- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപിനെ കൊന്ന ഉനൈസ്; ആർ എസ് എസുകാരൻ ശ്യാമപ്രസാദിനെ വകവരുത്തി ചേമ്പോത്ത് ഷഫീറുമായും അടുപ്പം; പരിവാറുകാരൻ ശ്രീനിവാസ് കൊലക്കേസിലെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയത് സവാദിലേക്ക് വഴിയൊരുക്കി; വാട്സാപ്പിലേക്ക് വന്ന വിവരം നിർണ്ണായകമായി
കണ്ണൂർ: പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ 13 വർഷം ഒളിവിലായിരുന്ന ഒന്നാംപ്രതി സവാദിനെ കുടുക്കിയത് പാലക്കാട്ട് ആർ.എസ്.എസ് മുൻ ജില്ലാ ശാരീരിക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ഡിസംബറിൽ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ്. എൻഐഎയുടെ കസ്റ്റഡിയിലുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നാണ് സവാദ് കേരളത്തിലുണ്ടെന്ന സൂചന കിട്ടിയത്. ഇത് അനുസരിച്ചാണ് ഡിസംബറിലെ ലുക്കൗട്ട് നോട്ടീസിൽ പടം ഉൾപ്പെടുത്തിയത്. തുടർന്ന് എൻ.ഐ.എയുടെ വാട്സാപ്പ് നമ്പറിലേക്ക് ചില വിവരങ്ങൾ ലഭിച്ചു. ഇതാണ് നിർണ്ണായകമായത്.
കണ്ണൂരിൽ മൂന്നിടങ്ങളിലായി എട്ടുവർഷം ഒളിവിൽ കഴിഞ്ഞതെന്ന് എൻ.ഐ.എ വൃത്തങ്ങൾ സൂചിപ്പിച്ചു. കാസർകോട്ടുനിന്ന് വിവാഹം കഴിച്ച് വളപട്ടണത്തെ മന്നയിലായിരുന്നു ആദ്യം. തുടർന്ന് ഇരിട്ടി വിളക്കോട് പൂഴിമുക്ക് പ്രദേശത്ത്. തുടർന്നാണ് ബേരത്ത് എത്തിയത്. ഈ പ്രദേശങ്ങളെല്ലാം പോപ്പുലർ ഫ്രണ്ട് സ്വാധീന മേഖലകളായിരുന്നു. വിദേശത്ത് ഒളിവിൽ താമസിച്ചിട്ടില്ലെന്നാണ് സവാദ് നൽകിയ പ്രാഥമിക മൊഴി. തുടർ ചോദ്യം ചെയ്യലിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തും. സവാദ് കുടുങ്ങിയത് എൻ.ഐ.എ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിനെ തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നതാണ് ശ്രദ്ധേയം. ഇവരിൽ നിന്ന് തന്നെ പോപ്പുലർ ഫ്രണ്ട് സഹായം സവാദിന് കിട്ടുന്നുവെന്ന് വ്യക്തമായി.
സംഘടനയുടെ സംരക്ഷണവും സാമ്പത്തിക സഹായവും ഇയാൾക്ക് ലഭിച്ചിരുന്നതായും സൂചനയുണ്ട്. സംഘടന നിരോധിച്ചതോടെ സഹായത്തെ ബാധിച്ചു. ബേരത്ത് മരപ്പണിയായിരുന്നു ജീവിത മാർഗ്ഗം. സവാദിനെ സഹായിച്ച പോപ്പുലർ ഫ്രണ്ട് മുൻനേതാക്കളും പ്രവർത്തകരും കണ്ണൂരിൽ നിന്ന് മുങ്ങിയതായി വിവരമുണ്ട്.അന്വേഷണം ഷാജഹാൻ എന്നപേരിൽ കണ്ണൂർ മട്ടന്നൂർ ബേരത്തെ വാടക വീട്ടിൽ താമസിക്കുന്ന സവാദിലേക്ക് എത്തിയതിന് പിന്നിൽ ഫോൺ കോളുകൾ പരിശോധിച്ചായിരുന്നു. സാവദിന്റെ അടുത്ത ബന്ധുക്കളുടെ എല്ലാം ഫോൺ എൻഐഎ നിരീക്ഷണത്തിലായിരുന്നു. ഇതിലേക്ക് വന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പേരിലെടുത്ത നമ്പരിലെ വിളിയും നിർണ്ണായകമായി.
കൈവെട്ടിയതിനു ശേഷം മംഗലാപുരത്തിന് സമീപം കർണാടക- കേരള അതിർത്തിയോട് ചേർന്ന സ്ഥലത്തായിരുന്നു ആദ്യം എത്തിയത്. നാലുവർഷത്തോളം ഇവിടെ കഴിഞ്ഞശേഷം കാസർകോട്ടെ ചില സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞു. ഒമ്പതുമാസംമുമ്പ് ജനിച്ച കുഞ്ഞിനായി മട്ടന്നൂർ നഗരസഭയിൽ രജിസ്റ്റർ ചെയ്ത ജനന സർട്ടിഫിക്കറ്റിൽ സവാദ് എന്ന പേരാണ് ചേർത്തിരുന്നതെന്ന വിവരവും കിട്ടി. ഇത് ഉറപ്പിച്ചാണ് അറസ്റ്റ്. ഒളിവിലുള്ള പല എസ് ഡി പി ഐക്കാരും ഇതേ മാതൃകയിൽ കേരളത്തിൽ തന്നെയുണ്ടെന്നാണ് എൻഐഎ വിലയിരുത്തൽ. അവർക്ക് വേണ്ടിയും ഈ മാതൃകയിലെ പരിശോധനകൾ തുടരും.
സവാദിന്റെ അറസ്റ്റ് എൻഐഎയ്ക്ക് പ്രതീക്ഷയാണ്. ഇരിട്ടി പൂഴിമുക്കിൽ സവാദ് താമസിച്ച വാടകവീടിന്റെ ഉടമയായ ആമിന എന്ന സ്ത്രീയുടെ മക്കൾ എസ്.ഡി.പി.ഐ പ്രവർത്തകരാണ്. ഇവരിലൊരാളായ ഉനൈസ് സിപിഎം ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപൻ വധക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്. 2018ൽ ആർ.എസ്.എസ് പ്രവർത്തകനായ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചേമ്പോത്ത് ഷഫീറുമായി ഒളിവുജീവിത കാലത്ത് സവാദിന് അടുത്ത ബന്ധമുണ്ടായിരുന്നു.
ഷഫീറിന്റെ ഗൃഹപ്രവേശന ചടങ്ങിലും സജീവമായി പങ്കെടുത്തിരുന്നു.പൂഴിമുക്കിൽ താമസിക്കുന്നതിനിടെ, ഗർഭിണിയായ ഭാര്യയ്ക്ക് കുത്തിവയ്പ്പുകളെക്കുറിച്ച് നിർദ്ദേശം നൽകാനെത്തിയ ആശാവർക്കറോട് വീട് കാസർകോട്ടാണെന്നും അവിടെ വിവരങ്ങൾ നൽകിയെന്നും പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു. ഇതിൽ തുടർഇടപെടൽ ഭയന്നാണ് ബേരത്തേക്ക് മാറിയത്. ഇവിടെ ഇയാൾക്ക് ജോലിനൽകിയ റിയാസും വാടക വീടൊരുക്കിയ ജുനൈദും എസ്.ഡി.പി.ഐ പ്രവർത്തകരാണ്.
വളപട്ടണത്തെ മന്നയിൽ സവാദ് ഒളിവിൽ കഴിഞ്ഞത് അഞ്ചുവർഷം. പണിക്ക് പോകുന്നതും വരുന്നതും ഓട്ടോറിക്ഷയിലായിരുന്നു. ഒടുവിലുണ്ടായിരുന്ന ബേരത്തുനിന്ന് താമസം മാറാൻ ഒരുക്കം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. കാസർകോട് സ്വന്തമായി വീട് വാങ്ങാൻ അഡ്വാൻസും നൽകിയിരുന്നു.




