- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂത്ത കുട്ടിയെ സ്കൂളിൽ ചേർക്കാൻ ചെന്നപ്പോൾ പ്രഥമാധ്യാപകനോട് യഥാർഥ പേര് പറഞ്ഞു; ഒന്നും ഭാര്യ അറിഞ്ഞില്ല; ഓട്ടോ ഡ്രൈവറുടെ വീട്ടിലെ കഷ്ടത മുതലെടുത്ത് വിവാഹം; 10 മക്കളുള്ള അച്ഛനെ പറഞ്ഞു പറ്റിച്ചതും പോപ്പുലർ ഫ്രണ്ട്; സവാദിൽ സത്യം കണ്ടെത്താൻ എൻഐഎ; ഭാര്യയേും ചോദ്യം ചെയ്യും
കണ്ണൂർ; സവാദിന് കല്യാണം കഴിക്കാൻ സഹായം ചെയ്തു നൽകിയും പോപ്പുലർ ഫ്രണ്ട് നേതാക്കൾ. കാസർകോട് മഞ്ചേശ്വരത്തെ ഒരു നിർധന കുടുംബത്തിൽനിന്നാണ് സവാദ് വിവാഹം കഴിച്ചത്. അവിടെയുള്ള പി.എഫ്.െഎ. നേതാവാണ് ഇതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തത്. സവാദിന്റെ ഭാര്യയെയും വിവിധ ഘട്ടങ്ങളിൽ സഹായിച്ചവരെയും പൊലീസും ചോദ്യംചെയ്യും. സവാദിനെ കസ്റ്റഡിയിൽ വാങ്ങി എൻ.െഎ.എ. ചോദ്യംചെയ്യും മുൻപുതന്നെ സഹായികളെയും പൊലീസ് ചോദ്യംചെയ്യും.
2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാൻസ് കോളേജിലെ മലയാലം അദ്ധ്യാപകനായ പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽ പോകുകയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പിറകിൽ ഉന്നതരുണ്ടെന്ന് പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചു. 2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജൻസിക്ക് തിരിച്ചടിയായിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഒളിവിൽ കഴിയാൻ സഹായം പലരുടേയും ലഭിച്ചിട്ടുണ്ടെന്നാണ് എൻ.ഐ.എ. സംഘം വിശ്വസിക്കുന്നത്. ഓട്ടോഡ്രൈവറായ ഭാര്യാപിതാവ് മംഗളൂരുവിനടുത്ത ആരാധനാകേന്ദ്രത്തിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടത്. അനാഥനാണെന്നും ഷാജഹാനെന്നാണ് പേരെന്നും കണ്ണൂർ സ്വദേശിയാണെന്നുമാണ് അന്ന് പറഞ്ഞത്. തുടർച്ചയായ കൂടിക്കാഴ്ചയെത്തുടർന്നാണ് 10 മക്കളുടെ പിതാവായ ഓട്ടോഡ്രൈവർ മകളുമായുള്ള കല്യാണം നടത്തിയത്. ഷാജഹാൻ എന്നപേരിൽ തന്നെയാണ് വിവാഹം കഴിച്ചതും.
തന്നെ തിരിച്ചറിയാതിരിക്കാൻ താമസിക്കുന്നയിടങ്ങളിൽ ഭാര്യയുടെ തിരിച്ചറിയൽ രേഖയും മഞ്ചേശ്വരത്തെ മേൽവിലാസവുമാണ് സവാദ് നൽകിയിരുന്നത്. അറസ്റ്റ് ചെയ്യുന്ന നിമിഷംവരെ ഭാര്യക്ക് ഇയാളുടെ യഥാർഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്ന് ഭാര്യ പൊലീസിന് മൊഴി നൽകി. കർണാടക അതിർത്തിയിൽ താമസിക്കുന്ന ഭാര്യക്ക് മലയാളം നന്നായി അറിയില്ലായിരുന്നു. മൂത്ത കുട്ടിയെ സ്കൂളിൽ ചേർക്കാൻ ചെന്നപ്പോൾ പ്രഥമാധ്യാപകനോടാണ് യഥാർഥ പേര് പറയുന്നത്. രണ്ടുപേരുണ്ടെന്നും ഷാജഹാൻ എന്നത് വീട്ടിലെ പേരാണെന്നും സവാദ് യഥാർഥ പേരാണെന്നും പറഞ്ഞു.
കഴിഞ്ഞദിവസം പൊലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. സിംകാർഡുകൾ മാറ്റിയും സ്ഥലങ്ങൾ മാറിയുമാണ് എറണാകുളം ഓടക്കാലിയിലെ ബന്ധുക്കളെയും പാർട്ടിപ്രവർത്തകരെയും സവാദ് ബന്ധപ്പെട്ടതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. 2016ലാണ് സവാദ് വിവാഹം കഴിച്ചത്. കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വർഷം മുമ്പ് മകളെ വിവാഹം കഴിച്ച് നൽകിയതെന്ന് സവാദിന്റെ ഭാര്യാപിതാവ് പറഞ്ഞു. ഷാജഹാനെന്ന കള്ളപ്പേരിലായിരുന്നു കല്യാണമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് മഞ്ചേശ്വരം സ്വദേശിയാണ് വധു. ഉള്ളാൾ ദർഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്ന് ഭാര്യാപിതാവ് പറയുന്നു. ഷാജഹാൻ എന്നായിരുന്നു പേര്.
വിവാഹം കഴിഞ്ഞ് കണ്ണൂരിലെത്തി, വളപട്ടണത്തും ഇരിട്ടി വിളക്കോടും പിന്നീട് മട്ടന്നൂർ ബേരത്തും വാടകയ്ക്ക് കഴിഞ്ഞു. വിവരങ്ങൾ മറച്ചുവച്ചു. വാടകവീടെടുക്കാൻ നൽകിയത് ഭാര്യയുടെ രേഖകളും വിലാസവും. ഗർഭിണിയായി ബേരത്ത് എത്തിയപ്പോൾ ആശ വർക്കർമാർക്കും പൂർണ വിവരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറി. ഷാജഹാൻ തന്നയാണോ സവാദെന്ന് എൻഐഎ ഉറപ്പിക്കുന്നത് ഇളയ കുഞ്ഞിന്റെ ജനന രേഖയിൽ നിന്നാണെന്നാണ് വിവരം.
മരപ്പണി പഠിച്ചെടുത്തത് കണ്ണൂരിൽ നിന്നാണ്. വാടകവീടെടുക്കാനും മരപ്പണിക്കും സഹായം നൽകിയത് പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരെന്ന് എൻഐഎക്ക് വ്യക്തമായിട്ടുണ്ട്. എട്ട് വർഷത്തിലധികമായി കാസർകോട്, കണ്ണൂർ ഭാഗങ്ങളിൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് പിടികൊടുക്കാതെ സവാദ് ഉണ്ടായിരുന്നുവെന്നാണ് തെളിയുന്നത്. വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇയാളുടെ തിരിച്ചറിയൽ രേഖകളും എൻഐഎ പരിശോധിക്കുന്നുണ്ട്.
സവാദിനെ കഴിഞ്ഞ ദിവസം രാവിലെ കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് മരപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ