- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യാപിതാവിന്റെ വെളിപ്പെടുത്തലുകളിൽ ദുരൂഹത; എൻഐഎ അന്വേഷണം തുടരുമ്പോൾ
കാസർകോട്: അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദുമായി ബന്ധപ്പെട്ട അന്വേഷണം ഭാര്യാ പിതാവിലേക്കും. പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ബന്ധുക്കൾ ഇതിനെ എതിർത്തിരുന്നുവെന്നും സവാദിന്റെ ഭാര്യ ഖദീജ അന്വേഷണ സംഘത്തിനോട് വ്യക്തമാക്കി. ഇതോടെയാണ് പിതാവിനെതിരെ അന്വേഷണം വരുന്നത്.
സവാദിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടെന്ന് പിതാവ് അബ്ദുൾ റഹ്‌മാൻ പറഞ്ഞിരുന്നതായും യുവതി മൊഴിനൽകി. സവാദിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അബ്ദുൾ റഹ്‌മാന് അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പിഎഫ്‌ഐ നേതാക്കളാണ് സവാദിന് വിവാഹം ചെയ്യാനുള്ള സഹായങ്ങൾ ചെയ്ത് നൽകിയത്. അനാഥനാണെന്ന് പറഞ്ഞാണ് എസ്ഡിപിഐ പ്രവർത്തകനായ ഭാര്യാപിതാവിനടുത്തേക്ക് വിവാഹാഭ്യർത്ഥനയുമായി ഇയാൾ എത്തിയതെന്നാണ് സൂചന. എന്നാൽ ഇത് എൻഐഎ വിശ്വസിക്കുന്നില്ല. വിവാഹത്തിന് മുമ്പ് പെൺകുട്ടിയുടെ അച്ഛന് എല്ലാം അറിയാമായിരുന്നുവെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഇക്കാര്യം വിശദ അന്വേഷണത്തിലൂടെ മാത്രമേ ഉറപ്പിക്കൂ.
കാസർകോട് നിന്ന് 2016ൽ വിവാഹ ശേഷമാണ് സവാദ് വളപട്ടണത്തെത്തിയത്. പിഎഫ്‌ഐ ഭീകരരുടെ സഹായത്തോടെ ഒരു പഴക്കടയിലാണ് ഇയാൾ ആദ്യം ജോലി ചെയ്തത്. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് മരപ്പണി പഠിക്കാൻ പോയത്. തുടർന്ന് ഇരിട്ടി വിളക്കോട്ടിലേക്ക് താമസം മാറി. സവാദ് ഒളിവിൽ കഴിയവെ നിരവധിയാളുകളുമായി രഹസ്യബന്ധം പുലർത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നു.
നിരോധിതസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മട്ടന്നൂർ മേഖലയിലെ പ്രവർത്തകരും പ്രാദേശിക നേതാക്കളും തൊട്ടു സംസ്ഥാനനേതാക്കളുമായും വിദേശത്തു നിന്നും ഫണ്ടു നൽകിയ സഹായിക്കുന്നവരുമായ നിരവധിയാളുകളുമായാണ് ഇയാൾ ഫോണിൽ രഹസ്യമായി ബന്ധപ്പെട്ടിരുന്നത്. ഭാര്യയുടെ ജില്ലയായ കാസർകോട്ട് ലക്ഷക്കണക്കിന് രൂപ സ്വന്തമായി വീടിന് ഇയാൾ അഡ്വാൻസ് കൊടുത്തതായും ഇതു പി. എഫ്. ഐയിലെ സ്‌പോൺർസർ നൽകിയതുമാണെന്നാണ് വിവരം. എന്നാൽ നേരിട്ടു ഫോൺ ഉപയോഗിക്കാതിരിക്കാൻ ഒളിവിൽ കഴിഞ്ഞ വേളയിൽ സവാദ് ഏറെ ശ്രദ്ധിച്ചിരുന്നു. ഒരുകാരണവശാലും തന്നെ കുറിച്ചുള്ളവിവരങ്ങൾ പുറത്തുവരാതിരിക്കാനുള്ള മുന്നറിയിപ്പായിരുന്നു അത്.
മട്ടന്നൂർ ബേരയിൽ തന്റെ കൂടെ ജോലി ചെയ്തിരുന്ന ബീഹാറി സ്വദേശികളായ കാർപെന്ററി പണിക്കാരുടെ ഫോണാണ് ഇയാൾ പല അവസരങ്ങളിലും ഉപയോഗിച്ചിരുന്നു. ഈക്കാര്യം തൊഴിലാളികൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വളരെ ശാന്തശീലനും മാന്യമായി പെരുമാറുന്ന സവാദ് മിതഭാഷിയായിരുന്നുവെന്നും തൊഴിൽ പരമായ കാര്യങ്ങൾ മാത്രമേ സംസാരിച്ചിരുന്നുള്ളുവെന്നാണ് ഇവർ പിന്നീട് സവാദ് അറസ്റ്റിലായതിനു ശേഷം പ്രതികരിച്ചത്. കുടുംബവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ കാസർകോട്ടു ഭാര്യയുടെ നാട്ടിൽ പോയപ്പോൾ ഭാര്യയുടെതുൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോൺ മാറ്റിവയ്ക്കാനും സവാദ് ശ്രദ്ധിച്ചു.
ഫോൺ ഒഴിവാക്കുന്നത് എന്തിനെന്ന അടുത്ത ബന്ധുവിന്റെ ചോദ്യത്തിന് നാട്ടിൽ ഒരു കേസുണ്ടെന്നായിരുന്നു മറുപടി.സംവാദിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത കാലത്ത് കാസർകോട് ജില്ലയിൽ ഒരുവീടും സ്ഥലവും സ്വന്തം വാങ്ങുന്നതിനായി സവാദ് അഡ്വാൻസ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ പണം ആവശ്യപ്പെട്ടു ഇയാൾ കൂടെ താമസിച്ചിരുന്ന ബിഹാർ സ്വദേശികളുടെ ഫോൺ ഉപയോഗിച്ചു പലരെയും വിളിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് വിളിച്ചത്. എന്നാൽ പി. എഫ്. ഐ നിരോധനമുള്ളതിനാൽ സ്വന്തമായി വീടുവാങ്ങുകയെന്ന ഇയാളുടെ നീക്കം പിന്നീട് മുൻപോട്ടുപോയില്ല.
പി. എഫ്. ഐ നിരോധിക്കപ്പെടുകയും നേതാക്കളെല്ലാം അറസ്റ്റിലാവുകയും ചെയ്ത സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി കേരളത്തിൽ വട്ടമിട്ടു പറക്കുമ്പോൾ താനും പിടിയിലാകുമെന്ന് സവാദ് ഭയപ്പെട്ടിരുന്നു. അന്ന് സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്ന മട്ടന്നൂർ മേഖലയിലെ പി. എഫ്. ഐ പ്രവർത്തകരാണ് ഇയാളെ ആശാരി പണിക്കാരനെന്ന വ്യാജേനെ സംരക്ഷിച്ചത്. കണ്ണൂർ ജില്ലയുടെ പലഭാഗങ്ങളിലാണ് ഇയാളെ അന്നു കടത്തിയതെന്നാണ് വിവരം. കണ്ണൂരിലെ കടലോര ബീച്ചുകളിൽ പി. എഫ്. ഐയ്ക്കു രഹസ്യകേന്ദ്രങ്ങളുണ്ട്.
മുഴപ്പിലങ്ങാട്, എടക്കാട്, ധർമടം, തലശേരി തുടങ്ങി കണ്ണൂർ ആയിക്കരവരെയുള്ള സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പി. എഫ്. ഐ പ്രവർത്തകർ രഹസ്യയോഗം ചേരുകയുംആയുധപരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം ക്യാംപുകളിൽ പരിശീലകന്റെ റോളിൽ സവാദ് എത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സവാദിനെ ഒളിവുജീവിതം നയിക്കാൻ സഹായിച്ച പോപ്പുലർഫ്രണ്ട് പ്രവർത്തകരും നേതാക്കളും വരും നാളുകളിൽ കുടുങ്ങാൻ സാധ്യതയേറിയിട്ടുണ്ട്. ഇവർ സവാദുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.