കൊച്ചി: കറുകപ്പിള്ളിയിൽ ഒരു മാസമായ ആൺകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞപ്പോൾ അമ്മയും സുഹൃത്തും അറസ്റ്റിലായത് കുറ്റസമ്മതത്തിന് ശേഷം. ചേർത്തല എഴുപുന്ന സ്വദേശിനിയും സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പി.പി. ഷാനിഫ് (25) എന്നിവരെയാണ് എളമക്കര പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഒരുമിച്ചുള്ള ജീവിതത്തിന് തടസ്സമാകുമെന്നു കരുതിയാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലയിൽ പങ്കില്ലെന്ന അമ്മയുടെ വാദവും പൊലീസ് അംഗീകരിക്കില്ല. കുട്ടിയെ കൊല്ലാനാണ് ഇരുവരും ചേർന്ന് കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തത്.

ആദ്യ കാമുകനിൽ നിന്ന് ആറുമാസം ഗർഭിണിയായിരിക്കെയാണ് ലീവിങ് ടുഗദർ പങ്കാളിയും കേസിലെ ഒന്നാം പ്രതിയുമായ കണ്ണൂർ സ്വദേശി ഷാനിഫുമായി പ്രണയത്തിലായതെന്ന് പൊലീസ്. വിവിധ സ്ഥലങ്ങളിൽ ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി ഫേസ്‌ബുക്ക് വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. ഇരുവരും പിരിയാനാകാത്തവിധം അടുത്തതോടെ യുവതി ആദ്യകാമുകനെ തന്ത്രപൂർവ്വം ഒഴിവാക്കി. യുവതിക്കൊപ്പം കഴിയാനാണ് ബംഗളൂരുവിൽ ജ്യൂസ് കട നടത്തിയിരുന്ന ഷാനിഫ് ആലപ്പുഴയിൽ എത്തിയത്. പ്രസവാവശ്യത്തിന് അശ്വതിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും ഷാനിഫായിരുന്നു. കുട്ടിയുണ്ടായി ഒന്നരമാസം ആലപ്പുഴയിൽ താമസിച്ച ഇരുവരും കഴിഞ്ഞ വെള്ളിയാഴ്ചയാണ് എറണാകുളം കറുകപ്പള്ളിയിൽ എത്തിയത്.

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാവായിരുന്നു യുവതിയുടെ ആദ്യ കാമുകൻ. മകളുടെ പ്രണയത്തെക്കുറിച്ച് അറിയാവുന്ന വീട്ടുകാർ ഇരുവരുടെയും ആഗ്രഹപ്രകാരം വിവാഹ നിശ്ചയം നടത്തി. തൊട്ടുപിന്നാലെ കാമുകൻ കഞ്ചാവ് കേസിൽ പിടിയിലായതോടെ യുവതിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് കാമുകനൊപ്പം യുവതിഒളിച്ചോടി. ഗർഭിണിയുമായി. ഇതോടെ വീട്ടുകാർ മകളെ കണ്ടില്ലെന്ന് നടിച്ചു. എങ്കിലും അമ്മ ഫോണിലൂടെ ബന്ധം നിലനിർത്തിയിരുന്നു. ഇതിനിടെയാണ് ചോരക്കുഞ്ഞിന്റെ കൊല വാർത്തയായി എത്തുന്നത്.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്. അതിന് ശേഷമായിരുന്നു അറസ്റ്റ്. അതിക്രൂരമായിട്ടാണ് ലോഡ്ജ് മുറിയിൽവെച്ച് കുഞ്ഞിനെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാൽമുട്ടിൽ ഇടിച്ചു. ഇതോടെ തലയോട്ടി പൊട്ടി. മുൻപുണ്ടായ മർദനത്തിൽ കുഞ്ഞിന്റെ വാരിയെല്ലും ഒടിഞ്ഞു. യുവതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഒഴിവാക്കാൻ ഷാനിഫ് നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി നിരന്തരം മർദിച്ചിരുന്നു. സ്വാഭാവിക മരണമാക്കി തീർക്കുകയായിരുന്നു ലക്ഷ്യം. ഇതെല്ലാം അമ്മയ്ക്കും അറിയാമായിരുന്നു.

കുഞ്ഞ് മരിച്ചെന്ന് ഉറപ്പിക്കാൻ ഷാനിഫ് രണ്ട് തവണ കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു. രാവിലെ 7.51-ന് ലോഡ്ജിലെ മുറിയൊഴിഞ്ഞു. അബോധാവസ്ഥയിലായ കുഞ്ഞുമായി രാവിലെ എട്ടരയോടെ ഇവർ ജനറൽ ആശുപത്രിയിലെത്തി. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ ആശുപത്രിയിൽ കൊണ്ടുവന്നതാണെന്നുമാണ് ഡോക്ടർമാരോടു പറഞ്ഞത്. എന്നാൽ സത്യം ഡോക്ടർമാർ തിരിച്ചറിഞ്ഞു. ഇതോടെ പൊലീസ് എത്തി.

പന്തികേടല്ലെന്ന് മനസ്സിലായി ആശുപത്രിയിൽനിന്ന് അമ്മയും സുഹൃത്തും മുങ്ങിയിരുന്നു. ഇവരെ തന്ത്രപൂർവം പൊലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തു. ലോഡ്ജിലെ 109-ാം മുറിയിലായിരുന്നു കൊലപാതകം. പ്രതികളെ ബുധനാഴ്ച ആലുവ പോക്സോ കോടതിയിൽ ഹാജരാക്കും. റിമാൻഡ് ചെയ്യുകയും ചെയ്യും. ഇന്നലെ രാത്രിയാണ് എളമക്കര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാനിഫും യുവതിയും നാലു മാസമായി അടുപ്പത്തിലായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണു പരിചയപ്പെട്ടത്. ഒന്നിച്ചു താമസിച്ചിരുന്ന ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. താനുമായി പരിചയപ്പെടുമ്പോൾ, മറ്റൊരു ബന്ധത്തിൽ നിന്ന് യുവതി ഗർഭിണിയായിരുന്നുവെന്നാണു ഷാനിഫ് പൊലീസിനോടു പറഞ്ഞത്.

പാൽ കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങിപ്പോയെന്നും ഉറക്കമുണർന്നപ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നുമാണ് അമ്മ ആദ്യം മൊഴി നൽകിയതെങ്കിലും കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞ് കയ്യിൽ നിന്നു വീണതാണെന്നും ഷാനിഫ് ഇടയ്ക്കു പറഞ്ഞു. തങ്ങളുടെ ജീവിതത്തിനു തടസ്സമാണ് കുഞ്ഞ് എന്നു കരുതി അതിനെ ഷാനിഫ് അപായപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷകരുടെ നിഗമനം. യുവതിയെ മതംമാറ്റി കൂടെ താമസിപ്പിക്കാനായിരുന്നു ഷാനിഫിന്റെ പദ്ധതി.