- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിസ്റ്റ് ബസ്സ് ഡ്രൈവർ അപമാനിച്ചെന്ന് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ; സഹപാഠികൾ ചോദ്യം ചെയ്തപ്പോൾ കലാശിച്ചത് സംഘർഷത്തിൽ; വിദ്യാർത്ഥികൾ ഡ്രൈവറെ മർദ്ദിച്ചത് കണ്ട് ഇടപെട്ട് ഹോട്ടലുടമ; മുതലാളി നിലത്തു വീഴുന്നത് കണ്ട് വിദ്യാർത്ഥികളെ മർദ്ദിച്ച് ഹോട്ടൽ ജീവനക്കാരും; കൊല്ലത്തെ വിദ്യാർത്ഥികളുടെ മൂന്നാർ സന്ദർശനം തല്ലുമാലയായി
അടിമാലി: ടൂറിസ്റ്റ് ബസ്സ് ഡ്രൈവർ അപമാനിക്കാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. സഹപാഠികൾ ചോദ്യം ചെയ്തതിനെത്തുടർന്ന് സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. പൊലീസ് കേസെടുത്തില്ലന്ന് ആക്ഷേപം. അടിമാലിയിലെ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ നടപടി വേണമെന്നും ആവശ്യം. കൊല്ലം ചിതറ എസ്എൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ വിദ്യാർത്ഥികൾക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. സംഭവം സംബന്ധിച്ച് സ്‌കൂൾ അധികൃതർ കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
സാരമായി പരിക്കേറ്റിട്ടും വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാണ്് സ്‌കൂൾ അധികൃതർ ജില്ല പൊലീസ് മേധാവിക്ക് നൽകിയിട്ടുള്ള പരാതിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ 6 -ന് അടിമാലിയിലെ സഫയർ ഹോട്ടലിന് മുന്നിലായിരുന്നു സംഘർഷം. പരിക്കേറ്റ വിദ്യാർത്ഥികളെ പൊലീസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.നാട്ടിലെത്തിയ ശേഷം വിദ്യാർത്ഥികൾ കൊല്ലത്തെ ആശുപത്രിയിലും ചികത്സ തേടി.
സംഭവത്തെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം ഇങ്ങിനെ: 2 ബസ്സുകളിലായി മൂന്നാർ സന്ദർശത്തിനെത്തിയ വിനോദയാത്ര സംഘം മടക്കയാത്രയിൽ രാത്രി 10 മണിയോടുത്ത് സഫയർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങി. ഈ സമയം ബസ്സ് ഡ്രൈവർമാരിൽ ഒരാൾ വാഹനത്തിനുള്ളിരുന്ന് മദ്യപിക്കുന്നത് പെൺകുട്ടികളിൽ ഒരാൾ കണ്ടു. വിദ്യാർത്ഥിനി ഇത് ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ ക്ഷമാപണം നടത്തി. ഭക്ഷണം കഴിച്ച് തിരികെ എത്തിയ വിദ്യാർത്ഥികൾ ബസ്സിന് മുന്നിൽ നിന്നും സെൽഫി എടുത്തു. ഇതിൽ മദ്യപാനം ചോദ്യം ചെയ്ത പെൺകുട്ടിയുമുണ്ടായിരുന്നു.
ഈയവസരത്തിൽ മദ്യപിച്ച ഡ്രൈവർ ബസ്സിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നത് വിലക്കുകയും സെൽഫിക്ക് പോസ് ചെയ്ത പെൺകുട്ടിയെ പിന്നിൽ നിന്നും അടിക്കുകയും ചെയ്തു. സംഭവം പെൺകുട്ടി സഹപാഠികളെയും അദ്ധ്യാപകരെയും അറയിച്ചു. പിന്നാലെ വിദ്യാർത്ഥികൾ കൂട്ടമായി എത്തി ഡ്രൈവറെ ചോദ്യം ചെയ്തു.ഇത് വാക്കേറ്റത്തിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു.
വിദ്യാർത്ഥികൾ ഡ്രൈവറെ പഞ്ഞിക്കിടുന്നത് കണ്ടാണ് ഹോട്ടലുടമ പ്രശ്നത്തിൽ ഇടപെടുന്നത്. പിടിവലിക്കിടയിൽ ഹോട്ടലുടമ നിലത്തുവീഴുന്നതുകണ്ട ജീവനക്കാർ കൂട്ടമായി എത്തി വിദ്യാർത്ഥികളെ മർദ്ദിച്ചു. പരിക്കേറ്റ 4 വിദ്യാർത്ഥികളെ പൊലീസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിദ്യാർത്ഥിനിയുടെ മൊഴി പ്രകാരം ബസ്സ് ഡ്രൈവറുടെ പേരിൽ പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.
ബസ്സ് ഉപേക്ഷിച്ച് സംഭവ സ്ഥലത്തുനിന്നും മുങ്ങിയ ഡ്രൈവർ കൊല്ലം അഞ്ചൽ ലക്ഷമിഭവൻ സുധാകരൻ നായരെ (55)പിറ്റേന്ന് പൊലീസ് അഞ്ചലിലെ വീട്ടിൽ നിന്നും അറസ്റ്റുചെയ്തു.കോടിയിൽ ഹാജരാക്കിയ ഇയാൾ റിമാന്റിലായി. വിദ്യാർത്ഥികളെ മർദ്ദിച്ച ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുക്കാനോ പിടികൂടാനോ ശ്രമം നടത്തിയില്ലെന്നാണ് ഇപ്പോൾ അടിമാലി പൊലീസിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.
സംഭവത്തിന് പിന്നാലെ ഹോട്ടലിലെ ജീവനക്കാരിൽ 4 പേരെ വിളിച്ചുവരുത്തിയിരുന്നെന്നും വിദ്യാർത്ഥികൾ മൊഴിനൽകാൻ തയ്യാറായില്ലെന്നും പുലർച്ചെ 3 മണിയോടെ വിദ്യാർത്ഥികൾ നാട്ടിലേയ്ക്ക് മടങ്ങിയ സാഹചര്യത്തിൽ ഇവരെ വിട്ടയയ്ക്കുകയായിരുന്നെന്നുമാണ് സംഭവത്തിൽ അടിമാലി പൊലീസ് നൽകുന്ന വിശദീകരണം.
മറുനാടന് മലയാളി ലേഖകന്.