- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹ്ന അയച്ച സന്ദേശം റൂവൈസ് ഡിലീറ്റ് ചെയ്തു; ആ തെളിവ് ഷഹ്നയുടെ ഫോണിൽ; റൂവൈസും ബന്ധുക്കളും സ്വർണത്തിനും പണത്തിനു വേണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ആത്മഹത്യ കുറിപ്പിലും വ്യക്തം; അതിവേഗ ശിക്ഷ ഉറപ്പ്; കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ ഡോ റുവൈസിനുള്ള പങ്ക് ശാസ്ത്രീയമായി തെളിയിക്കാനാകുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം. അതിവേഗം കുറ്റപത്രം നൽകും. വിചാരണയും വേഗത്തിൽ തന്നെ നടത്തും. എത്രയും വേഗം റുവൈസിന് ശിക്ഷ ഉറപ്പാക്കാനാണ് നീക്കം. അതിനിടെ കേസിൽ നിർണ്ണായക മൊഴിയും സൂചനകളും പൊലീസിന് ലഭിച്ചു.
ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ.റുവൈസിന് വാട്‌സ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കി. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്‌ളാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.
അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹ്ന അയച്ച സന്ദേശം റൂവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹ്ന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹ്നയുടെ മൊബൈലിൽ നിന്നും തെളിവുകൾ പൊലീസിന് ലഭിച്ചു. റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് തീരുമാനം. അച്ഛൻ പ്രതിയാകും. എന്നാൽ അമ്മയെ പ്രതിയാക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ല.
റൂവൈസും ബന്ധുക്കളും സ്വർണത്തിനും പണത്തിനു വേണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ഷെഹ്നയുടെ ആത്മഹത്യ കുറിപ്പിലും വ്യക്തമാണ്. അത് കേസിൽ നിർണ്ണായക തെളിവായി മാറും. റുവൈസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതും നിർണ്ണായകമാകും. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹ്നയുടെ വീട്ടിലേക്കും ഷഹ്നയുടെ ബന്ധുക്കൾ റൂവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉൾപ്പെടെ ചർച്ച നടത്തി. അവസാന നിമിഷമാണ് റൂവൈസും ബന്ധുക്കളും പിന്മാറിയത്. വിവാഹത്തിനായി ഷഹനയുടെ വീട് പെയിന്റ് അടിച്ച് മോടികൂട്ടിയിരുന്നു.
റുവൈസിന്റെയും ഷഹ്നയുടെയും മൊബൈൽ ഫോണുകൾ ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്കു കൈമാറി. വെഞ്ഞാറമൂട് സ്വദേശിനി ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളജിനു സമീപത്തെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റുവൈസിനെ സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയുമാണ് പ്രതിയാക്കിയിട്ടുള്ളത്. വൻ സ്ത്രീധനം ചോദിച്ചതിൽ റുവൈസിന്റെ കുടുംബത്തിനും പങ്കുണ്ടെന്നാണു പൊലീസ് നിഗമനം. റുവൈസിന്റെ പിതാവിനെ തിരഞ്ഞ് കരുനാഗപ്പള്ളിയിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അവിടെയില്ലായിരുന്നു.
അറസ്റ്റിലായ ഡോ. റുവൈസിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ (ഐഎം എ) നിന്നു സസ്‌പെൻഡ് ചെയ്തു. ഇത്തരം അധാർമികതകൾക്കെതിരെ അംഗങ്ങളെ ബോധവൽക്കരിക്കാൻ ഐഎംഎ മുൻകൈ എടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ