മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ നീന്തൽകുളത്തിൽ 22കാരനായ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ചനിലയിൽ. മലപ്പുറം എടവണ്ണ എസ്.എച്ച്.എം.ജി.വി.ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും എഴുത്തുകാരനുമായ കല്ലിടുമ്പ് അബ്ദുള്ളകുട്ടിയുടെ മകൻ ഷെഹൻ(22)ആണ് മരണപ്പെട്ടത്. ഇന്നു രാവിലെയാണ് നീന്തൽകുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 6.30 ഓടെ പതിവായി നീന്തൽ കുളം തുറന്നിരുന്നത്. പുലർച്ചെ അഞ്ചു മണിയോടെ മതിൽചാടിക്കടന്നാണ് കുട്ടികൾ നീന്തൽകുളത്തിൽ എത്തിയത്. ഷെഹന്റെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ മൊഴിയെടുക്കുന്നുണ്ട്. മാതാവ് : റുമാന എം. സഹോദരി : ഹെന്ന പി

2019ലാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നീന്തൽകുളം ആരംഭിച്ചത്. രാജ്യാന്തര നിലവാരമുള്ള നീന്തൽ കുളം അന്നു മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കാലിക്കറ്റ് സർവകലാശാല കായികവിഭാഗത്തിന് കീഴിലാണ് മലബാറിലെ ആദ്യത്തെ രാജ്യാന്തര നിലവാരമുള്ള നീന്തൽകുളമാണിത്. അഞ്ചരക്കോടി രൂപ ചെലവിൽ നിർമ്മിച്ച കുളത്തിൽ 10 ട്രാക്കുകളോട് കൂടിയ , 50 മീറ്റർ മൽസര പൂളും, 25 മീറ്റ വാം അപ് പൂളുമാണുള്ളത്.

25 ലക്ഷം ലിറ്റർ വെള്ളമാണ് നീന്തൽ കുളത്തിന്റ സംഭരണ ശേഷി.സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പുറമെ ചെറിയ കുട്ടികൾക്കും നീന്തൽ പരിശീലനത്തിന് സൗകര്യമുണ്ട്. സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്ക് ഫീസ് നൽകി നീന്തൽകുളം ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.