- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
3.80 കോടിയുടെ ഡോളർ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് നൽകിയത് കരിഞ്ചന്തയിൽ നിന്ന് വാങ്ങി; സ്വപ്നയ്ക്കും കൂട്ടാളികൾക്കും കമ്മീഷൻ 59 ലക്ഷം; കൈമാറിയത് കള്ളപ്പണമല്ല ബാങ്ക് അക്കൗണ്ട് വഴി; രണ്ടുകരാർ കൂടി സ്വർണക്കടത്ത് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നെന്നും സന്തോഷ് ഈപ്പൻ
കൊച്ചി: ഡോളർ കടത്ത് കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ലൈഫ് മിഷൻ കേസിൽ കോഴ നൽകിയിട്ടുണ്ടെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.രണ്ടു ഭവനപദ്ധതികളുടെ നിർമ്മാണ കരാർ കൂടി സ്വപ്നയടക്കമുള്ള സ്വർണക്കടത്തു കേസ് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നെന്നു സന്തോഷ് ഈപ്പൻ പറഞ്ഞു. കരാർ ലഭിക്കാൻ നൽകിയ കോഴപ്പണം കള്ളപ്പണമായിരുന്നില്ലെന്നും നാലുകോടി നാൽപതുലക്ഷം രൂപയാണു കമ്മീഷൻ ഇനത്തിൽ കൈമാറിയതെന്നും പ്രതികൾ മറ്റു ചിലരെയും കബളിപ്പിച്ചതായും സന്തോഷ് ഈപ്പൻ ഇ.ഡിക്ക് മൊഴി നൽകി.
വടക്കാഞ്ചേരിയിലെ ഭവനനിർമ്മാണ കരാർ ലഭിക്കാൻ 3.80 കോടി രൂപയുടെ ഡോളർ കരിഞ്ചന്തയിൽനിന്നു വാങ്ങി യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ട്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവർക്കു കമ്മീഷനായി നൽകിയത് 59 ലക്ഷം രൂപയാണ്. മുമ്പു നിർമ്മാണം പൂർത്തീകരിച്ച ചില കെട്ടിടനിർമ്മാണ കരാറുകളിൽനിന്നു ലഭിച്ച തുകയാണ് ഇതിനു നൽകിയത്. ബാങ്ക് അക്കൗണ്ട് വഴി നിയമാനുസൃതമായാണ് തുകകളെല്ലാം കൈമാറിയതെന്നും തനിക്കു കള്ളപ്പണ ഇടപടുകളില്ലെന്നും സന്തോഷ് ഈപ്പൻ മൊഴിനൽകി.
ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പകർപ്പുകളും ഇ.ഡിക്കു കൈമാറിയിട്ടുണ്ട്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിലവിൽ പത്തിലധികം അന്വേഷണ ഏജൻസികൾ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിട്ടുണ്ട്. മറ്റുചില ബിൽഡർമാരിൽ നിന്നും സ്വപ്നയും സരിത്തും സന്ദീപും പണം വാങ്ങിയിട്ടുണ്ട്.
പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണ കരാറുകളും മറ്റു ചില കരാറുകളും ലഭ്യമാക്കാമെന്നു പറഞ്ഞാണ് നാലു കമ്പനികളിൽനിന്നു പണം വാങ്ങിയത്. വിവിധ പദ്ധതികളുടെ പേരിൽ 58 കോടിയിലധികം രൂപ യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിലെത്തിയതായി അറിയാമെന്നും സന്തോഷ് ഈപ്പൻ മൊഴിനൽകി.
വടക്കാഞ്ചേരിയിലെ ഭവന പദ്ധതിക്കായി യുഎഇ റെഡ്ക്രസന്റ് വഴി ലഭിച്ച ഏഴേ മുക്കാൽ കോടിയിൽ 3.80 കോടി ഉദ്യോഗസ്ഥർക്കും മറ്റും കോഴയായി നൽകിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. ഇന്ത്യൻ രൂപ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറുകളാക്കി തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് ഷൗക്രിക്ക് നേരിട്ട് നൽകി. സ്വപ്നാ സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു ഇതെന്നായിരുന്നു മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ടവരേയും വൈകാതെ ചോദ്യം ചെയ്യും. ഇഡിക്ക് സ്വപ്നാ സുരേഷ് ജയിലിൽ നൽകിയ മൊഴിയിൽ ആറു കോടി രൂപയാണ് കോഴപ്പണമെന്നായിരുന്നു അറിയിച്ചത്. ഇതോടെ ഖാലിദിന് നൽകിയ 3.80 കോടി രൂപ മാത്രമല്ല കേസിൽ ഉൾപ്പെട്ടതെന്ന് കണ്ടെത്തിയതോടെയാണ് ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷത്തിലേക്ക് കടന്നത്.
അതേസമയം രണ്ടു കോടിയോളം രൂപ സന്തോഷ് ഈപ്പൻ, കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്ക് നൽകിയെന്നും ഇഡി സംശയിക്കുന്നു. കസ്റ്റംസിനോടും സിബിഐയോടും കമ്മീഷൻ തുക സംബന്ധിച്ച് നൽകിയ മൊഴി തെറ്റായിരുന്നെന്നും സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വപ്ന, സന്ദീപ് നായർ, പി.എസ്. സരിത്ത്, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എന്നിവരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്‌തേക്കും.
നേരത്തെ ഡോളർ കടത്തുക്കേസിൽ എം ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്വപ്ന സുരേഷിന്റെ ലോക്കറിൽ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി.
ഇവരെ പ്രതി ചേർത്ത് കസ്റ്റംസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ലോക്കറിൽ ഉണ്ടായിരുന്നത് ലൈഫ് മിഷൻ അഴിമതിയിൽ കമ്മീഷൻ കിട്ടിയ തുകയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സംസ്ഥാന ഇന്റലിജൻസ് വിവരങ്ങൾ സ്വപ്നയ്ക്ക് ചോർത്തി നൽകിയെന്നും കുറ്റപത്രത്തിൽ ആരോപണമുണ്ട്. ലൈഫ് യുണിടാക്ക് കമ്മീഷൻ ഇടപാടിന്റെ സൂത്രധാരൻ ശിവശങ്കറാണെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ