കൊച്ചി: മതനിന്ദ ആരോപിച്ച് പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ ഇനിയും എൻഐഎ കസ്റ്റഡിയിൽ വാങ്ങും. സവാദിന്റെ ഡി.എൻ.എ. പരിശോധിക്കാൻ എൻ.ഐ.എ. തീരുമാനിച്ചിട്ടുണ്ട്. പിടിയിലായത് സവാദ് തന്നെയെന്ന് കോടതിയിൽ നിസ്സംശയം തെളിയിക്കുന്നതിനാണിത്. ഡി.എൻ.എ. ടെസ്റ്റിനായി കോടതിയിൽ ഉടൻ അപേക്ഷ നൽകുമെന്നാണ് സൂചന. ഇതിനൊപ്പം കസ്റ്റഡി അപേക്ഷയും നൽകും. റിമാൻഡ് 16 വരെ നീട്ടിയിട്ടുണ്ട്.

കൈവെട്ട് കാസിന് ശേഷം 13 വർഷം ഷാജഹാൻ എന്ന പേരിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. കേസിൽ ദൃക്സാക്ഷികളായുള്ളത് പ്രൊഫ. ജോസഫിന്റെ ബന്ധുക്കളാണ്. കൈവെട്ടാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുമില്ല. ഇത് കോടതിയിൽ തിരിച്ചടിയാകരുതെന്ന് ഉറപ്പിച്ചാണ് എൻ.ഐ.എ.യുടെ നീക്കം. അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലുകളോട് സവാദ് സഹകരിക്കുന്നില്ല. വിദേശത്ത് ഒളിവിൽ താമസിച്ചിട്ടില്ലെന്നാണ് സവാദിന്റെ മൊഴി. ഇത് എൻഐഎ സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിലൂടെ കേസ് അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകായണ് എൻഐഎ. ഗൂഢാലോചനക്കാരെ കുടുക്കാനാണ് ഇത്. പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇത്.

തമിഴ്‌നാട്ടിലെ ദിണ്ഡിഗലിലും കണ്ണൂരും ഒളിവിൽ കഴിഞ്ഞതായിമാത്രമാണ് സമ്മതിച്ചിട്ടുള്ളത്. ഇവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. കേസിൽ പിന്നീട് അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട എം.കെ. നാസർ തനിക്കൊപ്പം ദിണ്ഡിഗലിൽ കഴിഞ്ഞതായി സവാദ് വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടുവർഷത്തോളമാണ് ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നാണ് മൊഴി. ഇതും പൊലീസ് ഉറപ്പിച്ചു. എന്നാൽ ബാക്കിയുള്ള കാലം എവിടെ ആയിരുന്നുവെന്നതിൽ തുമ്പൊന്നുമില്ല. ഒളിവിൽ കഴിയാൻ സാഹയിച്ചവരെ സംരക്ഷിക്കുന്നതാണ് സവാദിന്റെ മൊഴി.

ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂർ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ പിടികൂടാൻ ക്രൈംബ്രാഞ്ച് അടക്കം വിവിധഏജൻസികൾ അന്വേഷിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അദ്ധ്യാപകന്റെ കൈപ്പത്തി മഴു കൊണ്ട് വെട്ടിമാറ്റിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ അശമന്നൂർ ഓടക്കാലി സ്വദേശിയായ സവാദാണ്. മഴുവും കൊണ്ട് സവാദ് രക്ഷപ്പെടുകയായിരുന്നു.

വ്യാജപേരുകളിൽ ഒളിവിൽ കഴിഞ്ഞത് സവാദ് തന്നെയെന്നു ശാസ്ത്രീയമായി തെളിയിക്കാനാണു ഡി.എൻ.എ. പരിശോധന. 13 വർഷം ഷാജഹാൻ എന്ന പേരിലായിരുന്നു ഒളിവുജീവിതം. പിടിയിലായപ്പോഴും താൻ സവാദല്ല, ഷാജഹാനാണെന്ന് ആദ്യം പറഞ്ഞിരുന്നു. പിന്നീട് അദ്ധ്യാപകനെ ആക്രമിക്കുമ്പോൾ സവാദിന്റെ ശരീരത്തിൽ കൂട്ടുപ്രതികളുടെ തന്നെ വെട്ടേറ്റുള്ള മുറിവ് അടക്കമുള്ള തെളിവുകളിലായിരുന്നു സവാദാണു ഷാജഹാനായി കഴിഞ്ഞിരുന്നതെന്നു തിരിച്ചറിയാൻ സഹായകരമായത്. എന്നാൽ കേസ് കോടതിയിലെത്തുമ്പോൾ പ്രതി താൻ സവാദല്ലെന്നു വാദിക്കാനും, ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്നു രക്ഷപെടാനുമുള്ള സാധ്യത മുന്നിൽ കണ്ടാണു ഡി.എൻ.എ. പരിശോധന.

വിശദമായ ചോദ്യം ചെയ്യലിലാണു തമിഴ്‌നാട് ഡിണ്ടിഗലിലാണ് ഒളിവിൽ കഴിഞ്ഞതെന്നും, എസ്റ്റേറ്റ് മേഖലകളിലും മലയോര ഭാഗങ്ങളിലുമെല്ലാമായി രണ്ടുവർഷം കഴിഞ്ഞതായും സവാദ് മൊഴി നൽകിയത്. കുറ്റകൃത്യം നടത്തുമ്പോൾ 27 വയസായിരുന്നു സവാദിന്. സവാദിനെക്കുറിച്ചു വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണു സവാദിനെ സംബന്ധിച്ച വിശ്വസനീയമായ വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചു തുടങ്ങിയത്.

വിവരം നൽകിയവരുടെ സുരക്ഷ ഉറപ്പാക്കി മൂന്നു മാസങ്ങൾക്കു ശേഷമാണ് എൻ.ഐ.എ. അറസ്റ്റിലേക്കു നീങ്ങിയത്. പത്തു ദിവസത്തെ കസ്റ്റഡി പൂർത്തിയായ സവാദിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് എൻ.ഐ.എ. സവാദിന്റെ റിമാൻഡ് അടുത്തമാസം 16 വരെ നീട്ടിയിട്ടുണ്ട്.