തിരുവനന്തപുരം: തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർതൃഗൃഹത്തിൽ നേരിട്ട് ശാരീരിക - മാനസിക പീഡനങ്ങൾ ആണ് ഷഹാനയെ മരണത്തിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. രണ്ടുമാസം മുമ്പ് ഷഹാനയ്ക്ക് ക്രൂരമർദനമേൽക്കേണ്ടി വന്നു.

സ്വന്തം വീട്ടിൽ ആയിരുന്ന ഷഹാനയുടെ അനുവാദമില്ലാതെ മകനെ ഭർത്താവ് എടുത്തുകൊണ്ടു പോയതാണ് ജീവനൊടുക്കാനുള്ള പ്രേരണയായത്. രണ്ടുവർഷം മുമ്പായിരുന്നു ഷഹാനയും കാട്ടാക്കട സ്വദേശിയായ നൗഫലും തമ്മിലുള്ള വിവാഹം. സ്ത്രീധനം വേണ്ട എന്ന വ്യവസ്ഥയിലായിരുന്നു വിവാഹം. 72 പവനും രണ്ടു നില വീടും വിവാഹ സമ്മാനമായി ഷഹാനയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചുകാലം കഴിഞ്ഞതോടെ സ്വഭാവം മാറി.

എട്ടു മാസത്തിനുശേഷം സ്ത്രീധനം കുറഞ്ഞുപോയി എന്നു കാട്ടി പീഡനം ആരംഭിക്കുകയായിരുന്നു. ഷഹാനയുടെയും നൗഫലിന്റെയും വീട്ടുകാർ തമ്മിലുള്ള സാമ്പത്തിക അന്തരം അടക്കം ചൂണ്ടിക്കാട്ടി മാനസികമായും പീഡിപ്പിച്ചു. കൈയ്ക്കും മുഖത്തിനും മർദ്ദനമേറ്റത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് ഏൽപ്പിച്ച മാനസിക സമ്മർദ്ദമാണ് ഷഹാനയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത് .

രണ്ടുമാസമായി ഷഹാന സ്വന്തം വീട്ടിലാണ്. വീട്ടിലെ ആഘോഷ പരിപാടികൾക്കായി ഒരു ദിവസത്തേക്ക് മാത്രം തിരികെ വിളിക്കാൻ ഭർത്താവ് നൗഫൽ ഇന്നലെ എത്തിയിരുന്നു. എന്നാൽ തന്നെ ഉപദ്രവിച്ച് അടുത്തേക്ക് മടങ്ങി പോകില്ല എന്ന നിലപാട് ഷഹാന എടുത്തു. തുടർന്ന് ഷഹാനയുടെ അനുവാദമില്ലാതെ ഒന്നര വയസുകാരനായ മകനെ നൗഫൽ എടുത്തുകൊണ്ടു പോവുകയായിരുന്നു. ഇതുണ്ടാക്കിയ മാനസിക സംഘർഷമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചത്. പണത്തോടുള്ള അത്യാർത്തിയും ദുരഭിമാനവും 22 കാരിയുടെ ജീവൻ കവരുകയായിരുന്നു.

ഷഹാനയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് ഷഹനയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. ഭർതൃ മാതാവ് പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഇന്നലെ ഭർതൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ, ഷഹന പോകാൻ തയ്യാറായില്ല. തുടർന്ന് ഭർത്താവ് നൗഫൽ, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയിൽ കയറി കതകടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.