- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യാ കുറിപ്പിൽ ഒന്നുമില്ലെന്ന് ആദ്യം പറഞ്ഞ പൊലീസ്; വീട്ടുകാരുടെ മൊഴിയിലെ 'സ്ത്രീധന പീഡനവും' മറച്ചു വച്ചു; 150 പവനും 15 ഏക്കറും ബിഎംഡബ്ല്യൂ കാറും ചോദിച്ച ക്രൂരത അന്വേഷകർക്ക് അംഗീകരിക്കേണ്ടി വന്നതും മാധ്യമ ജാഗ്രതയിൽ; ഒടുവിൽ ഡോ റുവൈസിനെ സാമൂഹിക വിപത്തെന്ന് സമ്മതിച്ച് പൊലീസ്; അച്ഛനും അറസ്റ്റിലായേക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോക്ടർ റുവൈസ് ജയിലിലാകുമ്പോൾ പുറത്തു വരുന്നതും അന്വേഷണം അട്ടിമറിക്കാൻ തുടക്കത്തിൽ നടന്ന നീക്കം. ആത്മഹത്യ കുറിപ്പിൽ ആരുടേയും പേരില്ലെന്നായിരുന്നു പൊലീസ് പുറത്തു പറഞ്ഞിരുന്നത്. തെളവില്ലാത്ത കേസാണിതെന്നും വിശദീകരിച്ചു. എന്നാൽ ആത്മഹത്യാ കുറിപ്പിൽ റുവൈസിന്റെ പേരുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. റുവൈസിന്റെ അച്ഛനെതിരേയും ആരോപണമുണ്ട്. അച്ഛനാണ് സ്ത്രീധനത്തിന് സമ്മർദ്ദം ചെലുത്തിയത്. എന്നിട്ടും അച്ഛനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന് പിന്നിലും ഉന്നത സ്വാധീനമുണ്ടെന്നാണ് സൂചന.
കൊല്ലത്ത് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയപ്പോൾ മാധ്യമങ്ങൾ എടുത്ത ജാഗ്രത അതിനിർണ്ണായകമാണ്. അതുകൊണ്ടാണ് ആ കുട്ടിയെ തട്ടിക്കൊണ്ടു പോയവർക്ക് ആശ്രാമം മൈതാനത്തിൽ ഉപേക്ഷിക്കേണ്ടി വന്നത്. കുട്ടിയുടെ അച്ഛനെ പ്രതിയാക്കി കഥയുണ്ടാക്കാനുള്ള ശ്രമവും മാധ്യമ ഇടപെടലുകൾ കാരണം നടക്കാതെ പോയി. അതിന് ശേഷം ഷഹ്നയുടെ ആത്മഹത്യയിലും മാധ്യമങ്ങൾ കരുതൽ കാട്ടി. സ്ത്രീധന പീഡനത്തിലെ ആത്മഹത്യയിൽ വസ്തുതകൾ പുറത്തു കൊണ്ടു വന്നു. ഇതോടെ വിഷയം പൊതു ജനമധ്യത്തിലെത്തി. ഇതോടെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ടു. അങ്ങനെ റുവൈസ് അറസ്റ്റിലാവുകയായിരുന്നു. മാധ്യമങ്ങളുടെ ജാഗ്രത കൊണ്ടു മാത്രമാണ് ഇത് സംഭവിച്ചത്.
സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹ്നയുടെ മരണകാരണ മെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്റെ വക്താവാണ് ഡോ. റുവൈസെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഒ പി ടിക്കറ്റിന്റെ പുറക് വശത്താണ് ഷഹ്ന റുവൈസിനെക്കുറിച്ച് എഴുതിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്. റുവൈസിനെ കസ്റ്റഡിൽ വാങ്ങാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാനാണ് അപേക്ഷ സമർപ്പിക്കുക. കേസിന്റെ കുറ്റപത്രം സമയബന്ധിതമായി നൽകാനാണ് പൊലിസിന്റെ തീരുമാനം. ഇതിനായി തെളിവെടുപ്പുകൾക്കായാണ് റൂവൈസിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.
റുവൈസിന്റെ മൊബൈൽ പൊലീസ് കസ്റ്റഡിയിലെടുത്ത് സൈബർസെൽ പരിശോധനയ്ക്കയച്ചു. പ്രധാനതെളിവായ ചാറ്റിന്റെ വിവരങ്ങൾ ഡിലീറ്റു ചെയ്ത നിലയിലാണ് ഫോൺ പൊലീസിന് ലഭിച്ചത്. എന്നാൽ, ഷഹ്നയുടെ ഫോണിൽനിന്ന് റുവൈസുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പി.ജി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുസ്ഥാനത്തുനിന്ന് റുവൈസിനെ നീക്കിയിരുന്നു. റുവൈസിന്റെ പിതാവിനെതിരേയും നടപടിയുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഒന്നര കിലോ സ്വർണ്ണവും ഏക്കർകണക്കിന് ഭൂമിയും ആവശ്യപ്പെട്ടാൽ നൽകാൻ തനിക്കില്ലെന്നാണ് ഒ പി ടിക്കറ്റിന്റെ പുറകിൽ ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ എന്നും ഞാൻ വഞ്ചിക്കപ്പെട്ടു എന്നും ഷഹ്ന ഒ പി ടിക്കറ്റിൽ കുറിച്ചിരുന്നു. ഒ പി ടിക്കറ്റിന്റെ പുറകിൽ ഷഹ്ന എഴുതിയആത്മഹത്യകുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാതലത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തതെന്നും കത്തിൽ റുവൈസിന്റെ പേരുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചയോടെ കൊല്ലത്തെ വീട്ടിൽ നിന്നാണ് റുവൈസിനെ പിടികൂടിയത്. റുവൈസിന്റെ ഫോണിലെ മെസെജുകൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഷഹ്നക്ക് അയച്ച മെസേജുകളാണ് മായ്ച്ചുകളഞ്ഞിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഈ സന്ദേശങ്ങൾ വീണ്ടെടുക്കാൻ ഫോൺ സൈബർ പരിശോധനയക്ക് അയച്ചിട്ടുണ്ട്. റുവൈസും ഷഹ്നയും തമ്മിലുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നു. പക്ഷെ ഭീമമായ സ്ത്രീധനം ചോദിച്ച് റുവൈസ് ഷഹ്നയെ സമ്മർദ്ദത്തിലാക്കി. കടുത്ത മാനസികസമർദ്ദത്തിലായ ഷഹ്ന അത് താങ്ങാനാകാതെ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തൽ.
അതേസമയം ഷെഹ്നയുടെ മരണത്തിന് പിന്നാലെ റുവൈസിനുള്ള പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം മെഡിക്കൽ കോളേജ് പൊലീസ് വ്യക്തമാക്കിയിരുന്നില്ല. ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചിരുന്നു. പിന്നീട് ഷഹ്നയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയ്യാറായത്. പി ജി ഡോക്ടർമാരുടെ സംഘടനയായ കെ എം പി ജി എയുടെ സംസ്ഥാന പ്രസിഡൻരായിരുന്നു റുവൈസ്. സംഘടന റുവൈസിനെ പുറത്താക്കിയിട്ടുണ്ട്.
സ്ത്രീധനനിരോധന നിയമം, ആത്മഹത്യപ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് ജാമ്യമില്ലാവകുപ്പുപ്രകാരം പൊലീസ് കേസെടുത്തത്. ആത്മഹത്യപ്രേരണക്കുറ്റത്തിന് പത്തുവർഷംവരെ തടവുശിക്ഷലഭിക്കാം. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കാതറിൻ തെരേസ ജോർജാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഒളിവിൽപ്പോകാൻ സാധ്യതയുണ്ടെന്നും മുൻകൂർജാമ്യാപേക്ഷയ്ക്ക് റുവൈസ് ശ്രമിക്കുകയാണെന്നുമുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തതും അറസ്റ്റുനടപടികളിലേക്കുപോയതും.
റുവൈസിനെതിരേ ഷഹ്നയുടെ മാതാവിന്റെയും സഹോദരിയുടെയും സഹോദരന്റെയും മൊഴികളെ തുടർന്നാണ് വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റുചെയ്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു പറഞ്ഞു. അറസ്റ്റിലായതോടെ ഓർത്തോവിഭാഗം പി.ജി. ഡോക്ടറായ റുവൈസിനെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. മെഡിക്കൽ പി.ജി. വിദ്യാർത്ഥിനിയും വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജമീലയുടെയും മകളുമായ ഷഹ്ന(27)യെ തിങ്കളാഴ്ച രാത്രിയോടെയാണ് ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ