തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. നിർണായക വെളിപ്പെടുത്തലാണ് നാലര വർഷത്തിന് ശേഷം ഉണ്ടായത്. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്ന വെളിപ്പെടുത്തൽ പുതിയ ട്വിസ്റ്റാകും. ഏതായാലും എകെജി സെന്റർ ആക്രമണ കേസിന് സമാനമായി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കലിലും പറയാൻ പ്രതികളാവുകയാണ്. കുണ്ടമൻകടവിലെ തീ കത്തിക്കലിൽ സർക്കാരിന് പറഞ്ഞു നിൽക്കാനുള്ള പിടിവള്ളിയാണ് ആത്മഹത്യ ചെയ്ത ആർ എസ് എസുകാരന്റെ സഹോദരന്റെ വെളിപ്പെടുത്തൽ.

പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ. ഇതിൽ അസ്വാഭാവികത ഏറെയുണ്ട്. പ്രകാശിന്റെ മരണ സമയത്ത് ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ സംശയങ്ങളും ഏറെയാണ്. ഒരാഴ്ച മുൻപ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

നമ്മളാണ് തീവച്ചത് എന്ന പ്രചാരണത്തിന് വളം വയ്ക്കുകയാണ് എല്ലാവരും ചെയ്തത്. അതിന് പ്രോത്സാഹിപ്പിക്കുകയാണ് പലരും. അതിന് മാറ്റം വരുമല്ലോ പുതിയ വെളിപ്പെടുത്തലോടെ. ഈ പരിസരത്ത് ഉള്ളവരാണ് ഇത് ചെയ്തതെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നു. അന്വേഷത്തിന്റെ ആദ്യഘട്ടത്തിൽ ചില പാളിച്ചകളുണ്ട്. പ്രതിയായ ഇപ്പോൾ പറയുന്ന പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അതിലും അന്വേഷണം നടത്തണമെന്നാണ് സന്ദീപാനന്ദഗിരിയുടെ നിലപാട്.

ആർഎസ്എസ് തന്നെയാണ് ഇതിന് പിന്നിൽ എന്നാണ് അന്നും ഇന്നും പറഞ്ഞത്. സത്യം ഇന്നല്ലെങ്കിൽ നാളെ കണ്ടെത്തും. കേസ് വൈകിയതിനെക്കുറിച്ചല്ല ഇപ്പോഴത്തെ കണ്ടെത്തലാണ് പ്രധാന്യം. കേസിൽ തുടർ അന്വേഷണം സമഗ്രമായി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാധ്യമങ്ങളിലൂടെയാണ് ഇപ്പോൾ വാർത്ത അറിയുന്നത്, പൊലീസ് ഔദ്യോഗികമായി വിവരം നൽകിയിട്ടില്ലെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു.

ആശ്രമം കത്തിച്ച സംഭവത്തിൽ പുതിയെ വെളിപ്പെടുത്തലിന് പിന്നാലെ ഫേസ്‌ബുക്കിൽ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി എത്തുകയും ചെയ്തു. മേരെ പ്യാരേ ദേശ് വാസിയോം ആളെ കിട്ടി എന്നാണ് അദ്ദേഹം എഴുതിയത്. പോസ്റ്റിന് വരുന്ന കമന്റികൾക്കും അദ്ദേഹം മറുപടി നൽകി. ആശ്രമം കത്തിച്ച പ്രതിയെ കണ്ടെത്താൻ സാധിക്കാതിരുന്നതോടെ നിരവധി ആരോപണങ്ങളും അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ആശ്രമത്തിലെ സിസിടിവിയും സംഭവ ദിവസം പ്രവർത്തിച്ചിരുന്നില്ല.

പ്രകാശിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ആശ്രമം കത്തിച്ച കേസിലും നിർണായക വിവരം പുറത്തുവന്നത്. പ്രതികൾ ആരെന്ന് കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കേസ് അവസാനിച്ചുവെന്ന് പറയാതിരുന്നത് ചില മാധ്യമങ്ങൾ മാത്രമാണെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. പ്രകാശൻ മരിക്കുന്നതിന് കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നാണ് പ്രശാന്ത് പറയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളിൽ അനിയനെ ഒപ്പമുള്ളവർ മർദ്ദിച്ചിരുന്നു. കൊച്ചുകുമാർ, വലിയ കുമാർ, രാജേഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകൾ. ഇവർ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് സംശയിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.

2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ ആശ്രമത്തിന് തീപിടിച്ചത്. മൂന്ന് വാഹനങ്ങളും കത്തി. തീയിട്ടവർ ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചിരുന്നു. മുഖ്യമന്ത്രി ആശ്രമത്തിലെത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ആറു മാസത്തോളം കമ്മിഷണറുടെ സംഘവും അന്വേഷിച്ചു. തുമ്പില്ലാതെ വന്നപ്പോഴാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നേരിട്ടെത്തി അന്വേഷിച്ചിരുന്നു. പിന്നീട് എസ്. ശ്രീജിത്ത് മേധാവി ആയപ്പോഴും അന്വേഷണ പുരോഗതി വിലയിരുത്തി നിർദ്ദേശങ്ങൾ നൽകിയിരുന്നു.

ഫോറൻസിക് തെളിവുകളിൽ പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നല്ലാതെ എവിടെയാണ് തീ കത്തി തുടങ്ങിയതെന്നോ ആരാണ് പിന്നിലെന്നോ വ്യക്തമായില്ല. ആശ്രമത്തിലെ സിസി ടിവി കാമറകൾ തകരാറിലായതും തെളിവുകൾ കിട്ടാൻ തടസമായി. സംഭവത്തിന് ഒരാഴ്ച മുമ്പ് ആശ്രമത്തിലേക്ക് മാർച്ച് നടത്തിയവരെ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാക്കിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്തെ മറ്റ് സിസി ടിവി ക്യാമറകളിൽ നിന്നോ ഫോൺ കോളുകളിൽ നിന്നോ സൂചനകളൊന്നും ലഭിച്ചില്ല.

ഇതിനിടെ കേസിൽ അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന റിപ്പോർട്ടും പുറത്തുവന്നു. ഇതിനിടെയാണ് നിർണായക വെളിപ്പെടുത്തലുണ്ടായത്.