കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ പ്രതിയായ സവാദിന് സഹായം നൽകിയ വ്യക്തികളും സംഘടനകളും എൻഐഎ നിരീക്ഷണത്തിൽ. സഹായം നൽകിയവരെ കുറിച്ച് ഇതിനകം അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ചില തീവ്രസ്വഭാവമുള്ള ഇസ്ലാമിക സംഘടനകളും എൻഐഎയുടെ നിരീക്ഷണത്തിലാണ്. പതിമൂന്ന് വർഷമായി ഒളിവിൽ കഴിയവേയാണ് കൈവെട്ട് കേസിലെ ഒന്നാം പ്രതിയായ സവാദ് കണ്ണൂരിൽ അറസ്റ്റിലായത്.

കണ്ണൂരുമായി യാതൊരു ബന്ധവുമില്ലാത്ത ഏറണാകുളം സ്വദേശിയായ ഒരാൾ കണ്ണൂരിലെത്തി വിവിധയിടങ്ങളിൽ വാടകയ്ക്ക് വീടെടുത്ത് വർഷങ്ങളോളം താമസിക്കണമെങ്കിൽ മറ്റ് പലരുടേയും സഹായം ഇയാൾക്ക് ലഭിച്ചിരിക്കുമെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. ഇതിലൂടെ സഹായിച്ചവരെ കണ്ടെത്തും. സവാദിനെ കുടുക്കുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ദിവസങ്ങൾക്ക് മുമ്പേ കണ്ണൂർ വിമാനത്താവളം വഴി മട്ടന്നൂരിലെത്തി ക്യാമ്പ് ചെയ്തിരുന്നതായാണ് വിവരം. മൂർഖൻ പറമ്പിലെ വിമാനത്താവളത്തിൽ എൻഐഎ ഇറങ്ങിയത് വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മട്ടന്നൂർ പരിയാരം ബേരത്തിനടുത്ത് വാടകവീട്ടിൽ നിന്നാണ് എൻഐഎ സംഘം ഇയാളെ അറസ്റ്റു ചെയ്തത്. സർജിക്കൽ സ്‌ട്രൈക്കായിരുന്നു നടന്നത്.

പരിയാരത്ത് ആശാരിപ്പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് സ്വാധീന മേഖലയിലാണ് താമസിച്ചുവന്നത്. കേസിൽ വിവിധ ഘട്ടത്തിൽ മറ്റുപ്രതികൾ പിടിക്കപ്പെട്ടപ്പോഴും ഒന്നാം പ്രതി ഒളിവിലായിരുന്നു. ആഴ്ചകളായി എൻഐഎ സംഘം മട്ടന്നൂരിലും പരിസരത്തും രഹസ്യാന്വേഷണം നടത്തിവരികയായിരുന്നു. പേര് ഷാജഹാൻ എന്നാണെന്നും ജോലി ആശാരിപ്പണിയാണെന്നുമാണ് സവാദ് പരിചയപ്പെടുത്തിയിരുന്നതെന്ന് അയൽവാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സവാദിന് ഭാര്യയും രണ്ടു ചെറിയ മക്കളുമുണ്ട്.

ജനുവരി അവസാനത്തോടെ വീടിന്റെ എഗ്രിമെന്റ് അവസാനിക്കുന്നതിനാൽ സവാദ് പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചിരുന്നതായ വിവരവും പുറത്ത് വന്നിട്ടുണ്ട്. ഇവിടുത്തെ ഒളിവുജീവിതം മതിയാക്കി മറ്റൊരു സ്ഥലത്തേക്ക് ചേക്കേറാനിരിക്കെയാണ് എൻഐഎ പിടികൂടിയതെന്നാണ് വിവരം. മുമ്പ് വിളക്കോടാണ് താമസിച്ചിരുന്നുവെന്നതെന്നും അറിയുന്നു. കാസർകോട് നിന്നാണ് സവാദ് വിവാഹം കഴിച്ചത്. അറസ്റ്റിനുശേഷം പ്രതിയുടെ ഒളിത്താവളം സംബന്ധിച്ചും പോയ വർഷങ്ങളിലെ പ്രവർത്തികൾ സംബന്ധിച്ചും സഹായിച്ചവിരെ കുറിച്ചും കേരള പൊലീസും അന്വേഷണം ശക്തമാക്കിയതായറിയുന്നു.

മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു. ഭീകരപ്രവർത്തനം തെളിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, ഒന്നാംപ്രതിയെ പിടികൂടാനാകാത്തത് വിധിയിൽ പ്രത്യേകം പരാമർശിക്കുകയുംചെയ്തിരുന്നു. കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി ആറുപ്രതികൾകൂടി കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതി കണ്ടെത്തിയത് കഴിഞ്ഞവർഷം ജൂലായ് 12-നാണ്. തൊട്ടടുത്തദിവസം ഇവർക്ക് ശിക്ഷ പ്രഖ്യാപിച്ചു. അഞ്ചുപേരെ വെറുതേവിടുകയുംചെയ്തു.

ഒന്നാംഘട്ട വിചാരണയിൽ 13 പേരെ കോടതി ശിക്ഷിച്ചിരുന്നു. തെളിവുകളുടെ അഭാവത്തിൽ 18 പേരെ വിട്ടയക്കുകയുംചെയ്തു. ആക്രമണംനടന്ന് 13 വർഷങ്ങൾക്കുശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയത്. രണ്ടാംഘട്ടവിധിയിൽ ഉൾപ്പെടെ പ്രതികളുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചിരുന്നു. ഭീകരപ്രവർത്തനം, വധശ്രമം, ഗൂഢാലോചന, മതസ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരേ തെളിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, രാജ്യത്തിന്റെ മതേതരഘടനയ്ക്ക് ഭീഷണിയാണ് പ്രതികളുടെ നടപടിയെന്ന് വ്യക്തമാക്കിയിരുന്നു.