കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭർതൃവീട്ടിലെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കേസിൽ നിർണായക വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഷ്ബ്‌നയുടെ മകളാണ്. ഉമ്മയെ പിതാവിന്റെ ബന്ധുക്കൾ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകൾ വെളിപ്പെടുത്തി. പിതാവിന്റെ അമ്മാവൻ ഹനീഫ അമ്മയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. മാതാവിനെ രക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ആരും ശ്രമിച്ചില്ല. മാതാവിന് മാനസികരോഗം ഉണ്ടെന്ന് വരുത്താൻ ശ്രമം നടന്നെന്നും മകൾ പറഞ്ഞു.

തിങ്കളാഴ്ചയാണ് ഷബ്‌ന ഭർത്താവിന്റെ ഓർക്കാട്ടേരിയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓർക്കാട്ടേരി സ്വദേശി ഹനീഫയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്‌നയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം മർദ്ദന ദൃശ്യങ്ങൾ അടക്കം കൂടുതൽ പുറത്തുവന്നതോടെ ബന്ധുക്കളിൽ പലരും ഒളിവിൽ പോയി.

യുവതിയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മാതാവും ബന്ധുക്കളും ആണ് എന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്‌നയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വടകര ഡിവൈഎസ്‌പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വലിയ രീതിയിലുള്ള പീഡനങ്ങൾ ഷബന ഭർതൃവീട്ടിൽ സഹിച്ചിരുന്നതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഇതിനിടെ കേസിന്റെ അന്വേഷണം എടച്ചേരി പൊലീസിൽ നിന്നും വടകര ഡിവൈഎസ്‌പിക്ക് കൈമാറി.

2010ലായിരുന്നു ഷെബിനയും ഹബീബും തമ്മിലുള്ള വിവാഹം. ഇക്കാലയളവിനിടെ ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് നിരവധി തവണ ഷബ്‌ന വീട്ടിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരാൻ പറയുമ്പോഴൊക്കെ താനിത് സഹിച്ചു കൊള്ളാമെന്നായിരുന്നു ഷബ്‌നയുടെ മറുപടിയെന്ന് ബന്ധുക്കൾ പറയുന്നു.

കുന്നുമ്മക്കര സ്വദേശി ഷബനയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്ത് ജോലിയുള്ള ഹബീബ് വീട്ടിലേക്ക് വരുന്നതിന് തലേന്നാണ് ഷബ്‌ന ജീവനൊടുക്കിയത്. അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തെത്തിയത്. ഷബ്‌ന മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷമാണ് ഭർതൃവീട്ടുകാർ വിവരം അറിയിക്കുന്നതെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്.

ജീവനൊടുക്കാനുള്ള മാനസികാവസ്ഥയിലായിട്ടും യുവതിക്ക് വേണ്ട സഹായം നൽകാൻ ഇവർ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരിച്ച ശേഷം ഷബ്‌നയ്ക്ക് ജീവനുണ്ടോയെന്ന് ഹബീബിന്റെ പിതാവും സഹോദരനും ടോർച്ചടിച്ച് നോക്കുന്ന ദൃശ്യങ്ങളും കൈവശമുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു.

പീഡനം അസഹ്യമായതോടെ ഭർത്താവുമൊത്ത് മാറിത്താമസിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഷബ്‌നയുടെ സ്വർണമുൾപ്പടെ തിരികെ നൽകാൻ ഭർത്താവ് ഹബീബിന്റെ ഉമ്മയും സഹോദരിയും തയ്യാറായില്ല. ഇത് ചോദിച്ചപ്പോഴും രൂക്ഷമായി അധിക്ഷേപിച്ചതായി ബന്ധുക്കൾ പറയുന്നു. ഷബ്‌നയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയുമായിരുന്നു. ഭർതൃ വീട്ടിൽ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷബ്‌ന ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഷബീബിന്റെ ഉമ്മ പീഡനം തുടങ്ങിയതായി ഷെബിനയുടെ ബന്ധു അഷ്റഫ് പറയുന്നു. ഷെബിനയെ വീട്ടിൽ നിന്ന് പുറത്താക്കാനായിരുന്നു ഇവരുടെ നീക്കം. കുനിയിൽ പുളിയം വീട്ടിൽ അഹമ്മദ്- മറിയം ദമ്പതികളുടെ മകളാണ് മരിച്ച ഷ്ബന.