- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ റോഡിലൂടെ നടന്നു വന്ന സ്കൂൾ അദ്ധ്യാപികയെ തട്ടിക്കൊണ്ടുപോയി; മൂന്നുപേർ ചേർന്ന് യുവതിയെ കടന്നുപിടിച്ച് കീഴ്പ്പെടുത്തി എസ് യു വിക്കുള്ളിലാക്കി കടക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്; കിഡ്നാപ്പിങ്ങിന് പിന്നിൽ ബന്ധുവെന്ന് വീട്ടുകാർ
ബെംഗളൂരു: കർണാടകയിലെ ഹാസനിൽ, സ്കൂൾ അദ്ധ്യാപികയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി. ഇന്നുരാവിലെ എട്ടുമണിയോടെയാണ് സംഭവം. എസ് യു വിയിൽ എത്തിയ മൂന്നംഗ സംഘമാണ് അർപ്പിത(23)യെ ബലമായി പിടിച്ചുകയറ്റികൊണ്ടുപോയത്. അർപ്പിത പഠിപ്പിക്കുന്ന ആരാധന സ്കൂളിന് അടുത്താണ് സംഭവം. ഹാസനിലെ ബിട്ടഗൗഡനഹള്ളിയിൽ നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അർപ്പിത നടന്നുവരുമ്പോൾ ഇവരുടെ മുന്നിലായി ഒരുയുവാവും നടന്നുവരുന്നത് കാണാം. അവർ റോഡിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഇയാളും കാറിലെത്തിയ മറ്റുള്ളവരും ചേർന്ന് യുവതിയെ കീഴ്പ്പെടുത്തി കാറിലിട്ട് കടത്തിക്കൊണ്ടുപോവുകയായിരുന്നു. കിഡ്നാപ്പിങ്ങിന് പിന്നിൽ, ബന്ധുവായ രാമു എന്നയാളാണെന്ന് അർപ്പിതയുടെ അമ്മ ആരോപിച്ചു. ഇരുവരും നാലുവർഷത്തോളം അടുപ്പത്തിലായിരുന്നു. അർപ്പിതയെ വിവാഹം കഴിക്കണമെന്നായിരുന്നു രാമുവിന്റെ ആഗ്രഹം. രണ്ടാഴ്ച മുൻപ് ഇയാൾ വിവാഹാഭ്യർഥനയും നടത്തി. എന്നാൽ അർപ്പിതയും മാതാപിതാക്കളും ഇതിന് തയ്യാറായില്ല. ഇതാണ് കിഡ്നാപ്പിങ്ങിന് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.
കേസ് അന്വേഷിക്കാൻ മൂന്നുടീമുകൾ പൊലീസ് രൂപീകരിച്ചിട്ടുണ്ട്. 'യുവതി സ്കൂളിലാണ് ജോലി ചെയ്തിരുന്നത്. സ്കൂൾ അടച്ചിട്ടിരുന്ന ദിവസമാണ് അർപ്പിതയെ കിഡ്നാപ്പ് ചെയ്തത്. സ്കൂൾ അവധി ദിവസം എന്തിനാണ് അർപ്പിത സ്കൂളിലേക്ക് പോയത്? അവിടെ എന്തെങ്കിലും ചടങ്ങുണ്ടായിരുന്നോ?അതോ മറ്റുജോലിക്ക് വല്ലതും പുറത്തിറങ്ങിയതാണോ? ഇതെല്ലാം അന്വേഷിച്ചുവരികയാണെന്ന് ഹാസൻ പൊലീസ് മേധാവി മുഹമ്മദ് സുജീത പറഞ്ഞു.
കവിയും, തത്വജ്ഞാനിയുമായ കനക ദാസന്റെ ജന്മവാർഷിക ദിനമായതുകൊണ്ട് കർണാടകയിൽ സ്കൂളുകൾക്കെല്ലാം ഇന്ന് അവധിയാണ്. ഒരു പുരുഷൻ ഇടവഴിയിൽ കൂടി ചുറ്റി നടക്കുന്നതാണ് സിസിടിവിയിൽ ആദ്യം കാണുന്നത്. അപ്പോൾ, അർപ്പിത അതുവഴി നടന്നുവരുന്നു. ആ സമയത്ത് ഒരു എസ് യു വി പതിയെ അടുത്തെത്തുന്നു. പൊടുന്നനെ ഒരാൾ തെരുവിലൂടെ ഓടി വരുന്നു. ഇടവഴിയിൽ ചുറ്റിത്തിരിഞ്ഞ് ആളും ഒപ്പം ചേർന്ന് യുവതിയെ കടന്നുപിടിക്കുന്നു. കാറിന്റെ ഡോർ തുറന്നുമറ്റൊരാൾ പുറത്തുവരുന്നു. മൂന്നുപേരും കൂടി യുവതിയെ തള്ളി കാറിനകത്താക്കുന്നു. എസ് യു വി ഓടിച്ചുപോകുന്നു.