തൊടുപുഴ:എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ യാത്രക്കാരും കണ്ടക്ടറും ചേർന്ന് തടഞ്ഞുവച്ച് പൊലീസിന് കൈമാറി.

മലപ്പുറം ചെറുകര സ്വദേശി ചെനപറമ്പിൽ മുസാമ്മിൽ(36) നെയാണ് തൊടുപുഴ പൊലീസ് പിടികൂടിയത് കരിങ്ങാച്ചിറയിൽ നിന്നും തൊടുപുഴയിലേക്ക് ബസിൽ കയറിയ എറണാകുളം ഇൻഫോപാർക്കിലെ ജീവനക്കാരിക്കാണ് അതിക്രമം നേരിടേണ്ടി വന്നത്.

മൂവാറ്റുപുഴയിൽ ബസ് എത്തിയപ്പോൾ പരാതിക്കാരിയുടെ അടുത്തിരുന്ന യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. ഉടൻതന്നെ പ്രതി പരാതിക്കാരിയായ യുവതിയുടെ അടുത്ത് വന്നിരുന്നു. തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്ന യുവതി ഈ സമയം ഉറക്കത്തിലായിരുന്നു. ഈ സാഹചര്യം മുതലാക്കി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാൾ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചപ്പോൾ ആദ്യം പകച്ചുപോയ ഇവർ ഒതുങ്ങിയിരുന്നെങ്കിലും ഇയാൾ വീണ്ടും അതിക്രമം കാട്ടി.

ഇതോടെ യുവതി മൂന്നു പേർക്കുള്ള സീറ്റിലേക്ക് മാറിയിരുന്ന യുവതി ഇരിക്കുന്നതിന് പിന്നിലായുള്ള സീറ്റിൽ ചെന്നിരുന്ന് ഇയാൾ വീണ്ടും അതിക്രമം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ചോദ്യം ചെയ്തതോടെ ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും വണ്ടിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. ഉടൻതന്നെ യാത്രക്കാർ ഷട്ടറുകൾ ഉൾപ്പെടെ താഴ്‌ത്തി ഇയാളെ തടഞ്ഞുവെക്കുകയും തൊടുപുഴ പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. അതേ ബസിൽ തൊടുപുഴ സ്റ്റേഷനിൽ എത്തിക്കുകയും, യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.