- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റിലെ സംഘടനാ നേതാവിനൊപ്പമുണ്ടായിരുന്നത് ലൈംഗിക വൈകൃതമുള്ള സൈക്കോ ഡ്രൈവർ; സന്തോഷിന്റെ കഴിഞ്ഞ ഒരു വർഷത്തെ രാത്രി യാത്രകളും നഗരത്തിൽ സ്ത്രീകൾക്കെതിരായുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികളും പരിശോധിക്കും; കുറവൻകോണത്തെ കത്തികാട്ടി പീഡനത്തിനും സ്ഥിരീകരണം; മച്ചയിലെ സന്തോഷ് ആളു ചില്ലറക്കാരനല്ല
തിരുവനന്തപുരം: സർക്കാർ കാറിൽ കറങ്ങി നടന്ന് മതിലുകൾ ചാടിക്കടന്ന സന്തോഷ് സൈക്കോ കുറ്റവാളിയെന്ന സംശയം ശക്തം. സ്ത്രീകളെ ആക്രമിക്കുന്നതിൽ ഇയാൾ ആനന്ദം കണ്ടെത്തിയിരുന്നോ എന്ന സംശയം ശക്തമാണ്. അതിനിടെ അർധരാത്രി വീട്ടിൽ കടന്നുകയറി കത്തി കാട്ടി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതുൾപ്പെടെ ഗുരുതര കുറ്റങ്ങൾ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സന്തോഷിനെതിരെ തെളിഞ്ഞതോടെ കൂടുതൽ അന്വേഷണവും നടത്തും. സന്തോഷിന്റെ മൊബൈൽ ഫോണിൽ തെളിവുണ്ടാകുമെന്നാണ് പ്രതീക്ഷ. സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറിയായ ഗോപകുമാരൻ നായർ സിപിഎം അടുപ്പക്കാരനായതു കൊണ്ടാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായത്.
സന്തോഷിന്റെ കഴിഞ്ഞ ഒരു വർഷത്തെ രാത്രി യാത്രകളും നഗരത്തിൽ സ്ത്രീകൾക്കെതിരായുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികളും പൊലീസ് പരിശോധിക്കും. ലൊക്കേഷൻ അറിയുന്നതിനായി സന്തോഷിന്റെ ഫോൺ റെക്കോർഡ് പരിശോധിക്കാൻ തീരുമാനിച്ചു. കുറവൻകോണത്ത് വീട്ടിൽ കയറി വിദ്യാർത്ഥിനിയെ ആക്രമിച്ചതിനു സമാനമായ കുറെ പരാതികൾ പൊലീസിന് മുമ്പിലുണ്ട്. ഈ കേസുകളൊന്നും തെളിഞ്ഞിരുന്നില്ല. ആ സംഭവങ്ങൾ നടന്ന സമയത്തു സന്തോഷിന്റെ ഫോൺ ലൊക്കേഷൻ എവിടെയായിരുന്നു എന്നാണു പരിശോധിക്കുന്നത്. പ്രധാനമായും മ്യൂസിയം, പേരൂർക്കട, കന്റോൺമെന്റ് മേഖലയിൽ നിന്നു ലഭിച്ച പരാതികളാണു പുനഃപരിശോധിക്കുന്നത്. സന്തോഷിന്റെ സാന്നിധ്യം സംഭവസ്ഥലങ്ങളിൽ ഉണ്ടായിരുന്നെന്നു കണ്ടെത്തിയാൽ പരാതിക്കാരിൽ നിന്നു വിശദമായ മൊഴിയെടുക്കും.
വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ മ്യൂസിയം പൊലീസ് സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തും. അതിനു ശേഷം വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെളിവെടുപ്പിനായി പേരൂർക്കട പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. സന്തോഷ് തന്നെയാണു കഴിഞ്ഞ ഡിസംബറിൽ രാത്രി നഗരത്തിലെ വീട്ടിൽ അതിക്രമിച്ചു കടന്നു കത്തി ചൂണ്ടി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു.
അന്നു പേരൂർക്കട പൊലീസ് ശേഖരിച്ച വിരലടയാളം ഇയാളുടേതുമായി ഒത്തുനോക്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പീഡനശ്രമത്തിനു കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. മലയിൻകീഴ് മച്ചയിൽ ശിവജിപുരം പത്മനാഭ വിലാസം വീട്ടിൽ സന്തോഷ്, ജലവിഭവ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ എന്ന നിലയിൽ പിടിയിലാകാതെ തുടർന്നും ഇത്തരം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തിരുന്നുവെന്നതു ഞെട്ടിക്കുന്ന വിവരമായി.
2021 ഡിസംബർ 19 ന് കുറവൻകോണത്തു തന്നെ മറ്റൊരു വീട്ടിലാണു പീഡനശ്രമം ഉണ്ടായത്. സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തിയിരുന്ന 4 വിദ്യാർത്ഥിനികൾ ഈ വീടിന്റെ മുകൾ നില വാടകയ്ക്കെടുത്തു താമസിച്ചിരുന്നു. രാത്രി 2 മണിയോടെ മതിൽ ചാടി അകത്തു കടന്ന പ്രതി ഗ്രില്ലിന്റെ പൂട്ട് തകർത്തു മുകൾ നിലയിൽ കടന്നു. ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ വായ് പൊത്തിപ്പിടിച്ച ശേഷം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. കത്തി വീശിയപ്പോൾ പെൺകുട്ടിയുടെ കൈ മുറിഞ്ഞു.
ബഹളം കേട്ട് അടുത്ത മുറിയിലുള്ളവർ ഓടിവന്നപ്പോൾ പുതപ്പ് വീശിയെറിഞ്ഞ ശേഷം ഇയാൾ രക്ഷപ്പെട്ടു. അപ്പോൾ തന്നെ പെൺകുട്ടികൾ പൊലീസിൽ അറിയിക്കുകയും വിശദമായ മൊഴി കൊടുക്കുകയും ചെയ്തു. പക്ഷേ പ്രയോജനമുണ്ടായില്ല. സമീപവാസികൾ അക്രമിയെ പിടിക്കാൻ കുറേ ദിവസം രാത്രി കാത്തിരുന്നു. ഒരു മാസം കഴിഞ്ഞ് ഇതേ വീട്ടിൽ ഇയാൾ വീണ്ടും എത്തിയെങ്കിലും പുറത്തു ശബ്ദം കേട്ടു വിദ്യാർത്ഥിനികൾ ബഹളം വച്ചപ്പോൾ ഓടി രക്ഷപ്പെട്ടു. സന്തോഷിന്റേതു രാഷ്ടീയ നിയമനമാണെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്തു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് ഡ്രൈവറായിരുന്നുവെന്നും ഇതിനിടെ കരാറുകാരൻ വെളിപ്പെടുത്തി.
സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ് പറയുന്നു. വീടുകളിൽ കടന്നുകയറി സ്ത്രീകളുടെ അടിവസ്ത്രമടക്കം മോഷ്ടിക്കുന്നതും അവരെ കടന്നുപിടിക്കുന്നതും ഒളിഞ്ഞു നോട്ടവും ഇയാളുടെ ശീലമാണ്. രേഖാചിത്രം പുറത്തിറക്കിയതോടെ കുറവൻകോണത്തെ നൃത്താദ്ധ്യാപിക അശ്വതി നായർ 25നും 26നും തന്റെ വീട്ടിൽ അതിക്രമിച്ചുകടക്കാൻ ശ്രമിച്ചയാൾക്ക് രേഖാ ചിത്രവുമായി സാമ്യമുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
അതേസമയം, പ്രതിയുടെ രേഖാചിത്രം പുറത്തിറക്കിയതോടെ ആർക്കും സംശയം വരാതിരിക്കാൻ സന്തോഷ് തല മൊട്ടയടിച്ചാണ് ജോലിക്ക് എത്തിയത്. മുടി വടിച്ചത് തലയ്ക്ക് നീരുവന്നെന്ന കാരണം കൊണ്ടാണെന്നും സന്തോഷ് സഹപ്രവർത്തകരെ വിശ്വസിപ്പിച്ചു. സി.സി ടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും രേഖാചിത്രം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് അന്വേഷണത്തിൽ നിർണായകമായത്.
മറുനാടന് മലയാളി ബ്യൂറോ