കോഴിക്കോട്: ഒരു ത്രില്ലർ സിനിമയുടെ പോലെയാണ് കേരളത്തിൽ ട്രെയിനിൽ ആക്രമണം നടത്തിയ ശേഷം ഡൽഹി സ്വദേശി ഷാരൂഖ് സെയ്ഫി നാടുവിട്ടു പോയതിന്റെ കഥ. കേരളത്തെ കുറിച്ചു കേട്ടറിവുമാത്രമാണ് ഉണ്ടായിരുന്നതെന്നം ആദ്യമായി എത്തിയപ്പോൾ ആക്രമണം നടത്തിയെന്നുമാണ് ഇയാളുടെ പക്ഷം. എന്നാൽ, ഇതിന് പിന്നിലെ വാസ്തവം എന്താണെന്ന് ഇനിയും പുറത്തുവരേണ്ടതുണ്ട്.

കേരളത്തെക്കുറിച്ച് കേട്ടറിവു മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനിൽ തീ വെക്കാനുള്ള ആലോചനയും കുറ്റകൃത്യം നടപ്പാക്കിയതും ഒറ്റയ്ക്കാണെന്നും ഷാറൂഖ് സെയ്ഫി പൊലീസിൽ മൊഴി നവൽകിയിട്ടഉണ്ട്. ആക്രമണം നടത്തിയത് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല. അതേസമയം ഷാറൂഖ് സെയ്ഫിയുടെ മൊഴി പലതും കളവാണെന്നാണ് പൊലീസിന്റെ നിഗമനം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഒന്നാം പ്ലാറ്റ്ഫോമിൽ പൊലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നുവെന്ന് സെയ്ഫി പറഞ്ഞു. ഇതേത്തുടർന്ന് താൻ ഒളിച്ചിരുന്നു. കണ്മൂരിൽ നിന്നും രക്ഷപ്പെട്ടത് മരുസാഗർ എക്സ്പ്രസിലാണ്. ടിക്കറ്റെടുക്കാതെ ട്രെയിനിൽ ജനറൽ കംപാർട്ടുമെന്റിലാണ് രത്നഗിരിയിലേക്ക് പോയതെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.

ജനറൽ കംപാർട്ട്മെന്റിൽ മുഖം മറച്ചാണ് ഇരുന്നത്. മറ്റു യാത്രക്കാർ ശ്രദ്ധിച്ചപ്പോൾ മറ്റു ബോഗികളിലേക്ക് മാറി യാത്ര തുടർന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ട്രാക്കിൽ നിന്നും കണ്ടെടുത്ത ബാഗിലുണ്ടായിരുന്ന ബുക്കിൽ എഴുതിയിരുന്നത് ലക്ഷ്യമിട്ട റെയിൽവേ സ്റ്റേഷനുകളെപ്പറ്റിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതേസമയം അക്രമി എലത്തൂരിൽ ഉപേക്ഷിച്ചതെന്നു കരുതുന്ന ബാഗും വസ്തുക്കളും മൊബൈൽ ഫോണും നോട്ടുബുക്കും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഷാരൂഖ് ഉപയോഗിച്ചിരുന്ന ഫോണിൽ രണ്ട് സിംകാർഡുകളുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസിന് വിവരംകിട്ടുയതോടെയാണ് അന്വേഷണത്തിൽ വഴിത്തിവിരായത്. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപം പാളത്തിൽ ബോധമില്ലാത്ത നിലയിൽ ഷാരൂഖിനെ കണ്ടെത്തിയിരുന്നു. എന്നാൽ, ഇയാൾ ആരാണെന്ന് അറിയാതെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയാണ് ഉണ്ടായത്.

പരിക്ക് മാരകമായതിനാൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ചശേഷം ഇയാൾ രക്ഷപ്പെട്ടു. പിന്നീട് ഒരു ട്രക്കിന്റെ പിന്നിൽ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുകയാണ് ഉണ്ടായത്. ഇതുകണ്ട പൊലീസും നാട്ടുകാരും താഴെയിറക്കി രത്നഗിരി ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതിന് ശേഷം തിങ്കളാഴ്ച രാത്രി രത്നഗിരിയിൽവെച്ച് ഷാരൂഖിന്റെ ഫോൺ പ്രവർത്തനക്ഷമമായത് ഇന്റലിജൻസ് കണ്ടെത്തുന്നു. ഷാരൂഖ് ചികിത്സയിലായിരുന്ന ജില്ലാ ആശുപത്രിയായിരുന്നു ലൊക്കേഷൻ. ഈ വിവരം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന് (എ.ടി.എസ്.) കൈമാറി.

എ.ടി.എസ്. എത്തിയപ്പേഴേക്കും ഷാരൂഖ് ആശുപത്രിയിൽനിന്ന് കടന്നു. പൊലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കി രത്നഗിരി കടപ്പുറത്ത് ചൊവ്വാഴ്ച രാത്രി വൈകുവോളം ചുറ്റിക്കറങ്ങിയ ശേഷം ഷാരൂഖ് വീണ്ടും റെയിൽവേ സ്‌റ്റേഷനിൽ എത്തി. റെയിൽവേ സ്റ്റേഷനു പുറത്തുള്ള ശൗചാലത്തിനു സമീപം ഉറങ്ങുകയായിരുന്നു. ഇവിടെ നിന്നുമാണ് ഷാരൂഖിനെ കസ്റ്റഡിയിൽ എടുത്തത്.

രാത്രി 12 മണിക്ക് ശേഷം രണ്ട് ആർ.പി.എഫ്. കോൺസ്റ്റബിൾമാർ റോന്തുചുറ്റാനെത്തുന്നു. ഷാരൂഖിനെ തിരിച്ചറിയുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡും 25 പേരര്ങുന്ന പൊലീസ് സംഘവുമെത്തി അറസ്റ്റ് ചെയ്യുന്നു. അതേസമയം പ്രതിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത വരികയുള്ളൂവെന്ന് എഡിജിപി അജിത് കുമാർ പറഞ്ഞു.

മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നും ഇന്നു പുലർച്ചെയോടെയാണ് പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചത്. തുടർന്ന് മാലൂർകുന്ന് പൊലീസ് ക്യാംപിലെത്തിച്ചു. പ്രതിയെ വൈദ്യ പരിശോധനക്കായി കൊണ്ടുപോയിരിക്കയാണ് ഇപ്പോൾ. വിശദമായി തന്നെ ചോദ്യം ചെയ്യൽ വേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിനായി എഡിജിപി എം ആർ അജിത് കുമാർ, ഐജി നീരജ് ഗുപ്ത, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ക്യാംപിലെത്തിയിട്ടുണ്ട്.

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.