- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എസ്.എഫ്.ഐ.ഒ സംഘം ഇന്നത്തെ പരിശോധന പൂർത്തിയാക്കി മടങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെടുന്ന സാമ്പത്തിക ആരോപണങ്ങൾ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) സംഘം പൊതുമേഖലാ സ്ഥാപനമായ കേരള വ്യവസായ വികസന കോർപറേഷനിൽ(കെഎസ്‌ഐഡിസി) നടത്തിയ ഇന്നത്തെ പരിശോധന പൂർത്തിയാക്കി മടങ്ങി. അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് ഇന്ന് തിരുവനന്തപുരത്തെ കെ.എസ്‌ഐ.ഡി.സി ഓഫീസിൽ പരിശോധന നടത്തിയത്. മൂന്നേ മുക്കാൽ മണിക്കൂറാണ് ഇന്നത്തെ പരിശോധന നീണ്ടത്.
കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ ഓഹരി പങ്കാളിത്തമുള്ളതു കൊണ്ടാണ കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി)യിലേക്ക് അന്വേഷണം നീണ്ടത്. നാളെയും മറ്റന്നാളും പരിശോധന ഉണ്ടാകാൻ സാധ്യതയുണ്ട്. കേന്ദ്രത്തിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിഷേധ സമരം നാളെ ഡൽഹിയിൽ നടക്കാനിരിക്കെയാണ് നിർണായക നീക്കം ഇന്ന് എ്‌സ.എഫ്.ഐഒ നടത്തിയത്. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന എസ്എഫ്‌ഐഒയ്ക്ക് റെയ്ഡിനും കസ്റ്റഡിക്കും അറസ്റ്റിനുമുള്ള അധികാരമുണ്ട്. മറ്റ് അന്വേഷണ ഏജൻസികളുടെ സഹായവും ആവശ്യപ്പെടാം.
കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, അവിടെ ഓഹരി പങ്കാളിത്തമുള്ള കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) എന്നിവയുടെ ഓഫിസുകളിൽ പരിശോധന നടത്തി എസ്എഫ്‌ഐഒ ആവശ്യമായ രേഖകൾ ശേഖരിച്ചിട്ടുണ്ട്. ഇനി എക്‌സാലോജിക് കമ്പനിയുടെ രേഖകളാണ് പരിശോധിക്കേണ്ടത്. കമ്പനി അടച്ചുപൂട്ടിയ പശ്ചാത്തലത്തിൽ കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കേണ്ടതുമുണ്ട്.
8 മാസമാണ് അന്വേഷണത്തിനായി നൽകിയിട്ടുള്ളതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് അന്വേഷണം പൂർത്തിയാക്കാനാണ് നീക്കം. എക്‌സാലോജിക്, സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായാണു വിവിധ ഏജൻസികളുടെ നിഗമനം. ഒരു സേവനവും നൽകാതെ എക്‌സാലോജിക്കിന് സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെയും എറണാകുളത്തെയും രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) നൽകിയ റിപ്പോർട്ടിലും ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് കൈമാറിയത്.
ചോദിച്ച കാര്യങ്ങൾക്കൊന്നും സിഎംആർഎൽ വ്യക്തമായ മറുപടി നൽകിയില്ലെന്ന് എറണാകുളം ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സിഎംആർഎലിന്റെ മറുപടികൾ അവ്യക്തമായിരുന്നു. എക്‌സാലോജിക്കും സിഎംആർഎലും തമ്മിലുള്ള ഇടപാടുകളും കെഎസ്‌ഐഡിസിയുടെ രേഖകളും പരിശോധിക്കണമെന്നും ആർഒസി നിർദ്ദേശിച്ചിരുന്നു. സർക്കാരിന് സിഎംആർഎല്ലിൽ സ്വാധീനമുണ്ടെന്നും അത് സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ പ്രതിഫലിച്ചിട്ടുണ്ടെന്നുമാണു കണ്ടെത്തൽ. കെഎസ്‌ഐഡിസിക്ക് സിഎംആർഎലിൽ 13.4% ഓഹരി പങ്കാളിത്തമുണ്ട്. ഡയറക്ടർ ബോർഡിൽ പ്രതിനിധിയുമുണ്ട്. എക്‌സാലോജിക്കുമായി കരാറിൽ ഏർപ്പെടാൻ ഇതെല്ലാം കാരണമായോ എന്നും പരിശോധിക്കുന്നുണ്ട്.
സുപ്രീംകോടതി അഭിഭാഷകനെ രംഗത്തിറക്കിയിട്ടും അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഒളിക്കാൻ എന്തെങ്കിലുമുണ്ടോയെന്ന പരാമർശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടിൽ തങ്ങൾക്ക് ബന്ധമില്ലെന്നും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നുമാണ് കെഎസ്‌ഐഡിസി അഭിഭാഷകൻ വാദിച്ചത്. 12ന് വീണ്ടും കേസ് പരിഗണിക്കും. അതിനോടകം പരമാവധി രേഖകൾ ശേഖരിക്കാനാണ് എസ്എഫ്‌ഐഒ ശ്രമം.
ഇപ്പോഴത്തെ സാഹചര്യത്തിൽ ജാഗ്രതയോടെയാണ് സിപിഎം നീങ്ങുന്നത്. മകൾക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.
എക്‌സാലോജിക്-സിഎംആർഇൽ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്. കേന്ദ്ര ഏജൻസിക്കെതിരെ രാഷ്ട്രീയപ്രചാരണം ശക്തമാക്കും. വീണക്കോ കെഎസ്‌ഐഡിസിക്കോ നോട്ടീസ് ലഭിച്ചാൽ നിയമപരമായി ചോദ്യം ചെയ്യാനാണ് പാർട്ടി നീക്കം.