- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളനാശിനി കലർത്തിയ കഷായത്തിന്റെ കുപ്പിയെപ്പറ്റിയുള്ള മൊഴി കുരുക്കായി; സ്റ്റിക്കർ ഇളക്കിമാറ്റി ആക്രിക്കാരന് അമ്മ കൊടുത്തെന്ന് ആദ്യമൊഴി; പിന്നീട് മാറ്റിപ്പറഞ്ഞ് ഗ്രീഷ്മ; തെളിവ് നശിപ്പിച്ചതിന് പിന്നിലെ അമ്മയുടെയും അമ്മാവന്റെയും അതിബുദ്ധി പൊളിച്ച് അന്വേഷണ സംഘം; ഷാരോൺ കൊലക്കേസിൽ ഇരുവരും പ്രതികൾ; അച്ഛനെയും ബന്ധുവിനെയും ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതി ചേർത്ത് അന്വേഷണ സംഘം. അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവർ പൊലീസിന്റെ കസ്റ്റഡിയിൽ ആണ്. തെളിവു നശിപ്പിക്കാൻ ഇവർ കൂട്ടുനിന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇരുവരുടേയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. കൊലപാതകത്തിൽ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ഇരുവരും ചേർന്നാണ് നശിപ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഷാരോണിന്റെ മരണമറിഞ്ഞതോടെ ഇരുവർക്കും ഗ്രീഷ്മയെ സംശയമായി.തുടർന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു.
ഗ്രീഷ്മയിലേക്ക് സംശയത്തിന്റെ നിഴൽ വീണപ്പോഴെ കഷായത്തിന്റെ കുപ്പിയെ ചൊല്ലിയുള്ള മൊഴികൾ പൊലീസ് കൃത്യമായി അവലോകനം ചെയ്തിരുന്നു. ഷാരോണിന് കഷായം നൽകിയ കുപ്പി വീട്ടിൽ ഇല്ലെന്നും അത് സ്റ്റിക്കർ ഇളക്കിമാറ്റി കഴുകി വൃത്തിയാക്കി അമ്മ ആക്രിക്കാരന് കൊടുത്തുവെന്നുമായിരുന്നു ഗ്രീഷ്മ ആദ്യം നൽകിയിരുന്ന മൊഴി.
പിന്നീട് മറ്റൊരു കുപ്പിയിലാണ് കഷായം ഒഴിച്ച് വെച്ചതെന്നും മൊഴിമാറ്റി.അമ്മയാണ് തനിക്ക് മരുന്നു തരുന്നതെന്നും മരുന്നിന്റെ പേര് അറിയില്ലെന്നും പറഞ്ഞ് മനഃപൂർവം ഒഴിഞ്ഞുമാറി.ഇതും ഗ്രീഷ്മയുടെ വീട്ടുകാരെ സംശയിക്കുന്നതിന് കാരണമായി.
ഗ്രീഷ്മ ഒറ്റയ്ക്കല്ല ഇതു ചെയ്തതെന്നും വീട്ടുകാർക്ക് പങ്കുണ്ടെന്നുമായിരുന്നു ആദ്യം മുതൽ ഷാരോണിന്റെ കുടുംബത്തിന്റെ നിലപാട്. പാറശാല പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം ആ രീതിയിൽ അന്വേഷണം നടന്നിരുന്നില്ല. ആരോപണങ്ങളെ പാടെ നിഷേധിക്കുന്ന നിലപാടായിരുന്നു ലോക്കൽ പൊലീസിന്റേത്. ഷാരോൺ മരിച്ച് ആറാം ദിവസമാണ് വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ സമ്മതിച്ചത്.
ബന്ധത്തിൽനിന്നു പിന്മാറാൻ മകൻ തയാറായിരുന്നു എന്നാൽ ഗ്രീഷ്മ വിളിച്ചുകൊണ്ടുപോയതാണെന്ന് പിതാവ് ജയരാജ് പറഞ്ഞിരുന്നു. താൻ ഒറ്റയ്ക്ക് കുടുംബത്തിലെ ആരും അറിയാതെ ചെയ്ത കുറ്റകൃത്യമാണിതെന്ന നിലപാടാണ് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ എടുത്തിരുന്നത്. ഇനി പൊലീസ് കസ്റ്റഡിയിൽ ഗ്രീഷ്മയുടെ അച്ഛനും ബന്ധു പ്രിയദർശിനിയും ഉണ്ട്. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽപ്പേർ പ്രതികളാകുമോ എന്ന് അറിയാൻ കഴിയൂ.
ഷാരോണിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഗ്രീഷ്മയെ ഇന്ന് വൈകിട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കസ്റ്റഡിയിലിരിക്കേ ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുന്നത് അടക്കം നിർണ്ണായക നീക്കങ്ങളിലാണ് പൊലീസ്.
നെടുമങ്ങാട് ഡി വൈ എസ് പി ഓഫീസിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ എസ് പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് അടക്കം തുടർ നടപടികളും പ്രതീക്ഷിച്ചിരിക്കെയായിരുന്നു നാടകീയ സംഭങ്ങൾ. സുരക്ഷക്ക് നാല് പൊലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡി വൈ എസ് പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്.
സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പൊലീസുകാർ ഗ്രീഷ്മയെ കൊണ്ടുപോയത് സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്ക്. അവിടെ വച്ചായിരുന്നു ആത്മഹത്യാശ്രമം. പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ ഛർദ്ദിച്ച ഗ്രീഷ്മയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാരായ നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെ സസ്പെൻഡ് ചെയ്തു.
അതേസമയം വീട്ടിൽ നിന്നും താലി കെട്ടിയ ശേഷമുള്ള ഷാരോണിന്റെയും ഗ്രീഷ്മയുടെയും വീഡിയോ പുറത്തുവന്നു. ഷാരോണിന്റെ കുടുംബം വീഡിയോ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഷാരോൺ ഗ്രീഷ്മയെ താലികെട്ടിയതിന് തെളിവ് ഇല്ലെന്ന് പൊലീസ് സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെ ഇതിന് വീഡിയോ തെളിവുണ്ടെന്ന് ഷരോണിന്റെ കുടുംബം പറഞ്ഞിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ