- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തികമായ ഉയർന്ന നിലയിലുള്ള പ്രതികൾ സ്വാധീനത്തിലൂടെ രക്ഷപ്പെടാൻ സാധ്യതയുണ്ട്; ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നുമുണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവവും സ്ത്രീധന പീഡനവുമാണ് മകളുടെ മരണത്തിനു കാരണം; മുഖ്യമന്ത്രിക്ക് പരാതി നൽകി ഷഹാനയുടെ കുടുംബം
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക പരാതി നൽകി സ്ത്രീധന പീഡനം മൂലം ആത്മഹത്യ ചെയ്ത് തിരുവല്ലത്തെ ഷഹാനയുടെ കുടുംബം. സ്ത്രീധന-ശാരീരിക പീഡനത്തെ തുടർന്നാണ് മകളുടെ മരണമെന്ന് പരാതിയിൽ പറയുന്നു. സാമ്പത്തികമായ ഉയർന്ന നിലയിലുള്ള പ്രതികൾ സ്വാധീനത്തിലൂടെ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും കുടുംബം ആരോപിച്ചു. ഷഹാന ഭർതൃവീട്ടിൽ നേരിടേണ്ടി വന്ന ശാരീരിക ഉപദ്രവങ്ങളെ കുറിച്ചു എണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രിക്ക് വീട്ടുകാർ കത്തു നൽകിയിരിക്കുന്നത്.
വിവാഹശേഷം ഭർത്താവ് നൗഫലിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നുമുണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവവും സ്ത്രീധന പീഡനവുമാണ് മകളുടെ മരണത്തിനു കാരണമെന്നു പരാതിയിൽ പറയുന്നു. വിവാഹത്തിന്റെ ആദ്യനാളുകൾ തൊട്ടേ ഭർതൃവീട്ടിൽ പീഡനമായിരുന്നു. ഫോൺ പോലും നൽകിയില്ല. വീട്ടിൽ ഒരു തരത്തിലുമുള്ള സ്വാതന്ത്ര്യവും നൽകിയില്ല. കടിക്കുകയും ചവിട്ടുകയും അടിക്കുകയും ചെയ്തതിനെ തുടർന്ന് മകൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതിനുശേഷം മകളെ സ്വന്തം വീട്ടിലേക്കു കൊണ്ടുവന്നു. ഇതിനുശേഷം ഫോൺ വിളിച്ചാൽ നൗഫൽ ദേഷ്യപ്പെടുകയും തിരക്കിലാണെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുകയായിരുന്നു. ഇത് മകളെ മാനസികമായ ഏറെ തളർത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ''മകൾ ഗർഭിണിയായ സമയത്ത് കുഞ്ഞിനു വൃക്ക സംബന്ധമായ പ്രശ്നമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. കുഞ്ഞിന്റെ ചികിത്സ അധികബാധ്യതയാകുമെന്നു പറഞ്ഞു മകളെ മാനസികമായി പീഡിപ്പിച്ചിരുന്നു. പലതവണ മകളെ ക്രൂരമായി ഉപദ്രവിച്ചു.
മകളുടെ മരണത്തിൽ ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല. സാമ്പത്തികമായി ഉയർന്നനിലയിലുള്ള പ്രതികൾ പലരെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്.' കടക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ നവാസ് എന്ന വ്യക്തി പ്രതികളെ രക്ഷപ്പെടുത്താനുള്ള സഹായം നൽകി. ഇതു മനസിലാക്കിയ തിരുവല്ലം പൊലീസ് എസ്.എച്ച്.ഒ കമ്മിഷണർക്കു തെളിവുകൾ സമർപ്പിക്കുകയും പൊലീസ് ഓഫിസറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള ബാഹ്യ ഇടപെടലുകൾ കാരണം പ്രതികളെ പിടികൂടാൻ സാധിക്കാതെ വരികയാണ്. ഇതിനെതിരെ തക്കതായ നടപടികൾ വേണമെന്നും ഷഹാനയുടെ കുടുംബം ആവശ്യപ്പെട്ടു.
കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. കടക്കൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ നവാസിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഷഹാനയുടെ മരണത്തിൽ ഭർത്താവ് നൗഫലിനെതിരെ ഗാർഹിക പീഡന വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇയാൾ ഒളിവിലാണ്. നൗഫൽ ഉപയോഗിച്ചിരുന്ന ഫോണും കാറും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ഡിസംബർ 26-ന് വൈകിട്ടാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്തൃവീട്ടുകാരുടെ മാനസിക, ശാരീരിക പീഡനമാണ് മരണത്തിന് കാരണമെന്നായിരുന്നു പരാതി. എന്നാൽ, ഷഹാനയുടെ മരണത്തിന് പിന്നാലെ ഭർത്താവ് നൗഫലും ഇയാളുടെ മാതാവും ഒളിവിൽ പോയിരുന്നു. ഇവർക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇവരുടെ ബന്ധുകൂടിയായ നവാസ് പൊലീസിന്റെ നീക്കങ്ങൾ പ്രതികൾക്ക് ചോർത്തി നൽകിയത്.
കേസിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പ്രതികൾക്ക് ചോർത്തി നൽകിയെന്നും പൊലീസിന്റെ ഓരോ നീക്കങ്ങളെ സംബന്ധിച്ചും പ്രതികൾക്ക് കൃത്യമായി അറിവ് ലഭിച്ചിരുന്നെന്നു. പൊലീസ് ഇവരെ പിന്തുടരുന്നതിന്റെ കൃത്യമായ വിവരങ്ങളാണ് നവാസ് പ്രതികൾക്ക് ചോർത്തി നൽകിയത്. തുടർന്നാണ് ഈ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തതും.
മറുനാടന് മലയാളി ബ്യൂറോ