കൊച്ചി: എലത്തൂർ ട്രെയിൻ തീവെയ്‌പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി എൻഐഎയ്ക്കെതിരെ ആരോപണവുമായി രംഗത്ത്. കേസുമായി ബന്ധപ്പെട്ട് എൻഐഎ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതി ആരോപിച്ചു.തന്റെ അഭിഭാഷകനോട് സംസാരിക്കാൻ അനുവദിക്കുന്നില്ലായെന്നും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മുൻകൂർ നോട്ടീസ് നൽകാതെ ദിവസങ്ങളോളം ചോദ്യം എൻഐഎ ചെയ്യുകയാണെന്നും ഷാരൂഖ് സെയ്ഫി ആരോപണം ഉയർത്തി. അഭിഭാഷകനോട് സ്വതന്ത്രമായി സംസാരിക്കണമെന്ന ആവശ്യം കൊച്ചി എൻ.ഐ.എ കോടതി തള്ളി.

എൻ.ഐ.എ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകരുമായി സംസാരിക്കണമെന്ന ആവശ്യമുൾപ്പെടെ കോടതി അംഗീകരിച്ചില്ല. ഗുരുതര ആരോപണങ്ങളാണ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഷാരൂഖ് സെയ്ഫി ഉന്നയിച്ചത്. നോട്ടീസിലാതെ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദിവസങ്ങളോളം എൻ.ഐ.എ ചോദ്യം ചെയ്തുവെന്നും ഉദ്യോഗസ്ഥരുടെ പീഡനം കാരണമാണ് സുഹൃത്തിന്റെ പിതാവ് ജീവനൊടുക്കിയതെന്നും ഷാരൂഖ് അപേക്ഷയിൽ കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഷാരൂഖിന്റെ സുഹൃത്ത് മുഹമ്മദ് മോനിസിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മോനിസിനൊപ്പം പിതാവ് മുഹമ്മദ് റഫീഖും എത്തിയിരുന്നു. പിന്നാലെ, റഫീഖിനെ എറണാകുളത്തെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഷാരൂഖ് കോടതിയെ സമീപിച്ചത്.

ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിക്കണണെന്നും അപേക്ഷിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല. ഇയാൾക്ക് ബുദ്ധിഭ്രമം ഉള്ളതായി തോന്നിയെന്നും പിതാവുമായി സംസാരിച്ചപ്പോൾ 3 വർഷം മുൻപു ബുദ്ധിഭ്രമത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായും പിതാവ് വ്യക്തമാക്കിയതാണ് അഭിഭാഷകൻ പറയുന്നത്. അതേസമയം, അടുത്ത തവണ വിഡിയോ കോൺഫറസ് ഒഴിവാക്കി കോടതിയിൽ നേരിട്ടു ഹാജരാക്കണമെന്നുമാണ് അഭിഭാഷകൻ ഉന്നയിക്കുന്നത്.

ഈ മാസം 27 വരെയാണ് ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഷാരൂഖ് സെയ്ഫിയെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് കഴിഞ്ഞ റിമാൻഡ് കാലാവധി അവസാനിച്ചപ്പോൾ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.