷിക്കുന്നത്.